റിയാന്നക്കെതിരെ കോപ്പിയടി ആരോപണം

ബർബേഡിയൻ പോപ്പ് ഗായിക റിയാന്നക്കെതിരെ കോപ്പിയടി ആരോപണവുമായി എത്തിയിരിക്കുകയാണ് ഹ്യൂസ്റ്റൺ ഗായിക ജെസ്റ്റ് ബ്രിട്ടാനി. ബ്രിട്ടാനിയുടെ ബെറ്റ ഹാവ് മൈ മണി കോപ്പിയടിച്ചാണ് റിയാന്ന ബിച്ച് ബെറ്റർ ഹാവ് മൈ മണി പുറത്തിറക്കിയത് എന്നാണ് ഗായികയുടെ ആരോപണം. കഴിഞ്ഞ മാസം റിയാന്ന പുറത്തിറക്കിയ ഗാനം, ഒമ്പത് മാസങ്ങൾക്ക്മുമ്പ് താൻ പുറത്തിറക്കിയ ഗാനത്തിന്റെ വരികൾ മോഷ്ടിച്ചതാണെന്നാണ് ബ്രിട്ടാനി ആരോപിക്കുന്നത്. റിയാന്നക്കെതിരെ വന്ന ആരോപണത്തിനോട് താരത്തിന്റെ വക്താക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. റിയാന്നയുടെ പേരിടാത്ത ആൽബത്തിലെ രണ്ടാമത്തെ ഗാനമാണ് ബിച്ച് ബെറ്റർ ഹാവ് മൈ മണി.

റിയാന്ന തന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബത്തിലെ ആദ്യഗാനം ഫോർ ഫൈവ് സെക്കന്റ്സ് പുറത്തിറക്കിയത് അടുത്തിടെയാണ്. പോൾ മെക്കാർട്ടിനിയും കാനിയേ വെസ്റ്റും റിയാന്നയും ഒന്നിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 13 കോടി ആളുകൾ ഗാനം യുട്യൂബിലൂടെ കണ്ടുകഴിഞ്ഞു.

ലോകത്ത് ഏറ്റവും അധികം ഗാനങ്ങൾ വിറ്റ പാട്ടുകാരിൽ ഒരാളാണ് റിയാന്ന. റിയാന്നയുടെ 15 കോടി ഗാനങ്ങളാണ് ലോകത്താകമാനം വിറ്റ് പോയിട്ടുള്ളത്. ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, എട്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 22 ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ റിയാന്നയെ തേടി എത്തിയിട്ടുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ സ്പോട്ടിഫൈ പുറത്തുവിട്ട കണക്കു പ്രകാരം തുടർച്ചയായ മൂന്നാം വർഷവും സ്പോട്ടിഫൈയിൽ ഏറ്റവും അധികം പ്രാവശ്യം തിരഞ്ഞ കലാകാരി റിയാന്ന ആയിരുന്നു. 2012ൽ ഫോബ്സ് മാസിക ലോകത്തെ ഏറ്റവും കരുത്തുറ്റ സെലിബ്രിറ്റിയായും ടൈം മാസിക ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളിൽ ഒരാളായും റിയാന്നയെ തിരഞ്ഞെടുത്തിട്ടുണ്ട്.