കടലിന്റെ ആഴവുമായ് വീണ്ടും എസ്.ജാനകി

ആഴകടലിന്റെ സ്നേഹമാധൂര്യം മുത്തശ്ശികഥയിലൂടെ പാടി തന്ന എസ്.ജാനകി വീണ്ടും പുതിയൊരു ഗാനവുമായി മലയാളി മനസ് കീഴടക്കുവാനെത്തുന്നു. ‘കടലേ അലകടലേ കനിവിൻ ആഴമേ.....എന്ന പുതിയ ഗാനവും കടലിന്റെ പശ്ചാത്തലത്തിലുള്ളതാണ്. കനിവിന്റെ ആഴവും കടലിന്റെ അലകളും േവദനയുടെ വികാരങ്ങളാണെന്ന് തന്റെ കവിതയിലൂടെ കുറിച്ചിട്ടത് വയലാർ ശരത് ചന്ദ്രവർമ്മ. നവാഗതനായ കെ.എസ്. ബിനു ആനന്ദാണ് തത്ത്വചിന്ത പരിവേഷമുള്ള ഗാനത്തിനു സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചെന്നൈ ആന്റണി സ്റ്റുഡിയോയിലാണ് ഗാനം റെക്കോഡ് െചയ്തത്. ‘പഴമൊഴിയുടെ ചൂണ്ടകളോടെ കടലരികിലേ...’ എന്ന മറ്റൊരു ഗാനത്തിൽ എസ് ജാനകിയ്ക്കൊപ്പം പാടുന്നത് എം ജി ശ്രീകുമാറും സംഘവുമാണ്. ഗാനത്തിന്റെ പല്ലവി സന്ദർഭത്തിനനുസരിച്ച് സ്വരം മാറ്റിയാണ് എസ് ജാനകി പാടിയിട്ടുള്ളത്.

മാനത്ത് പോണേ പൊന്നിന്റെ തോണി

അന്നത്തെ ചെമ്പൻ കുഞ്ഞിന്റെ തോണി

ചെല്ലെടാ ..വെക്കം അക്കരയ്ക്കു

ചെന്ന് കോളു കാണെടാ

ഹിമുക്രി ക്രിയേഷൻസിന്റെ ബാനറിൽ ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്തത്. എസ് ജാനകിയെ കൂടാതെ കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, ശ്വേത, സുനിൽ പള്ളിപ്പുറം തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ഗാനരചന : വയലാർ ശരത്ചന്ദ്രവർമ്മ

ആലാപനം: എസ് ജാനകി

സംഗീതം: കെ എസ് ബിനു ആനന്ദ്

കടലേ അലകടലേ കനിവിൻ ആഴമേ

കരയിൽ തിരയെഴുതി ചിരിയും തേങ്ങലും

അഴകിൽ ഉണരും അഴലിൽ തളരും

പകൽ ഒരു സ്വപ്ന വഴിയാത്രികൻ

ഇരുൾ ഒരു മൂക സഹയാത്രികൻ

സുഖമലയുന്ന സ്വരഗായകൻ

ശ്രുതിയിടറുന്ന സ്ഥിരനായകൻ

(കടലേ അലകടലേ...)

പുലരിയവൾ വരും കരളിനവൾ തരും

പുഞ്ചിരി ചുണ്ടിലെ കണിമധുരം

പകലൊളി മാഞ്ഞിടും ഇരുളല വന്നിടും

വിണ്ണിലെ മേടയിൽ കരി പടരും

(കടലേ അലകടലേ...)