അപൂർവ്വ സ്വരം

എസ്.ജാനകി

ജാനകിയമ്മയ്ക്ക് ഇന്ന് പിറന്നാൾ. തട്ടുംതടവുമില്ലാതെ ഒഴുകിയകലുന്ന ഒരു പുഴ പോലുള്ള നാദഭംഗികൊണ്ട് സംഗീത ലോകത്തെ വിസ്മയമയിപ്പിക്കുന്ന ഗായികയുടെ എഴുപത്തിയെട്ടാം ജന്മദിനമാണിന്ന്. ഈണം ഏതുയരത്തിലേക്കും സങ്കീർണതയിലേക്കും ഭാവത്തിലേക്കും പൊയ്ക്കോട്ടെ ശക്തമായ സ്വരസാന്നിധ്യമായി കടന്നുചെല്ലുവാൻ ഈ ഗായികയ്ക്കു സാധിക്കും. കുയിൽ നാദമെന്നതു പോലും ഈ ആലാപനത്തിനു നല്‍കാവുന്ന ഏറ്റവും ചെറിയ വിശേഷണം.

1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട്‌ല എന്ന സ്‌ഥലത്താണ് ജാനകിയമ്മയുടെ ജനനം. ചെറുപ്പത്തിലേ ഒപ്പമുണ്ടായിരുന്നു . എവിഎം എന്ന കമ്പനിയാണ് ജാനകിയമ്മയെ സിനിമാ ലോകത്തേക്ക് എത്തിച്ചത്. മൂന്നു വർഷം അവിടെ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലിനോക്കുകയും എ.വി.എം ൽ സിനിമാഗാനങ്ങൾക്ക് ട്രാക്കുപാടാനവസരം കിട്ടിയതും അവരുടെ ജീവിതത്തിലെ വഴിത്തിരിവായി. അവിടെവച്ച് അവ്വറാലി ടി.ചലപതിറാവുവിന്റെ സംഗീതത്തിൽ ഒരു തമിഴ്‌പാട്ടുപാടി. പിന്നീട് നാഗേശ്വരറാവു എന്ന സംഗീതസംവിധായകൻ ജാനകിക്ക് മാതൃഭാഷയായ തെലുങ്കിലും പാടുവാൻ അവസരം നൽകി. പതിനാല് ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ഈ അനശ്വര ഗായിക. അപൂർവ്വമായ സ്വരഭംഗിയും ഹൈപിച്ച് ഗാനങ്ങളെ അനായാസമായി പാടാനുള്ള കഴിവുമാണ് അവരെ കാലാതീതയായ ഗായികയാക്കിയത്.

‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിനുവേണ്ടി ഗാനമാലപിച്ചുകൊണ്ടാണ് ജാനകി മലയാളസിനിമയിലേക്കെത്തുന്നത്. ‘‘ഇരുൾ മൂടുകയോ എൻ വാഴ്വിൻ....’’എന്നതാണ് മലയാളത്തിലെ ആദ്യഗാനം. രാഘവൻ, ദേവരാജൻ, എം.ബി.ശ്രീനിവാസൻ, ദക്ഷിണാമൂർത്തി,അർജുനൻ, ഉമ്മർ, ശ്യാം തുടങ്ങി പ്രതിഭാധനരുടെ ഈണക്കൂട്ടുകളിലെല്ലാം പാടുവാനായി അവർക്ക്. എങ്കിലും ബാബുരാജ് ചിട്ടപ്പെടുത്തിയ പാട്ടുകളാണ് ജാനകിയമ്മയെന്ന ഗായികയെ മലയാളിക്ക് കൂടുതൽ പരിചയപ്പെടുത്തിയത്. അതുപോലെ ഇളയരാജയുടെ സംഗീതത്തിൽ എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പം അവർ പാടിയ പാട്ടുകൾ പാട്ടുലോകത്തെ മാണിക്യമാണ്. എസ്പിബിയുടെ സംഗീത ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വവും ഇവർ തന്നെ. ദക്ഷിണേന്ത്യയിലെ വാനമ്പാടി, ഭാവാലാപനത്തിന്റെ രാജകുമാരി...അങ്ങനെ ഒരുപാടു പറയാം ജാനകിയമ്മയെ കുറിച്ച്.

തുഷാരബിന്ദുക്കളെ.....(ആലിംഗനം), യമുനേ നീയൊഴുകൂ.....(തുലാവർഷം), രാഗേന്ദുകിരണങ്ങൾ....(അവളുടെ രാവുകൾ), സന്ധ്യേ കണ്ണീരിലെന്തേ സന്ധ്യേ....(മദനോൽസവം), തളിരിട്ട കിനാക്കൾ തൻ....(മൂടുപടം), ഓലത്തുമ്പത്തിരുന്നൂയലാടും.....(പപ്പയുടെ സ്വന്തം അപ്പൂസ്), മാൻകിടാവിനെ മാറിലേന്തുന്ന തിങ്കളേ....(ഉദ്യോഗസ്‌ഥ), ഒരു കൊച്ചു സ്വപ്‌നത്തിൻ ചിറകുമായ്.....(തറവാട്ടമ്മ), താമരക്കുമ്പിളല്ലോ മമഹൃദയം.....(അന്വേഷിച്ചു കണ്ടെത്തിയില്ല), ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...(സ്‌ത്രീ), പുലയനാർ മണിയമ്മ....(പ്രസാദം), ഉണരുണരൂ ഉണ്ണിപ്പൂവേ...(അമ്മയെക്കാണാൻ), മഞ്ഞണി പൂനിലാവ്....(നഗരമേ നന്ദി....), ഏറ്റുമാനൂരമ്പലത്തിലെഴുന്നളളത്ത്...(ഓപ്പോൾ), ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന....(ചില്ല്), കേശാദിപാദം തൊഴുന്നേൻ....(പകൽകിനാവ്), കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്.....(ആരൂഡം), കസ്‌തൂരി മാൻകുരുന്നേ....(കാണാമറയത്ത്), മഞ്ഞണിക്കൊമ്പിൽ....(മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), മിഴിയോരം നനഞ്ഞൊഴുകും...( മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), നാഥാ നീ വരും കാലൊച്ച കേട്ടു ഞാൻ...(ചാമരം), ആടിവാ കാറ്റേ പാടിവാ...(കൂടെവിടെ), തേനും വയമ്പും....(തേനും വയമ്പും), ചിച്ചാ ചിച്ചാ....(മഴയെത്തും മുൻപേ), ഉണരൂ വേഗം നീ സുമറാണീ...(മൂടൽമഞ്ഞ്) ആഴക്കടലിന്റെ അങ്ങേക്കരയിൽ(ചാന്തുപൊട്ട്)....അങ്ങനെ എത്രയോ ഗാനങ്ങൾ ജാനകിയമ്മയിലൂടെ നമ്മൾ കേട്ടിരിക്കുന്നു. തെലുങ്കിൽ ‘മൗനപോരാട്ടം’ എന്ന സിനിമയ്‌ക്ക് ജാനകി സംഗീത സംവിധാനം നിർവ്വഹിച്ചു. സിനിമാഗാനങ്ങളോടൊപ്പം ത്യാഗരാജകീർത്തനങ്ങൾ,മീരാഭജൻ തുടങ്ങി നിരവധി ഭക്‌തിഗാനങ്ങളും ജാനകി ആലപിച്ചിട്ടുണ്ട്.

നാലു തവണ ദേശീയ പുരസ്കാരവും 31 പ്രാവശ്യം വിവിധ സംസ്ഥാന സർക്കാരുകളുടെ അവാർഡുകളും ജാനകിയമ്മയെ തേടിയെത്തിയിട്ടുണ്ട്. കലൈമണി പുരസ്‌കാരം, ഹിന്ദിയിലെ സുർസിംഗർ ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്. മദ്രാസ് സർവ്വകലാശാലയുടെ ഹോണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. വെളുത്ത വസ്ത്രങ്ങളണിഞ്ഞ് നെറ്റിയിൽ ഭസ്മം പൂശി മനോഹരമായി പുഞ്ചിരിക്കുന്ന ജാനകിയമ്മ ലാളിത്യത്തിന്റെ ആൾരൂപമാണ്. ആ സ്വരത്തിലുള്ള ഒരു പാട്ടുകേട്ടാൽ പിന്നീടൊരിക്കലും മനസിൽ നിന്നിറങ്ങിപ്പോകില്ലെന്ന് പറയുന്നതു പോലെയാണ് ആ വ്യക്തിത്വവും. അനശ്വര ഗീതങ്ങൾ ആ സ്വരത്തിലൂടെ കേൾക്കുവാൻ മനസുകളേറെ കാത്തിരിക്കുന്നുണ്ട്.വരിക വീണ്ടും ഞങ്ങളിലേക്ക് ആ പാട്ടുകളുമായി.ജാനകിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ.