സംഗീത ജീവിതത്തിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ജാനകിയമ്മ പറയുന്നു

എസ്. ജാനകിയെ അമ്മയെന്നല്ലാതെ വിളിക്കാൻ പറ്റില്ല, അതുകൊണ്ടാണു ലോകരെല്ലാം അവരെ അമ്മയെന്നു വിളിക്കുന്നത്. ഹൃദയം കൊണ്ടാണ് ജാനകിയമ്മ വിളി കേൾക്കുന്നതും. അമ്മിഞ്ഞപ്പാലിൽ ചാലിച്ചതാണവരുടെ പാട്ടുകൾ. മലയാളത്തിന് ആദ്യമായി ദേശീയ അവാർഡ് സമ്മാനിച്ച ഗായിക തന്റെ സംഗീത ജീവിതത്തിൽനിന്നു വിരമിക്കുന്നത് ഒരു മലയാളഗാനം പാടിയാണെന്നതു നിയോഗം തന്നെ. പതിനെട്ടു ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങൾ പാടിയ എസ്. ജാനകി തെന്നിന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയാണ്. ജാനകിയമ്മയുടെ തീരുമാനം സംഗീതപ്രേമികൾക്കു വലിയ ദുഃഖമായെങ്കിലും വിരമിക്കൽഗാനം മലയാളത്തിലാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനം തന്നെ.

പാട്ടു നിർത്തിയശേഷം പലരും വിളിച്ചിരുന്നുവെങ്കിലും തീരുമാനത്തിൽ ഉറച്ചുനിൽക്കുവാനാണ് ജാനകിയമ്മയ്ക്ക് സന്തോഷം. സംഗീത ജീവിതത്തിൽനിന്നു വിരമിക്കുമ്പോൾ എന്തുകൊണ്ട് ഒരു മലയാളം പാട്ട് അമ്മ തിരഞ്ഞെടുത്തുവെന്നു തമിഴനും കന്നഡക്കാരനും ജാനകിയമ്മയുടെ മാതൃഭാഷയായ തെലുങ്കനും ഒരുപോലെ അതിശ‌യപ്പെട്ടു ചോദിക്കുന്നു. ജാനകിയമ്മയുടെ വാക്കുകൾ: ‘അങ്ങനെ മലയാളത്തിൽ പാട്ടുപാടി നിർത്താമെന്നു ഞാൻ മുൻപേ തീരുമാനിച്ചിരുന്നില്ല, ആ സമയത്തു വന്നതു മലയാളം പാട്ടാണ്, ഞാൻ വളരെ ആസ്വദിച്ചു തന്നെ പാടി. എനിക്കു പ്രായമായില്ലേ, മുത്തശ്ശിയായില്ലേ, ഒരുവിധ ഭാഷകളിലെല്ലാം പാടി, ഇനി പാടുന്നതു ശരിയല്ല. മറ്റുള്ളവർ പാടുന്നതു കേൾക്കാൻ എനിക്കു സന്തോഷം. ഇനിമേൽ ഞാനേ സമയൽ പണി ഇങ്കെ ഇരുന്താൽ പോതും.’ 

മലയാളിയുടെ ഗൃഹാതുരതയേയും പ്രണയത്തെയും വിരഹത്തെയും മാതൃത്വത്തെയും സംഗീതമാക്കിയ ഗായിക. ‘ജാനകിയമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം’ എന്ന പ്രാർഥന ഓരോ മലയാളിയുടെ മനസ്സിലുണ്ടാകും.