പാട്ടു കുടുംബം

ആഘോഷരാവുകളിൽ സംഗീതമധുരം വിളമ്പി ദമ്പതികൾ.കാസർകോട് കുഡ് ലു രാംദാസ് നഗർ പെർണടുക്കയിലെ കെ ഉദയയും ഭാര്യ മഞ്ജുഷയുമാണ് പാട്ടുവഴിയിൽ വേറിട്ടു നടക്കുന്നത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ വിവാഹവേദികളിലും സാമൂഹിക സാംസ്കാരിക പരിപാടികളിലും സ്ഥിരം സാന്നിധ്യമാണ് ഈ പാട്ടുദമ്പതികൾ.

സാക്സഫോണിലൂടെ ഹൃദയം തുറന്ന് ഇവർ പാടുമ്പോൾ കേൾവിക്കാരുടെ മനസിലും കുളിരുകോരും. ത്യാഗരാജ കീർത്തനങ്ങളും അർധ ശാസ്ത്രീയഗാനങ്ങളും ജനപ്രിയ സിനിമാഗാനങ്ങളും കൊണ്ടു മനസുകീഴടക്കുന്നവർ പാരമ്പര്യം കൊണ്ടു സംഗീതകുടുംബമാണ് ഉദയയുടേത്. ബാൻഡ് മാസ്റ്ററായിരുന്നു പിതാവ് പരേതനായ സുരേഷ്. വിവിധ രാഗങ്ങളിലൂടെ സംഗീതലോകത്തേക്കു ചുവടുറപ്പിച്ചത് പിതൃസഹോദരൻ കാസർകോട് ഗംഗാധര(72) യുടെയും കർണാടക പുത്തൂരിലെ പി കെ ഗണേഷിന്റെയും ശിക്ഷണത്തിലൂടെയാണ്. കാസർകോട്ടെ ആദ്യ സാക്സഫോണിസ്റ്റാണ് ഗംഗാധര. ഇദ്ദേഹത്തിന്റെ ഇളയസഹോദരൻ ചന്ദ്രശേഖരയും സാക്സഫോണിസ്റ്റാണ്. ക്ലാരിയൊനറ്റിസ്റ്റായിരുന്ന പരേതനായ കൃഷ്ണയോടൊന്നിച്ചുള്ള യാത്രയായിരുന്നു ഉദയയെ ഉപകരണ സംഗീതത്തിന്റെ വിസ്മയത്തിലേക്കടുപ്പിച്ചത്. ഇരുപതാം വയസിൽ തുടങ്ങിയതാണ് സാക്സഫോൺ കച്ചേരി.

കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ മഞ്ജുഷ 13വർഷം മുൻപാണ് ഉദയയുടെ ജീവിതസഖിയായി എത്തിയത്. നാലുവർഷത്തിനുശേഷം സംഗീതത്തിലും സഖിയായി. ഗുരു ഉദയ തന്നെ. കഴിഞ്ഞ ഒൻപതുവർഷമായി സാക്സഫോണുമായി ഉദയയുടെ കൂടെ മഞ്ജുഷയുമുണ്ട്.