ഇന്നും കണ്ണുനനയും ആ ചോദ്യമോര്‍ക്കുമ്പോള്‍

Sayanora Philip

കുറച്ചു വര്‍ഷങ്ങൾക്കു മുന്‍പ് കണ്ണൂരുള്ള സയനോരയുടെ വീടിനു മുന്‍പിലൂടെ രാവിലെ യാത്ര ചെയ്യുന്നവര്‍ക്കെല്ലാം കേള്‍ക്കാമായിരുന്നു ഒരു കച്ചേരി. സയനോരയും അനുജത്തിയും അനുജനും പാട്ടും വയലിനുമൊക്കെയായി വീടിനെ ഈണങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന സമയമാണത്. ഇന്ന് സയനോര സംഗീതരംഗത്ത് സജീവമായിക്കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വ്യത്യസ്തമായ പെണ്‍സ്വരമായി. അനുജനും അനുജത്തിയും എൻജിനീയര്‍മാരായി ജോലി നോക്കുന്നുവെങ്കിലും സംഗീതം ഒപ്പം തന്നെയുണ്ട്.

‘മൂന്നുപേരേയും പാട്ടുവഴിയിലേക്ക് കൈപിടിച്ചത് ഡാഡിയായിരുന്നു. എല്ലാ ദിവസവും രാവിലെ പ്രാക്ടീസ് ചെയ്യണം, കര്‍ണാടക സംഗീതത്തില്‍ നല്ല അടിത്തറ വേണം, എല്ലാ ഉപകരണങ്ങളും വായിക്കാനറിഞ്ഞിരിക്കണമെന്നൊക്കെ നിര്‍ബന്ധമായിരുന്നു. കൂട്ടത്തില്‍ ഞാനായിരുന്നു ഏറ്റവും മടിച്ചി. അതുകൊണ്ടു തന്നെ ഡാഡിയോട് എല്ലാക്കാര്യത്തിലും തര്‍ക്കിക്കുന്നതും ഞാന്‍ തന്നെയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അനുജനും അനിയത്തിയും സംസ്ഥാനതല മത്സരത്തിലൊക്കെ ജേതാക്കളായിട്ടുണ്ട്. ഞാന്‍ ജില്ലാ തലത്തിനപ്പുറം പോയിട്ടേയില്ല. മാത്രമല്ല, അവര്‍ക്ക് രണ്ടാള്‍ക്കും വയലിന്‍ നന്നായി വായിക്കാനറിയാം. ഞാനാണ് വയലിന്‍ പഠിത്തത്തില്‍ ഉഴപ്പിയത്. ഈ സ്വഭാവം തന്നെയാണ് ഞാനും ഡാഡിയുമായി തല്ലുകൂടുന്നതിന്റെയും പിണങ്ങുന്നതിന്റെയുമൊക്കെ കാരണം. ഇപ്പോള്‍ കല്യാണം കഴിഞ്ഞ് ഒരു വാവയൊക്കെയായിട്ടും അതിന് മാറ്റമൊന്നുമില്ല. അതുകൊണ്ടാകാം ഡാഡിയെ ഏറ്റവുമധികം മിസ് ചെയ്യുന്നതും.’: സയനോര പറയുന്നു.

ഒരു ഇടത്തരം കുടുംബമായിരുന്നു ഞങ്ങളുടേത്. പക്ഷേ പാട്ടു പഠിപ്പിക്കാന്‍ എത്ര പണം ചെലവഴിക്കാനും ഡാഡിക്ക് മടിയില്ലായിരുന്നു. ബുദ്ധിമുട്ടുകളൊന്നും ഞങ്ങളെ അറിയിക്കില്ലായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം ഡാഡി ചോദിച്ചു, നിന്റെ കയ്യിലൊരു പത്തുറുപ്പിക എടുക്കാനുണ്ടോന്ന്. എന്തിനാന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു, ബസ് കൂലിക്കാണെന്ന്. എനിക്ക് വല്ലാത്ത വിഷമം തോന്നി അതു കേട്ടിട്ട്. ഇന്നും അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നും. വലിയ ഹോട്ടലുകളിലൊക്കെ ഭക്ഷണം കഴിക്കാന്‍ കയറുമ്പോഴും മറ്റും അക്കാലം ഓര്‍മയില്‍ വരാറുണ്ട്.

Sayanora Philip

ഞാന്‍ സംഗീതരംഗത്തേക്ക് വന്നതില്‍ ഡാഡിക്ക് വലിയ സന്തോഷമാണ്. പക്ഷേ എന്നോടതു പറഞ്ഞിട്ടേയില്ല. നീ ഞാനുദ്ദേശിച്ച രീതിയിലൊന്നും എത്തിയില്ല, കര്‍ണാടക സംഗീതത്തിൽ നന്നായി വരണമെന്നൊക്കെയായിരുന്നു ആഗ്രഹം എന്നൊക്കെയാണ് എന്നോട് പറയാറ്. സുഹത്തുക്കളോട് വലിയ സന്തോഷത്തോടെ, നല്ല വാക്കുകളാണ് പറയാറ്. എനിക്കതറിയാം: സയനോര പറഞ്ഞു.

‘ഞാന്‍ പാടിയ പാട്ടുകളില്‍ റാണിപത്മിനിയിലെ പാട്ടാണ് ഡാഡിക്ക് ഏറെയിഷ്ടമെന്ന് തോന്നുന്നു. ഞാനും ‍ഡാഡിയും അനുജനും അനിയത്തിയും ചേർന്നുള്ള ഒരു മ്യൂസികല്‍ വിഡിയോ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍. കുറേ നാളായി അങ്ങനെയൊരാഗ്രഹം തുടങ്ങിയിട്ട്. എന്റെ ഉഴപ്പു കാരണമാണ് അതും വൈകുന്നതെന്നാണ് ഡാഡിയുടെ പരാതി.’