സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് സെക്യൂരിറ്റിയുടെ ‘ഖാമോശിയാന്‍’

സ്മാർട് ഫോണുകളും സമൂഹമാധ്യമങ്ങളും നിറഞ്ഞാടുന്ന ലോകത്ത്  കലാകാരൻമാർ തന്റെ കഴിവുകളെ പുറം ലോകത്തെ അറിയിക്കാൻ വേദികളൊന്നും കാത്തിരിക്കേണ്ടതില്ല. പാടുന്നതിന്റേതോ വരയ്ക്കുന്നതിന്റെയോ നൃത്തമാടുന്നതിന്റെയോ ഒക്കെ വിഡിയോ എടുത്ത് ഫെയ്സ്ബുക്കിലെ വാട്സ് ആപ്പിലോ ഇട്ടാൽ മതിയാകും. നല്ലതാണെങ്കിൽ നാടുമുഴുവൻ അത് ഏറ്റെടുത്തു കൊള്ളും. കൊൽക്കത്തക്കാരനായ സെക്യൂരിറ്റി ജീവനക്കാരൻ ഷൗവികിന്റെ പാട്ടും അങ്ങനെയാണ് രാജ്യത്തെ മുഴുവൻ അതിശയിപ്പിച്ചത്.  

ആദർശ് സിങ് എന്നയാളാണ് തന്റെ ഫോണിൽ ഷൗവിക്കിന്റെ വിഡിയോ എടുത്ത് ഫെയ്സ്ബുക്കിൽ ഇട്ടത്. ലക്ഷക്കണക്കിനു പ്രാവശ്യമാണ് പത്തു ദിവസം മുൻപ് പുറത്തെത്തിയ ഈ വിഡിയോ ആളുകൾ ഷെയർ െചയ്തത്. ഇരുപത് ലക്ഷത്തോളം പ്രാവശ്യമാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലെ ചങ്ങാതികൾ കണ്ടതും. അരിജിത് സിങ് പാടിയ ഖാമോശിയാൻ എന്ന പാട്ടാണ് ഷൗവിക് പാടിയത്. ഇരുവരുടെയും സ്വരത്തിനും അപാരമായ സാമ്യമുണ്ട്. റോഡിലെ വണ്ടികളുടെ ശബ്ദത്തിനിടയിൽ നിന്നാണ് ഷൗവിക് പാടിയത്. എന്നിട്ടും ആ ആലാപനത്തിലെ ഭംഗി എത്ര മനോഹരം. ഉത്തരേന്ത്യയിലെ നിരവധി ടിവി ചാനലുകളിലും റേഡിയോ സ്റ്റേഷനുകളിലും ഷൗവിക് അഥിതിയായി എത്തുകയും ചെയ്തിരുന്നു.