മോട്ടോർ സൈക്കിൾ ഡയറീസിന് ഷാൻ റഹ്മാന്റെ സംഗീതം

ട്രാഫിക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലെ പുത്തൻപ്രവണതകൾക്ക് തുടക്കമിട്ട രാജേഷ് പിള്ള മിലിക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മോട്ടോർ സൈക്കിൾ ഡയറീസിൽ ഷാൻ റഹ്മാന്റെ സംഗീതം. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നതെന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്തുവിട്ടത്. ഷാനും രാജേഷ് പിള്ളയും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും മോട്ടോർ സൈക്കിൽ ഡയറീസ്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ മിലി എന്ന ചിത്രത്തിന് സംഗീതം പകർന്നത് ഷാൻ റഹ്മാനായിരുന്നു.

2013 ൽ രാജേഷ് പിള്ള അനൗൺസ് ചെയ്ത ചിത്രമാണ് മോട്ടോർസൈക്കിൾ ഡയറീസ്, എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ പടം നിർത്തിവച്ചാണ് മിലിയുടെ ചിത്രീകരണം ആരംഭിച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിന് ശേഷമായിരിക്കും മോട്ടോർസൈക്കിൾ ഡയറീസിന്റെ ഷൂട്ടിങ് പുനരാരംഭിക്കുക. ഒരു ബുള്ളറ്റ് ബൈക്കും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്.

ബുള്ളറ്റിന്റെ ആദ്യ ഉടമസ്ഥനും അതിന്റെ ഇപ്പോഴത്തെ ഉടമയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ ഉടമയ്ക്ക് നൊസ്റ്റാൾജിയയാണ് ബൈക്കെങ്കിൽ നിലവിലെ ഉടമയ്ക്ക് അത് ആവേശമാണ്. ബൈക്കിന്റെ പേരിൽ ഇവർ തമ്മിലുള്ള വൈകാരിക സംഘർഷങ്ങളാണ് ചിത്രത്തിലെന്നാണ് സംവിധായകൻ പറഞ്ഞത്. സന്തോഷ് തുണ്ടിയിലും അനിഷ് ലാലും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഓർഡിനറി എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ സുഗീത് ഓർഡിനറി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമെന്നതും മോട്ടോർസൈക്കിൾ ഡയറീസിന്റെ പ്രത്യേകതയാണ്.

രാജേഷ് പിള്ളയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സുരേഷ് നായരും, ജയമോഹനും രാജേഷ് പിള്ളയും ചേർന്നാണ്. കുഞ്ചാക്കോ ബോബനേയും നിവിൻ പോളിയേയും കൂടാതെ വൈശാഖാ സിങ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.