Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവർ സോങ് ചെയ്താൽ ഇങ്ങനെയാകണം: ഗായികയെ അഭിനന്ദിച്ച് എ.ആർ. റഹ്മാൻ

shakthishree-a-r-rahman

ഒരു സംഗീത സംവിധായകൻ‌ ചിട്ടപ്പെടുത്തിയ ഗാനത്തിനു നമ്മുടേതായ സംഭാവനകളും ചേർത്തു പാടുന്നത് ഒരു നല്ല സംഗീത പഠനം കൂടിയാണ്. പുതിയ പാട്ടുകാർ നല്ല ഗാനങ്ങളുടെ കവർ വേർഷനുകൾ ചെയ്യുന്നത് അതുകൊണ്ടാണ്. എ.ആർ. റഹ്മാൻ ഗാനങ്ങളിലാണ് ഇന്ത്യയിൽ ഏറ്റവുമധികം കവർ വേർഷനുകള്‍ പുറത്തിറങ്ങുന്നത്. ഗായിക ശക്തിശ്രീ ഗോപാലനും ചെയ്തു അത്തരത്തിലൊരെണ്ണം. ആലാപന മികവുകൊണ്ട് വിഡിയോ ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. ഒരുപാട് അഭിനന്ദനങ്ങളും ശക്തിശ്രീയെ തേടിയെത്തി. പക്ഷേ അതിലൊരു അഭിനന്ദനം ഗായികയെ ആകെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. 

ആ അഭിനന്ദനം സാക്ഷാൽ എ.ആർ. റഹ്മാന്റേതായിരുന്നു. ഗാനം മികച്ചതാണെന്ന് റഹ്മാൻ ട്വീറ്റ് ചെയ്തിരുന്നു. ഏതു പുതുമുഖ ഗായകരും കൊതിക്കുന്ന അഭിനന്ദനം. വനിതാ ദിനത്തോടനുബന്ധിച്ചായിരുന്നു 'ഒരേ കനാ' എന്ന പാട്ടിന് ശക്തിശ്രീ കവർ വേർഷൻ തയാറാക്കിയത്. ഗുരു എന്ന മണിരത്നം ചിത്രത്തിൽ വൈരമുത്തു എഴുതി റഹ്മാൻ ഈണമിട്ട പാട്ടാണിത്. റഹ്മാനും കെ.എസ്. ചിത്രയും മദ്രാസ് കോറൽ ഗ്രൂപ്പും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

എ. ലക്ഷ്മികാന്ത് സംവിധാനം ചെയ്ത റ്റിഎൻ 07 എഎൽ 4777 എന്ന ചിത്രത്തിലെ വിജയ് ആന്റണി ഈണമിട്ട സൊർഗം മധുവിലേ എന്ന പാട്ടാണ് ശക്തിശ്രീയുടെ ആദ്യ സിനിമ ഗാനം. ഏ ആർ‌ റഹ്മാൻ ഈണമിട്ട ജബ് തക് ഹേ ജാനിലെ ജബ് തക് ഹേ ജാന്‍ എന്ന ഗാനത്തിലൂടെയാണ് ശക്തിശ്രീ പ്രശസ്തയാകുന്നത്. കടൽ എന്ന ചിത്രത്തിൽ റഹ്മാന്‍ ഈണമിട്ട നെഞ്ചുക്കുള്ളേ എന്ന പാട്ടാണ് കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഗാനം. ഹാരിസ് ജയരാജ്, ജി.വി. പ്രകാശ് കുമാർ, യുവൻ ശങ്കര്‍ രാജ തുടങ്ങിയവരുടെ സംഗീത സംവിധാനത്തിലും ശക്തി ശ്രീ ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ ഡാം 999 എന്ന ചിത്രത്തിൽ  ഔസേപ്പച്ചൻ ഈണമിട്ട രണ്ടു ഗാനങ്ങളും ചാർളിയിൽ ഗോപീ സുന്ദർ ചിട്ടപ്പെടുത്തിയ പുലരികളോ എന്ന പാട്ടും പാടിയിട്ടുണ്ട്. 

Your Rating: