ഐറ്റം ഗാനം പാരയായി: ശിൽപ ഷെട്ടിക്ക് അറസ്റ്റ് വാറന്റ്

പത്തൊൻപതുവർഷം മുൻപ് െഎറ്റം ഗാനരംഗത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഗോവിന്ദ, ശിൽപാഷെട്ടി അടക്കം ഏഴുപേർക്കെതിരെ കോടതിയുടെ അറസ്റ്റ് വാറന്റ്. ഏഴുപേരെയും നവംബർ 18നു കോടതിയിൽ ഹാജരാക്കാൻ മുംബൈ പൊലീസിനോടു ജാർഖണ്ഡിലെ പക്കൂർ ജില്ലാ കോടതി നിർദേശിച്ചു.ഛോട്ട് സർക്കാർ (1997) എന്ന സിനിമയിലെ ‘ഏക് ചുമാ ടു മുജാക്കോ ഉധ ഡീ ഡീ’ എന്നു തുടങ്ങുന്ന ഗാനം ബിഹാറുകാരെ അപമാനിക്കുന്നതാണെന്നു കാട്ടി അഭിഭാഷകൻ നൽകിയ ഹർജിയിലാണു താരങ്ങളെയും സംവിധായകനെയും ഗായകരെയും അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവിട്ടത്.

ഗോവിന്ദയ്ക്കും ശിൽപയ്ക്കും പുറമേ സംവിധായകൻ വിമൽകുമാർ, ഗായകരായ ഉദിത് നാരായൻ, അൽക്ക യാഗനിക്ക്, സംഗീത സംവിധായകൻ ആനന്ദ് മിലിന്ദ്, ഗാനരചയിതാവ് റാണി മാലിക് എന്നിവർക്കെതിരെയും കോടതി നേരത്തെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ ഹാജരാകാൻ പലതവണ ആവശ്യപ്പെട്ടിട്ടും ആരും എത്താതിരുന്നതിനെത്തുടർന്നാണ് അറസ്റ്റ് ചെയ്തു ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.