ധനുഷിനെതിരായ ആരോപണം, ഗായികയ്ക്കെതിരെ ഭർത്താവ്

തമിഴ് സിനിമാ താരം ധനുഷിനെതിരെ ഗായിക സുചിത്ര കാർത്തിക് ഉന്നയിച്ച കാര്യങ്ങളിൽ വാസ്തവമില്ലെന്ന് ഭർത്താവും നടനുമായ കാർത്തിക്. ട്വിറ്ററിലൂടെയാണ് കാർത്തിക് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ തന്റെ കൈ ധനുഷിന്റെ സംഘത്തിലെ ആരോ പിടിച്ച് തിരിച്ച് ചതച്ചുവെന്ന് ആരോപിച്ച് സുചിത്ര ചെയ്ത ട്വീറ്റുകൾ തമിഴകത്ത് വലിയ ചർച്ചയായിരുന്നു. 

സുചിത്ര ട്വിറ്ററിൽ ചെയ്തു കൂട്ടുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. പ്രശ്നത്തിനു പിന്നിൽ വേറെ കാരണമാണ്. അത് തീർത്തും വ്യക്തിപരവുമാണ്. ഇക്കാര്യങ്ങൾ എല്ലാവരും മനസിലാക്കണം എന്നാണ് കാർത്തികിന്റെ ട്വീറ്റ്. കൈയുടെ ചിത്രമടക്കമാണ് സുചിത്ര ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ധനുഷിന്റെ പേര് ഹാഷ് ടാഗ് ചെയ്തു കൊണ്ട് നിരവധി ട്വീറ്റുകളാണ് ഇതിനു പിന്നാലെ സുചിത്ര ചെയ്തത്. ധനുഷിന്റെ ചെയ്തികൾ എല്ലാവരോടും തുറന്നു പറയുമെന്നും അവർ പറഞ്ഞു. പ്രശസ്തിയ്ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ എന്ന ആരോപണത്തോടും രൂക്ഷമായാണ് സുചിത്ര പ്രതികരിച്ചത്. താൻ ആക്രമിക്കപ്പെട്ടുവെന്നും സത്യമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. 

പാർട്ടിക്കിടയിൽ ഉപദ്രവിക്കപ്പെട്ടു; ധനുഷിനെതിരെ വിവാദ ട്വീറ്റുമായി ഗായിക

സുചിത്രയുടെ ആരോപണങ്ങൾ തമിഴകത്ത് വലിയ ചർച്ചയായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിനിടയിലാണ് കാർത്തികിന്റെ ട്വീറ്റ്. ധനുഷിന്റെ ആരാധകർക്ക് വലിയ ആശ്വാസം നൽകും കാർത്തികിന്റെ ഈ ട്വീറ്റ് എന്നുറപ്പ്. ധനുഷും ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

കോഫി വിത് സുചി എന്ന ഷോയിലൂടെയാണ് ഗായികയും ആർജെയുമായ സുചിത്ര പ്രശസ്തയായത്. യുവൻ ശങ്കര്‍ രാജ, ജി വി പ്രകാശ് കുമാർ, ദേവിശ്രീ പ്രസാദ്, തമൻ, ഹാരിസ് ജയരാജ് തുടങ്ങി നിരവധി സംഗീത സംവിധായകരുടെ ഈണത്തിൽ നൂറോളം ഗാനങ്ങൾ സുചിത്ര ആലപിച്ചിട്ടുണ്ട്.