മരിച്ചിട്ടും കോടികൾ സമ്പാദിക്കുകയാണ് ഈ സംഗീത മാന്ത്രികർ

മൈക്കിൾ ജാക്സൺ, ബോബ് മാർലി, പ്രിൻസ്

കാലത്തിലേക്കു മറഞ്ഞാലും പാട്ടുകാർ സംഗീതത്തിനപ്പുറമുള്ള പലതലങ്ങളിൽ നിന്നും നമ്മിൽ കൗതുകമുണർത്തിക്കൊണ്ടേയിരിക്കും. ഈ സംഗീത വിസ്മയങ്ങളെ പോലെ. ഇവർ പാടിയ പാട്ടുകളുടെ ആൽബങ്ങൾ, സംഗീതപരിപാടികളുടെ ഡിവിഡികൾ എല്ലാം ഇന്നും വിൽപനയിൽ മുൻപന്തിയിലാണ്. അവരുടെ പാട്ടുപകരണങ്ങളും വീടുകളും എന്തിന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പോലും കോടിക്കണക്കിനു രൂപയ്ക്കാണു വിറ്റപോകുന്നത്. മരിച്ചിട്ടും സമ്പാദിച്ചുകൊണ്ടേയിരിക്കുന്ന ഗായകർ ആരൊക്കെയെന്നു പരിചയപ്പെടാം...

മൈക്കിൾ ജാക്സൺ

മൈക്കിൾ ജാക്സൺ. ഈ പാട്ടുകാരന്റെ പേരില്ലാതെ ലോകത്ത് ഓരു സംഗീത ചരിത്രവും എഴുതപ്പെടുന്നില്ല. ഇക്കാര്യത്തിലും അതിനു മാറ്റമില്ല. മൈക്കിൾ ജാക്സണിന്റെ പേരിനൊപ്പമുള്ള അനേകം റെക്കോഡുകളിലൊന്നും ഇതുതന്നെയാണ്. മരണശേഷവും ഏറ്റവുമധികം വരുമാനം നേടുന്ന പാട്ടുകാരനും ജാക്സൺ തന്നെ. 14 കോടിയിലധികം ഡോളറാണ് ഓരോ വർഷവും ജാക്സണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഒന്നാംകിട മ്യൂസിക് കമ്പനികളാണ് ജാക്സണിന്റെ എല്ലാ ഗാനങ്ങളുടേയും പകർപ്പവകാശം സ്വന്തമാക്കിയത്. 

ബോബ് മാര്‍ലി 

സംഗീതം കൊണ്ടു ലോകത്തു സർഗാത്മകതയും വിപ്ലവവും തീർത്ത ഗായകനാണ് ബോബ് മാർലി. 1945-ല്‍ ജനിച്ച മരിക്കുമ്പോൾ 36 വയസേ പ്രായമുണ്ടായിരുന്നുള്ളൂ. കാൻസർ ആയിരുന്നു ലോകത്തെ ഭ്രമാത്മക സംഗീതം കൊണ്ടു ലോകത്തെ അത്ഭുതപ്പെടുത്തിയ പ്രതിഭയെ മരണത്തിലേക്കു തള്ളിവിട്ടത്. നമ്മൾ കണ്ടുപരിചയിച്ച ചിത്രങ്ങളിലേതു പോലെ തീർത്തും സാധാരണമായ ജീവിത ശൈലിയായിരുന്നു മാർലിയുടേത്. പക്ഷേ മരിച്ചിട്ടും മാർലി കോടീശ്വരനാണ്. ഫോബ്സ് മാഗസിന്റെ കണക്കുപ്രകാരം പോയവർഷം മാത്രം 140 കോടിയാണ് ബോബ് മാര്‍ലിയുടെ പേരിലേക്ക് എത്തിയത്. 

പ്രിൻസ്

മൈക്കിൾ ജാക്സണിന്റെ സമകാലീൻ. എന്നും ജാക്സണിനോടായിരുന്നു പ്രിൻസിന്റെ മത്സരവും. അദ്ദേഹത്തെ പോലെ ലോകത്തെ സ്വാധീനിച്ച സംഗീതത്തിന്റെ സൃഷ്ടികർത്താവായിരുന്നു പ്രിന്‍സും. വേദികളിൽ നിറഞ്ഞാടുന്ന കാര്യത്തിലും സമാനത പുലർത്തി. ജാക്സണിനെ പോലെ മരണത്തിലും ദുരൂഹത ബാക്കിയാക്കി. പോയവർഷമാണ് പ്രിൻസ് മരിച്ചത്. ആ വർഷത്തെ അദ്ദേഹത്തിന്റെ സമ്പാദ്യം 167 കോടിയായിരുന്നു.

എൽവിസ് പ്രിസ്‍ലി

എൽവിസ് പ്രിസ്‍ലി

ലോകം പ്രണയിച്ച ഗായകൻ. കാലഘട്ടങ്ങളുടെ വികാരമാണ് എൽവിസ് പ്രിസ്‍ലിയെന്ന സംഗീതജ്ഞൻ. 1977ൽ 42ാം വയസിലാണ് പ്രിസ്‍ലി മരിച്ചത്. ആ കാലഘട്ടത്തിനിടയിൽ അദ്ദേഹം ജീവിതത്തിൽ കൈവരിച്ച നേട്ടങ്ങൾ എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. 180 കോടിയാണ് പ്രിസ്‍ലിയുടെ അക്കൗണ്ടിലേക്ക് പോയവർഷം ചെന്നുചേർന്നത്. 

ജോൺ ലെനൻ

ജോൺ ലെനന്‍

ലോകത്ത് സംഗീത വിസ്മയം സൃഷ്ടിച്ച സംഗീത സംഘമാണ് ബീറ്റിൽസ്. അതിന്റെ ഗാനരചയിതാവും ഗായകനുമായിരുന്നു ജോൺ ലെനൻ. ഡേവിഡ് ചാപ്മാൻ എന്ന മനോരോഗിയുടെ വെടിയേറ്റ് മരിക്കുമ്പോൾ വെറും 35 വയസായിരുന്നു ലെനന് പ്രായം. ലോകം മറക്കാത്ത മരണങ്ങളിലൊന്നായിരുന്നു ലെനന്റേത്. ലെനന്റെ മരണത്തിനു ശേഷം 63  മില്യണ്‍ ആൽബങ്ങളാണ് അമേരിക്കയിൽ മാത്രം വിറ്റഴിഞ്ഞത്. പോയവർഷം 80 കോടി  ഡോളറാണ് ലെനൻ നേടിയത്. 1980 ഡിസംബര്‍ എട്ടിനായിരുന്നു ലെനൻ കൊലചെയ്യപ്പെട്ടത്. 1991ൽ അദ്ദേഹം സമഗ്ര സംഭാവനയ്ക്കുള്ള ഗ്രാമി പുരസ്കാരവും നേടിയിരുന്നു.