ഫേസ്ബുക്കിലൂടെ എസ്പിബിയുടെ സംഗീത സമ്മാനം

അനായാസ ആലാപന ശൈലിയിലൂടെ അമ്പതിലേറെ വർഷമായി നമ്മുടെ കാതുകളെ കീഴടക്കുകയാണ് എസ്പി ബാലസുബ്രഹ്മണ്യം. പാട്ടുപോലെ സുന്ദരമാണ് അദ്ദേഹം പലപ്പോഴും നമ്മോട് പറഞ്ഞിട്ടുള്ള കാര്യങ്ങളും. സോഷ്യൽ മീഡിയിൽ ആക്ടീവ് ആയ എസ്പിബി ഇക്കാലത്തിനിടയിൽ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചങ്ങാത്തത്തെ കുറിച്ചുള്ള ഒരു കഥയും പിന്നെ അവിടന്ന് കിട്ടിയ ഒരു സംഗീതാനുഭവവും പങ്കിട്ട് എസ്പിബി എത്തിയിരിക്കുന്നു.

അമ്പത്തിരണ്ട് വർഷങ്ങൾക്കിപ്പുറം സുഹൃത്തുക്കളെ കണ്ടുമുട്ടാനായതിന്റെ കഥ പറ​ഞ്ഞുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോഴും എസ്പിബി കരുതിവച്ചിരുന്നു ഒരു സംഗീതസമ്മാനം. ഹാർമോണിക വായിക്കുകയാണ് എസ്പിബിയുടെ കൂട്ടുകാരിലൊരാൾ. ജീനാ യഹാ മർ‌നാ യഹാ ഇസ്ക് സിവാ ജാനാ കഹാ..., കണ്ണേ കലൈമാനേ തുടങ്ങിയ പാട്ടുകള്‍ ഈ വാദ്യോപകരണത്തിലൂടെ വായിച്ചു തരികയാണ് സായ് തേജസ് എന്നയാളും അദ്ദേഹത്തിന്റെ ശിഷ്യരും. എസ്പിബി ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മൂന്ന് വിഡിയോകൾക്കും ഒരു ലക്ഷത്തോളം പേർ കാഴ്ചക്കാരായെത്തി ആയിരത്തിലധികം പേര്‍ അത് ഷെയർ ചെയ്യുകയുമുണ്ടായി.