സ്‌പൈസ് ഗേൾ ഒന്നിക്കും, വിക്‌റ്റോറിയ ബെക്കാമില്ലാതെ

ലോകത്തിലെ എക്കാലത്തേയും പ്രശസ്ത ഗേൾസ് പോപ്പ് ബാൻഡാണ് സ്‌പൈസ് ഗേൾസ്. ബ്രിട്ടീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാം (പോഷ് സ്‌പൈസ്), എമ്മ (ബേബി സ്‌പൈസ്), മെലാനി ബ്രൗൺ (സ്‌കാറി സ്‌പൈസ്), ഗെറി ഹാല്ലിവെൽ (ജിഞ്ചർ സ്‌പൈസ്), മെലാനി ചിഷോം (സ്‌പോർട്ടി സ്‌പൈസ്) തുടങ്ങിയവർ ചേർന്ന് ആരംഭിച്ച ബാൻഡായ സ്‌പൈസ് ഗേൾസ് വളരെ ചുരുങ്ങിയ കാലംകൊണ്ട് ബ്രിട്ടനിൽ മാത്രമല്ല ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ചു. 1994 ആരംഭിച്ച് 2000 ൽ പിരിഞ്ഞ സ്‌പൈസ് ഗേൾസ് വീണ്ടും ഒന്നിക്കുകയാണ്.

സ്‌പൈസ് ഗേൾസ് വീണ്ടും ഒന്നിക്കുമ്പോൾ പക്ഷേ പോഷ് സ്‌പൈസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിക്ടോറിയ ബെക്കാമുണ്ടാകില്ല. സ്‌പൈസ് ഗേൾസിന്റെ ആദ്യ ഗാനത്തിന്റെ 20-ാം വാർഷികം ആഘോഷിക്കുന്ന 2016 ൽ ഒരു വേൾഡ് ടൂറിനായി സംഘം ഒന്നിക്കുമെന്ന് ഒരു ബ്രിട്ടീഷ് ഓൺലൈനാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ സ്‌പൈസ് ഗേൾസിലെ മുൻ അംഗങ്ങൾ തങ്ങളുടെ ഒന്നിച്ചു ചേരലിന്റെ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ബാൻഡിലെ അംഗമായിരുന്ന എമ്മ ബെൺടൺ, ബാൻഡ് വീണ്ടും ഒരുമിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞിരുന്നു. ഒരു ബ്രിട്ടീഷ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. തങ്ങളെല്ലാവരും ഇപ്പോൾ കുടുംബജീവിതം നയിക്കുന്നവരാണ് അതുകൊണ്ട് തന്നെ ബാൻഡിന്റെ ഒരുമിച്ചുചേരൽ അൽപം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും താൻ മെൽ ബിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞുവെന്നും മറ്റുള്ളവരോട് ഉടൻ സംസാരിക്കുമെന്നും എമ്മ പറഞ്ഞിരുന്നു.

1994 ൽ ബ്രിട്ടനിൽ സ്ഥാപിതമായ ഗേൾസ് പോപ്പ് ബാൻഡ് സ്‌പൈസ് ഗേൾസ് ലോകത്ത് ഏറ്റവും അധികം പ്രശസ്തി ആർജിച്ച ഗേൾസ് ബാൻഡാണ്. പ്രശസ്തിയിൽ നിന്ന് അതിപ്രശസ്തിയിലേയ്ക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആരാധകർക്ക് നിരാശ സമ്മാനിച്ചുകൊണ്ടാണ് ബാൻഡ് പിരിഞ്ഞത്. 2000 ൽ ബാൻഡ് ഔദ്യോഗികമായി പിരിഞ്ഞെങ്കിലും 2007ലും 2008 ലും 2012 ലും ഇവർ ഒന്നിച്ചിരുന്നു. 2012 ലണ്ടനിൽ നടന്ന ഒളിംപിക്‌സി്റെ സമാപന ചടങ്ങിലെ പരിപാടിയ്ക്കുവേണ്ടിയാണ് ഇവർ അവസാനമായി ഒരുമിച്ചത്. മൂന്ന് സ്റ്റുഡിയോ ആൽബങ്ങളും, പതിനൊന്ന് സിംഗിളുകളും 18 മ്യൂസിക്ക് വീഡിയോകളും പുറത്തിറക്കിയിട്ടുള്ള ബാൻഡിന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം, ബ്രിറ്റ് പുരസ്‌കാരം, ബിൽബോർഡ് പുരസ്‌കാരം, എടിവി വിഎംഎ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.