ഹിന്ദി പാട്ടിൽ ഐഎസ് വീഴുമോ?

രോഗം ശമിപ്പിക്കുവാൻ, ശസ്ത്രക്രിയയുടെ വേദനയില്ലാതാക്കുവാൻ രോഗികളെ പാട്ടു കേൾപ്പിക്കാറുണ്ട്. ശാസ്ത്രീയ അടിത്തറയുള്ള കാര്യങ്ങളാണിതൊക്കെ. മ്യൂസിക്കൽ തെറാപ്പി എന്നൊരു ചികിത്സാ രീതി തന്നെ നിലവിലുണ്ട്. ലോകം മുഴുവൻ ഭീകരവാദവുമായി നടക്കുന്ന ഐഎസിനെ തുരത്താൻ പാട്ടിനെക്കൊണ്ട് സാധിക്കുമെന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ദാ അവിടെയത് നടപ്പിലാക്കി കഴിഞ്ഞു. നല്ല ഫലവും ലഭിക്കുന്നുവെന്നാണ് അവകാശ വാദം. ബോളിവുഡ് പാട്ടുകള്‍ ഐഎസിന്റെ ബലഹീനതയാണെന്ന കാര്യം മുതലെടുത്താണ് ഈ പണി.

ലിബിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ ഉപയോഗിക്കുന്ന ഒരു മനഃശാസ്ത്ര യുദ്ധമുറയായി നമ്മുടെ തട്ടുപൊളിപ്പൻ ഹിന്ദി ചലച്ചിത്രഗാനങ്ങൾ മാറിക്കഴിഞ്ഞു. സംഗീതം ഇസ്ലാമിക് സ്റ്റേറ്റിന് നിഷിദ്ധമാണ്. അതുകൊണ്ടുതന്നെ പാട്ടു കേൾക്കുന്നത് അവരെ അലോസരപ്പെടുത്തും. ഇതിനെതിരെ അവർ വയർലെസിലൂടെ പരാതിപ്പെടുന്നത് ചോർത്തിയെടുത്ത് അവരുടെ ഒളിവിടങ്ങൾ കണ്ടെത്തുക എന്നതാണ് തന്ത്രം. ബ്രിട്ടീഷ് സൈന്യത്തിലെ, പാക്കിസ്ഥാൻ സ്വദേശിയായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ഈ ആശയത്തിനു പിന്നിൽ.


ലിബിയൻ പട്ടണമായ സിർതിൽനിന്ന് ഐഎസിനെ തുരത്താനാണ് പുതിയ യുദ്ധതന്ത്രം. പട്ടണത്തിനു സമീപം ഉച്ചത്തിൽ പാട്ടുവച്ച രണ്ടു കാറുകൾ കൊണ്ടിട്ടാണ് സൈന്യം ഈ പരിപാടി നടപ്പിലാക്കിയത്. ഐഎസിനെ തുരത്താൻ ജോയിന്റ് സ്പെഷൽ ഓപറേഷൻസ് കമാൻഡ് എന്ന സൈനികവിഭാഗം രൂപീകരിച്ച് ലിബിയൻ സൈന്യത്തിന് ബ്രിട്ടീഷ് സൈന്യം പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഹിന്ദിഗാനങ്ങൾ ഉപയോഗിച്ചുള്ള തന്ത്രം. സിർതിൽ ഐഎസ് ശരിയത്ത് നിയമം നടപ്പിലാക്കിയിരിക്കുകയാണ്. സിർതിനെ തിരിച്ചുപിടിക്കാൻ ലിബിയൻ സൈന്യം പ്രത്യേക പരിശീലനം കൊടുത്ത സൈന്യവിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.