Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത് എഴുതിയതാര്? പാടിയതാര്? ആ പൂമരം നട്ടതാര് ?

kalidas-jayaram-poomaram

നാടുമുഴുവൻ ഏറ്റുപാടുമ്പോഴും ആ വരികൾക്കു പിന്നിലെ അജ്ഞാതനെ തിരയുകയാണ് എബ്രിഡ് ഷൈൻ. ‘ഞാനും ഞാനുമെന്റാളും എന്ന് ആദ്യമായി കുറിച്ച ആ കലാകാരനെ...

ക്യാംപസ് സിനിമ എന്ന സ്വപ്നത്തിന്റെ ചുവടുപിടിച്ചാണു സംവിധായകൻ എബ്രിഡ് ഷൈനും കൂട്ടരും മാസങ്ങൾക്കു മുൻപു കേരളത്തിലെ ക്യാംപസുകളിലൂടെ സഞ്ചരിച്ചത്. അങ്ങനെയെത്തിയതാണ് എറണാകുളം മഹാരാജാസ് കോളജിൽ. പാട്ടുപാടിയും കഥപറഞ്ഞും അവിടെ കുട്ടികൾ ആഘോഷം തീർത്തു. കൂട്ടത്തിൽ ഫൈസൽ റാസി എന്ന സംഗീത വിദ്യാർഥി ഗിറ്റാറിന്റെ അകമ്പടിയോടെ ഒരു ഗാനമവതരിപ്പിച്ചു. ‘ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി...’ എന്ന കവിത തുളുമ്പുന്ന, നാടൻ ശീലുകളിലുള്ള ഗാനം. ആരെഴുതിയ പാട്ടാണിതെന്ന് അവർക്കറിയില്ലായിരുന്നു. വർഷങ്ങളായി സീനിയേഴ്സ് പാടിനടന്ന, സൗഹൃദനേരങ്ങളിൽ കയ്യടിച്ചു താളത്തിൽ ഏറ്റുപാടിയ പാട്ട്. ഒറ്റക്കേൾവിയിൽ കാതിലുടക്കിയ പാട്ട് സിനിമയിൽ ഉപയോഗിക്കണമെന്ന് അപ്പോൾത്തന്നെ എബ്രിഡ് തീരുമാനിച്ചു.

എഴുത്തുകാരനെ തേടിയായിരുന്നു അടുത്ത യാത്ര. കേരളത്തിലെ പഴയ പാട്ടുകൾ ശേഖരിക്കുന്നവരെയും നാടൻ പാട്ടുകൾ അറിയാവുന്നവരെയും ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഒടുവിൽ ഫൈസൽ റാസി തന്നെ സംഗീതം നൽകി പാടി ‘ഞാനും ഞാനുമെന്റാളും’ റിക്കോർഡ് ചെയ്തു.

പാട്ട് ഇറങ്ങിക്കഴിഞ്ഞ് ഒരു രാത്രി എറണാകുളത്തെ കുഴൂർ ഗ്രാമത്തിൽനിന്നു സംവിധായകനെത്തേടി ഒരു വിളിയെത്തി. വിനോദ്, കണ്ണൻ എന്നീ രണ്ടു മരപ്പണിക്കാരാണ് ഈ പാട്ടിനു പിന്നിൽ എന്നറിയിക്കാനായിരുന്നു അത്. ആ രാത്രിതന്നെ അവരെത്തേടി പുറപ്പെട്ടു. അവർ പറഞ്ഞ കഥ ഇങ്ങനെ: ഏകദേശം എട്ടു വർഷം മുൻപ് അടുത്തുള്ളൊരു ഷാപ്പിൽ പ്രായമായൊരാൾ എഴുതി പാടുന്നതായാണ് ഈ പാട്ട് അവർ കേട്ടത്. അന്ന് അവിടെയുണ്ടായിരുന്നവർ അതേറ്റുപാടി. ഒരുപക്ഷേ, ആ വയോധികനാകും ഈ പാട്ടെഴുതിയത്. അദ്ദേഹം എവിടുത്തുകാരനാണെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ ഒന്നുമറിയില്ല. ‌

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥി സുധീഷ് സുധൻ മറ്റൊരു കഥയാണ് എബ്രിഡിനോടു പറഞ്ഞത്: കോളജ് പഠനകാലത്തു വൈകുന്നേരം വള്ളത്തിൽ പണിക്കുപോകുമായിരുന്നു. അരൂർഭാഗത്തു പണിക്കിടെ വള്ളക്കാർ പാടിയാണ് ഈ പാട്ട് കേട്ടത്. പിന്നെ സുധീഷ് തന്നെ കോളജിലെ കൂട്ടായ്മകളിൽ ഈ വരികൾ പാടാൻ തുടങ്ങി.  മനസ്സു നിറയെ താളവും കവിതയുമുള്ള ഏതോ ഒരു പ്രതിഭ അല്ലെങ്കിൽ ഒരുകൂട്ടം പ്രതിഭകൾ ഏതോകാലത്ത് എഴുതി വാമൊഴിയായി പാടിപ്പതിഞ്ഞ പാട്ടാണ് ഇതെന്നു വിശ്വസിക്കാനാണു സംവിധായകനിഷ്ടം. ചിത്രീകരണം തുടരുന്ന ‘പൂമരം’ എന്ന സിനിമയിൽ ഉൾപ്പെടുത്തിയ ഗാനം യൂട്യൂബിലൂടെ പ്രചരിച്ചതോടെ ഇതേ പാട്ടിന്റെ പല വകഭേദങ്ങളും പലസ്ഥലങ്ങളിൽ നിന്നായി പലരും എബ്രിഡിന് അയച്ചുകൊടുക്കുന്നുണ്ട്. വിവിധ ക്യാംപസുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുവപ്രതിഭകളാണു ഗാനരംഗത്തു കാളിദാസിനൊപ്പം അഭിനയിച്ചിരിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.