സംഗീത വ്യവസായം സ്ട്രീമിങ്ങിലേക്ക്

റേഡിയോയ്ക്കു സമീപം ഇരുന്നാലേ പാട്ടു കേൾക്കാനാവൂ എന്ന സ്ഥിതിയിൽനിന്ന് എത്രയോ ഉയരെയാണിപ്പോൾ നമ്മൾ. കസെറ്റ് പ്ലെയറിൽനിന്ന് സിഡി പ്ലെയറിലേക്കും എംപി ത്രീ പ്ലെയറിലേക്കുമൊക്കെ ഒഴുകിയ സംഗീതം ഇപ്പോൾ സർവവ്യാപി. മൊബൈൽ ഫോൺ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നായി സംഗീതം.

ഇഷ്ടമുള്ള പാട്ട് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാൻ ‘എംബി’ക്കണക്കിനു സ്ഥലമുള്ള മൈക്രോ എസ്ഡി കാർഡുകളുമായി നടക്കുന്നു ജനം. ഡൗൺലോഡ് ചെയ്തു സൂക്ഷിക്കാതെ, ആവശ്യമുള്ളപ്പോൾ കേൾക്കാൻ സ്ട്രീമിങ് സൈറ്റുകളുടെ നീണ്ട നിര വേറെ. സ്വന്തമായി വാങ്ങുന്നതും ആവശ്യമുള്ള സമയത്തേക്ക് വാടകയ്ക്ക് എടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണു ഡൗൺലോഡും സ്ട്രീമിങ്ങും തമ്മിലുള്ളതെന്നു പറയാം. ഇവ തമ്മിൽ ഇന്ത്യക്കാർക്കു വലിയ വ്യത്യാസം തോന്നുന്നില്ലെങ്കിൽ അതിനു കാരണം ‘പൈറസി’ അത്രയേറെ ശക്തമായതാണ്. ഏതു പാട്ടും ഒരു ലൈസൻസും വാങ്ങാതെ പ്രചരിപ്പിക്കുന്നതാണ് നമ്മുടെ രീതി. ഡിജിറ്റൽവൽക്കരണത്തിന്റെ അനന്ത സാധ്യതകളിലൊന്നായ കോപ്പിയെടുക്കൽ മ്യൂസിക് വ്യവസായത്തിന്റെ നാശത്തിനു വഴിയൊരുക്കുമെന്നത് ഏറെക്കാലമായി ചർച്ചാ വിഷയം.

വികസിത രാജ്യങ്ങളിൽ ഈ രംഗത്ത് ശക്തമായ നിയമ സംവിധാനങ്ങളുള്ളതിനാൽ അംഗീകൃത മ്യൂസിക് ഡൗൺലോഡും സ്ട്രീമിങ്ങുമാണു ബിഗ് ബിസിനസ്. ഡിജിറ്റൽ സാമ്രാജ്യത്തിലെ ചക്രവർത്തിയോ ചക്രവർത്തിമാരിൽ ഒരാളോ ആയ ‘ആപ്പിൾ’ മ്യൂസിക് സ്ട്രീമിങ് രംഗത്തേക്ക് കാൽവച്ചത് ഇതിന്റെ വമ്പൻ വാണിജ്യ സാധ്യതകളറിഞ്ഞുതന്നെ. ഭൂമിയിലെ ഏറ്റവും വലിയ സംഗീതശേഖരമാണ് ആപ്പിളിന്റെ ഐട്യൂൺസ്. ഡൗൺലോഡ് വരുമാനം ഏറ്റവും കൂടുതൽ നേടുന്നത് അവർ തന്നെ. എന്നിട്ടും ബീറ്റ്സ് എന്ന സ്ട്രീമിങ് സൈറ്റിനെ ഏറ്റെടുത്ത് സ്ട്രീമിങ് രംഗത്തേക്ക് വരാൻ ആപ്പിൾ തീരുമാനിച്ചത് സമീപ ഭാവിയിൽത്തന്നെ ഉണ്ടാകാൻ പോകുന്ന മാറ്റം മനസ്സിലാക്കിയാണ്.

അമേരിക്കയിൽ മ്യൂസിക് ഡൗൺലോഡിന് ആപ്പിൾ ഐട്യൂൺസ് അടക്കമുള്ള വിതരണക്കാർ ഈടാക്കുന്ന തുകയെക്കാൾ വളരെ വളരെ കുറവാണ് സ്പോട്ടിഫൈ, പൻഡോറ തുടങ്ങിയ സൈറ്റുകൾ പാട്ട് സ്ട്രീം ചെയ്തു കേൾക്കാൻ ഈടാക്കുന്നത്. ചെറിയ തുക മാസവരിസംഖ്യ നൽകിയാൽ ഇഷ്ടം പോലെ പാട്ടുകൾക്കാവുന്ന പാക്കേജുകളുണ്ട്. ആപ്പിൾ ഐ‍ട്യൂൺസിൽ ഡൗൺലോഡുകളുടെ എണ്ണം കഴിഞ്ഞ വർഷം മുൻകൊല്ലത്തെക്കാൾ 13% കുറഞ്ഞു. സ്ട്രീമിങ് സൈറ്റുകൾക്ക് ഉപയോക്താക്കൾ കൂടുകയും ചെയ്തു.

ആവേശം മൂത്ത് സിഡി വാങ്ങിയാലും അത് എത്ര നാൾ കേൾക്കും... കേൾക്കാൻ തോന്നുമ്പോൾ സ്ട്രീമിങ് സൈറ്റുകളിലേക്കു പോയാൽപ്പോരേ...എന്ന ചിന്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കും പടരുമെന്ന് ആപ്പിളിന് ഉറപ്പുണ്ട്. ഇന്ത്യയിൽ രാഗ.കോം തുടങ്ങിയ ഏതാനും സൈറ്റുകൾ ലക്ഷക്കണക്കിനു ഗാനങ്ങളുടെ ശേഖരവുമായി നേരത്തേതന്നെ രംഗത്തുണ്ട്. മിക്കവരും സൗജന്യ സ്ട്രീമിങ് അനുവദിച്ചാണ് ഉപയോക്താക്കളെ ആകർഷിക്കുന്നത്. പിന്നീട് പുതിയ ഗാനങ്ങൾക്ക് നേരിയ തുക ഈടാക്കുമ്പോഴും ആളുകൾക്കു വിഷമമില്ല.

സ്മാർട്ഫോണുകളും തികച്ചും യൂസർ–ഫ്രൻഡ്‌ലി ആയ ആപ്പുകളും വ്യാപകമായതോടെ പച്ച പിടിക്കാൻ തുടങ്ങിയ സ്ട്രീമിങ് ഇനി പിടിച്ചാൽ കിട്ടില്ലെന്നു വിപണി നിരീക്ഷകർ പറയുന്നു.

ബ്രോഡ്കാസ്റ്റ് സംഗീതത്തിന് ഇന്ത്യ തുറന്നുവച്ച സാധ്യത എത്ര വലുതാണെന്ന് എഫ്എം റേഡിയോയുടെ ജനപ്രീതി തെളിയിച്ചുകഴിഞ്ഞു. സ്ട്രീമിങ് സേവനദാതാക്കളിലൂടെ ഓരോ ആളുടെയും ചെവിയിലേക്ക് വ്യക്തഗത അനുഭവമായെത്തുന്ന ‘നാരോ’കാസ്റ്റ് സംഗീതത്തിനും ഇന്ത്യ വളക്കൂറുള്ള മണ്ണാകുമെന്നതിൽ ആഗോള മ്യൂസിക് വ്യവസായികൾക്ക് സംശയമില്ല.