തലൈവർ നെരുപ്പ്ഡാ...അന്നും ഇന്നും

സൂപ്പർ സ്പീഡിലാണു ബൈക്ക്. അതിലിരുന്നു രണ്ട് ഫ്രീക്കൻമാർ വിളിച്ചു പറയുകയാണ്...നെരുപ്പ്ഡാ... നട്ടെല്ലൊടിക്കുന്ന ഭാരമുള്ള സ്കൂൾ ബാഗും തൂക്കി സ്കൂളിൽ പോകുന്ന പിള്ളേരുടെ ചർച്ചയും അതുതന്നെ. രജനി പടം ഓടിക്കാനുള്ള ഒരുക്കങ്ങളെ കുറിച്ചു തീയറ്ററിലെ സെക്യൂരിറ്റിയോട് തിരക്കിട്ട ചർച്ചയിലാണു പഴക്കടയിലെ ചേട്ടൻ. ന്യൂസ് ഡെസ്കിലെ സഹപ്രവർത്തകരോട് ഗൗരവക്കാരനായ എഡിറ്റർക്കു ചോദിക്കാനുള്ളതും കബാലിയെക്കുറിച്ചു തന്നെ. എങ്ങും കബാലിയാണ്. ടിവിയിലും പത്രത്തിലും ഓൺലൈനിലും ഓട്ടോറിക്ഷയിലും ബസ്‍ സ്റ്റാൻഡിലും ചായക്കടയിലും എന്നു വേണ്ട എല്ലായിടത്തും നെരുപ്പ്ഡാ...തന്നെ. ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കും ആ വരവും ത്രില്ലിങ് കഥയും മാത്രമല്ല, പാട്ടുകളും ത്രസിപ്പിക്കുന്നു; എന്നത്തേയും പോലെ.

ഇങ്ങനെ കാലാതീതമായി പാടുവാൻ ഓരോ കേൾവിയിലും കേട്ടിരിക്കുന്നവരെ ഊർജ്ജസ്വലമാക്കുന്ന ഗാനങ്ങൾ എന്നുമുണ്ടായിരുന്നു രജനീകാന്ത് ചിത്രങ്ങളിൽ. ജനമനസുകൾ മാത്രമല്ല, ഒരുപക്ഷേ ചലച്ചിത്രങ്ങളിൽ പോലും ഏറ്റവുമധികം പ്രാവശ്യം ഉപയോഗിച്ചിട്ടുള്ള പാട്ടുകൾ രജനീകാന്തിന്റെയാകും. ഓർമയില്ലേ റാണീ പത്മിനിയിലെ ആ രംഗം. റാണിയും പത്മിനിയും ഹോട്ടലുടമസ്ഥൻ കാട്ടിയ ചിത്രങ്ങളിലേക്കു അന്തംവിട്ടു നോക്കിനിൽക്കുമ്പോൾ പിന്നണിയിൽ മുഴങ്ങുന്ന ഗാനം. മഹേഷിന്റെ പ്രതികാരത്തിൽ നായികായായ അപർണാ ബാലമുരളി ഫ്ലാഷ് മോബ് കളിക്കുന്ന പാട്ടുകളിലൊന്നും രജനീകാന്തിന്റെയാണ്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സിനിമകളിൽ രജനീകാന്ത് പാട്ടുകൾ മൂളിപ്പറന്നിട്ടുണ്ട്. കാര്യമൊക്ക ഇതുതന്നെയെങ്കിലും ഇനി അങ്ങനെയൊരു തരംഗമുണ്ടാകുമോ എന്നു നമുക്ക് സംശയമായിരുന്നു. കാരണം കാലം മാറിയില്ലേ. ആളുകളുടെ ആസ്വാദന ശൈലിയും മാറിയില്ലേ. ആ സംശയത്തിനുള്ള ഉത്തരമാണു ഈ നാല് അക്ഷരങ്ങൾ. നെരുപ്പ്ഡാ....അരുണ്‍രാജ കാമരാജ എഴുതി സന്തോഷ് നാരായണന്റെ ഈണത്തിനനുസരിച്ചു പാടി പാട്ട്. വരികൾ അരുൺരാജയുടേതെങ്കിലും നെരുപ്പ്ഡാ എന്ന ഹരംപിടിപ്പിച്ച വാക്കു രജനീകാന്തിന്റെ സംഭാവനയാണ്. 

പടയപ്പയും ബാഷയും ദളപതിയും പുറത്തിറങ്ങിയ കാലത്തല്ല കബാലിയെത്തുന്നത്. കൈവിരൽത്തുമ്പൊന്ന് അമർത്തിയാൽ ലോകത്തു പുതിയതായി സൃഷ്ടിക്കപ്പെടുന്നതെന്തും മുന്നിലെത്തുന്ന കാലത്താണു പി.രഞ്ജിത് കബാലീശ്വരനെ അണിയിച്ചൊരുക്കിയത്. ലോകത്തിറങ്ങുന്ന വിഡിയോകളെല്ലാം ഒന്നുചേരുന്നിടമായ യുട്യൂബിൽ, ലോകമൊന്നു ചേരുന്ന സമൂഹമാധ്യമങ്ങളിൽ, ഓൺലൈൻ മിഡിയകളുടെ പോപുലർ വാർത്തകള്‍ക്കിടയിൽ എല്ലാം കബാലി മാത്രമായി മാറി. പ്രത്യേകിച്ചും പാട്ടുകൾ. പഴയ രജനീകാന്ത് പാട്ടുകൾ അപ്പോഴും മുഴങ്ങിക്കേള്‍ക്കുന്നു. തീയറ്റുകള്‍ക്കുള്ളിൽ നിറഞ്ഞ കയ്യടികളോടെ എതിരേറ്റ പാട്ടുകളും വർത്തമാനങ്ങളും ഒന്നുകൂടി ഉയർന്നു പൊങ്ങുന്നു. 

യുട്യൂബിനെ ഞെട്ടിച്ചു കൊണ്ടാണ് ഓരോ കബാലി ഗാനങ്ങളുമെത്തിയത്. മണിക്കൂറുകൾ കൊണ്ടു വിഡിയോ കാണുന്നവരുടെ എണ്ണം ദശലക്ഷങ്ങൾ കടന്നുപോയി. യുവതാരങ്ങളുടെ പാട്ടുകളുടെ വിഡിയോകൾ മാസങ്ങളുടെ ഇഴച്ചിലിനൊടുവിൽ നേടുന്ന കാര്യമാണു ഈ അറുപത്തിയഞ്ചുകാരന്റെ ഗാനങ്ങൾ ഇത്ര വേഗം നേടിയെടുത്തത്. കുതിരപ്പുറത്തേറി ആവേശത്തോടെ പാഞ്ഞുവരുന്ന മുത്തുവിനേയും ഓട്ടോക്കാരന്റെ നന്മയുളള ജീവിതത്തെ കുറിച്ചു പാടിയാടുന്ന മാണിക്യത്തേയും രക്തബന്ധം കൊണ്ടല്ല കർമം കൊണ്ടു ജ്യേഷ്ഠനായി മാറിയ ദേവരാജനൊപ്പം കാട്ടുക്കുയിലേ എന്നു പാടുന്ന സൂര്യയേയും പോലെ കബാലീശ്വരന്റെ പാട്ടും ഉള്ളിന്റെയുള്ളിലങ്ങു ചേർന്നിരുന്നുപോയി.

പുതുപുത്തൻ ടെക്നോളജികൾ അവതരിപ്പിക്കുന്ന ആർഭാടകരമായ ലോഞ്ചിങ് വേദികളിൽ തുടങ്ങി വഴിയരികിലെ ചായക്കടയിൽ വരെ കാലാതീതമായി ഉയർന്നു കേൾക്കുന്നു തലൈവർ പടങ്ങളിലെ പാട്ടുകൾ. കൊട്ടകങ്ങളിൽ നിന്നു കൈപിടിച്ചിറക്കി ഓരോ പ്രേക്ഷകനും അവന്റെ വീടിനുള്ളിൽ കുടിയിരുത്തിയ അഭിനയ വിസ്മയത്തിന്റെ പാട്ടുകളെ അദ്ദേഹത്തെ പോലെ സ്നേഹിക്കുന്നു ഓരോ പ്രേക്ഷകനും. രജനിയെന്ന വികാരം അദ്ദേഹത്തിന്റെ പാട്ടുകളോടുമുണ്ട്. പടയപ്പയിലേയും ബാഷയിലേയും ഗാനങ്ങൾ നേരേ ചൊവ്വേ വർത്തമാനം പറയാനറിയാത്ത കുട്ടികളിലേക്കു വരെ ചെന്നെത്തുന്നു എന്നും. 

കൊടും പട്ടിണിയുടെ ബാല്യവും കൂലിയായ അലഞ്ഞ കൗമാരവും കണ്ടക്ടറായി മാറിയ യൗവനവും കലയോടു ചേരാൻ വേണ്ടി നാടകക്കാരനായ കാലവും കടന്നു ഇന്ത്യൻ സിനിമയിലെ വികാരമായി മാറിയ രജനീകാന്ത് സിനിമയിൽ വന്ന അന്നു തൊട്ട് ഇന്നു വരെ തലൈവർ‌ തന്നെ. ആദ്യ ചിത്രം കണ്ടിറങ്ങിയ അന്നു വിളിച്ച അതേ ഊർജ്ജത്തോടെ ഇന്നും സ്ക്രീനിൽ ആദ്യം രജനിയെത്തുമ്പോൾ അവർ ആർപ്പുവിളിക്കുന്നു തലൈവറെന്ന്. അന്ന് ഏറ്റുപാടിയതു പോലെ ഇന്നും ചെയ്യുന്നു. കുതിച്ചുയരുന്ന ഡിജിറ്റൽ ലോകവും അതിനൊപ്പം കൂടുന്നു. രജനീകാന്ത് അന്നും ഇന്നും തലൈവറാണ്. അഭിനയത്തിലും സ്റ്റൈലിലും ജനപ്രീതിയിലും പിന്നെ പാട്ടിലും.