ഉദിത് നാരായണൻ മുതൽ അരിജിത് സിങ് വരെ: അസാധ്യം ഈ അനുകരണം

സാധാരണ അഭിനേതാക്കളാണ് അനുകരണ കലയിലെ ആയുധങ്ങൾ. അപൂർവ്വമായേ ഗായകരെ ആ സ്ഥാനത്തേക്ക് അനുകരണ കലയിലെ ആശാൻമാർ കൊണ്ടുവരാറുള്ളൂ. സിദ്ധാർഥ് സ്ലാതായി വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ജമ്മു സ്വദേശിയായ പയ്യൻസിപ്പോൾ ഒരു കുഞ്ഞു താരമാണ്. എങ്ങനെയെന്നല്ലേ...

ആഷിഖി ടു വിലെ ആ പാട്ട് ഓർമ്മയില്ലേ തും ഹി ഹോ...അരിജിത് പാടിയ പ്രണയാർദ്രമായ ഗാനം. ഈ പാട്ട് ഒമ്പതു ഗായകരുടെ സ്വരത്തിൽ പാടിയിരിക്കുകയാണ് സിദ്ധാർഥ്. അതും ബോളിവുഡിലെ എക്കാലത്തേയും മികച്ച ഗായകരുടെ സ്വരത്തിൽ. ഉദിത് നാരായണൻ, കുമാർ സാനു, മൈകാ സിങ്, ആഷ് കിങ്, ഹിമേഷ് റെഷമ്മിയ, ഷബീർ കുമാർ, അരിജിത് സിങ്, അതിഫ് അസ്ലാം എന്നിവരുെട സ്വരത്തിൽ കേട്ടാൽ ഈ പാട്ടെങ്ങനിരിക്കുമെന്നാണ് സിദ്ധാർഥ് പാടിയത്. 

എല്ലാ ഗായകരേയും ഒരുപാടിഷ്ടമാണ്. അതിയായ ബഹുമാനവും അവരോടുണ്ട്. ഓരോരുത്തരുടേയും ശൈലിയിൽ പാടിയാൽ എങ്ങനെയിരിക്കുമെന്നൊന്നു ശ്രമിച്ചു നോക്കിയതാണ്. എല്ലാവരും ഈ ശ്രമത്തെ ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നനും വിഡിയോ പങ്കുവച്ചുകൊണ്ട് സിദ്ധാർഥ് കുറിച്ചു. എന്തായാലും വിഡിയോ എല്ലാവർക്കും ഇഷ്ടപ്പെട്ടു. സമൂഹമാധ്യമത്തില്‍ വിഡിയോ കണ്ടത് ഏകദേശം ഒരു ലക്ഷത്തോളം പ്രാവശ്യമാണ്. പന്ത്രണ്ടായിരത്തിലധം പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു. 

അരിജിത് സിങ് പാടിയ ഏറ്റവും മനോഹരമായ ഗാനങ്ങളിലൊന്നാണ് തും ഹി ഹോ. മിതൂൺ ആണ് വരികളും ഈണവും സൃഷ്ടിച്ചത്. 2013ൽ പുറത്തുവന്ന പാട്ട് യുട്യൂബിലും ഹിറ്റ് ആണ് ഇപ്പോഴും.