മോദിക്കു മുൻപിൽ വന്ദേമാതരം പാടുവാൻ സുധാ രഞ്ജിത്

കർണാട്ടിക് സംഗീതജ്ഞ സുധാ രഞ്ജിത് നാളെ ഗാനമാലപിക്കുന്നത് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു വേദിയിലാണ്. കോഴിക്കോട്ട് ആരംഭിച്ച ബിജെപി ദേശീയ സമ്മേളനത്തിൽ നാളെ നടക്കുന്ന പരിപാടികൾക്കു വന്ദേമാതരം പാടി തുടക്കം കുറിക്കുമ്പോൾ അതിനു സ്വരമാകുന്നത് സുധാ രഞ്ജിത് ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ സുധയുടെ ആലാപനത്തിനു സാക്ഷികളാകും.

കർണാട്ടിക് സംഗീതവും ഗസലും ഒരുപോലെ പാടുന്ന അപൂർവം ഗായികമാരിലൊരാളാണു സുധ. രാജ്യത്തിനകത്തും പുറത്തുമായി എത്രയോ വേദികളിൽ സംഗീതംകൊണ്ടു സാന്നിധ്യമറിയിച്ച ഗായിക. പക്ഷേ തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് ഈ അവസരത്തെ ഗായിക വിശേഷിപ്പിക്കുന്നത്. ‘സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിക്കു മുൻപിൽ, രാജ്യം ഉറ്റുനോക്കുന്ന വേദിയിൽ പാടാനാകുന്നതിനെ ഭാഗ്യമെന്നല്ലാതെ മറ്റെന്തു പറയാൻ. സംഗീതം പഠിപ്പിച്ച ഗുരുക്കൻമാരെ സ്മരിക്കുന്നു ഈ നിമിഷത്തിൽ. ഒരു പ്രധാനമന്ത്രിക്കു മുൻപിൽ ആദ്യമായാണു പാടുന്നത്. അതിന്റെ ആകാംക്ഷയുണ്ട്. ഈ അവസരത്തിന്റെ സന്തോഷം ഈ ജന്മം മുഴുവൻ ഒപ്പമുണ്ടാകും’- സുധാ രഞ്ജിത് മനോരമ ഓൺലൈനിനോടു പറഞ്ഞു. ബിജെപിയുടെ പ്രമുഖ നേതാവും അടുത്ത ബന്ധുവുമായ അഡ്വ. നാരായണൻ നമ്പൂതിരിയുടെ മകളുടെ വിവാഹച്ചടങ്ങിൽ സംഗീതക്കച്ചേരി നടത്തിയതാണ് സുധാ രഞ്ജിതിന് ഇത്തരമൊരു അവസരം തുറന്നുകൊടുത്തത്.

ഇന്ത്യയിൽ ഏകദേശം എല്ലാ സംഗീത വേദികളിലും സുധ കച്ചേരി അവതരിപ്പിച്ചു. കേരളത്തിന്റെ അഭിമാനമായ സൂര്യാ ഫെസ്റ്റിവൽ, സ്വരലയ എന്നിവയില്‍ കാലങ്ങളായി സുധയുടെ സാന്നിധ്യമുണ്ട്. ‌സൂര്യാ കൃഷ്ണമൂർത്തി സമ്മാനിച്ച ലോക വേദികളാണ് സുധയുടെ സംഗീത ജീവിതത്തെ കൂടുതൽ വിശാലമാക്കിയത്. പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിക്കൊപ്പം പാടിക്കൊണ്ടാണ് കര്‍ണാട്ടിക് സംഗീതത്തിനപ്പുറത്തേക്കു സുധ യാത്ര തുടങ്ങിയത്. ഉമ്പായി നൽകിയ ആത്മവിശ്വാസമാണ് ഗസൽ പാടുവാൻ സുധയ്ക്ക് ആത്മവിശ്വാസം നൽകിയത്. സംഗീതലോകത്ത് അത് വേറിട്ടൊരിടവും സുധയ്ക്കു സമ്മാനിച്ചു.