സ്വാതി സംഗീത പുരസ്‌ക്കാരം അംജത്ത് അലിഖാന്

സംസ്ഥാന സർക്കാരിന്റെ സ്വാതി സംഗീത പുരസ്‌ക്കാരം പ്രശസ്ത സരോദ് വാദകനായ അംജത്ത് അലിഖാന്. സംഗീത ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അംജത്ത് അലി ഖാന് പുരസ്‌ക്കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സ്വാതി തിരുനാൾ രാമവർമ്മയുടെ സ്മരണാർഥം 1997 മുതൽ കേരള സർക്കാർ നൽകി വരുന്ന പുരസ്‌ക്കാരമാണ് സ്വാതി സംഗീത പുരസ്‌ക്കാരം. കഴിഞ്ഞ വർഷം പ്രശസ്ത സംഗീതജ്ഞൻ തൃച്ചൂർ വി രാമചന്ദ്രനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

ആറാം വയസു മുതൽ സംഗീതത്തിൽ വിസ്മയം തീർത്ത അംജത്ത് അലി ഖാൻ 1945 ഒക്ടോബർ 9 നാണ് ജനിക്കുന്നത്. ഗ്വാളിയോർ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാൻ പിതാവും രഹത് ജഹാൻ മാതാവുമാണ്. അദ്ദേഹത്തിന്റെ കുടുംബമാണ് സരോദ് എന്ന വാദ്യോപകരണം രൂപകൽപ്പന ചയ്തെത്. അംജദ് അലി ഖാൻ തന്റേതായ ഒരു ശൈലി സരോദ് വായനയിൽ രൂപപ്പെടുത്തിയിട്ടുണ്ട്. തന്റെ വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചനകളും, സാങ്കേതിക മികവും അദ്ദേഹത്തെ സരോദ് വായനക്കാരിൽ മികച്ച ഒരാളാക്കി മാറ്റി. ഇന്ന് ഇന്ത്യൻ സംഗീതലോകത്തെ അതിപ്രഗത്ഭരായ സംഗീതജ്ഞരിൽ ഒരാളാണ് അംജത്ത് അലിഖാൻ.

യുണസ്‌കോ പുരസ്‌ക്കാരം, പദ്മവിഭൂഷൺ, പത്മശ്രീ, പത്മഭൂഷൻ, യുണിസെഫിന്റെ ദേശീയ അംബാസിഡർ, വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ക്രിസ്റ്റൽ പുരസ്‌ക്കാരം തുടങ്ങി ദേശീയവും അന്തർദ്ദേശീയവുമായി നിരവധി പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.