പരസ്യത്തിൽ അഭിനയിക്കാൻ ഹാരിസിനും സ്വിഫ്റ്റിനും വൻ ഓഫർ

പോപ്പ് ലോകത്തെ ഏറ്റവും പുതിയ പ്രണയ ജോഡികളാണ് ടെയ്‌ലർ സ്വിഫ്റ്റും കാൽവിൻ ഹാരിസും. പാപ്പരാസികൾ മാത്രമല്ല ഇവരെ പിടിക്കാൻ വട്ടം ചുറ്റുന്നത്, അർമാണിയുടെ അടിവസ്ത്ര പരസ്യത്തിൽ അഭിനയിക്കാൻ ഈ താര ജോഡികൾക്ക് 10 ദശലക്ഷം ഡോളറാണ് (ഏകദേശം 65 കോടി) കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹോളിവുഡ് ലോകത്തെ 'എ' ലിസ്റ്റ് കപ്പിൾസായ ടെയ്‌ലർ സ്വിഫ്റ്റിനേയും കാൽവിൻ ഹാരിസിനേയും തങ്ങളുടെ പരസ്യമോഡലുകളാക്കിയാൽ തങ്ങൾക്ക് വലിയ നേട്ടമായിരിക്കുമെന്നാണ് അർമാണി കരുതുന്നത്. 2009 ൽ ബ്രിട്ടീഷ് ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാമും ഭാര്യയും ഗായികയുമായ വിക്ടോറിയ ബെക്കാമും അർമാണി അടിവസ്ത്ര പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.

പോപ്പ് ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഗീത ജോഡികളാണ് കാൽവിനും സ്വിഫ്റ്റും, ഇരുവർക്കും കൂടി ഏകദേശം 146 ദശലക്ഷം ഡോളറിന്റെ ആസ്തിയുണ്ട്. സ്‌കോട്ടീഷ് ഡിജെയും പാട്ടുകാരനുമായ കാൽവിൻ ഹാരിസ് ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഡീജെയാണ്. ഒരു രാത്രിക്ക് മാത്രമായി ഏകദേശം 2 കോടി രൂപയാണ് ഹാരിസ് ഈടാക്കുന്നത്. 1984 ൽ സ്‌കോട്ട്‌ലാന്റിൽ ജനിച്ച ആഡം റിച്ചാർഡ് വെയിൽസ് എന്ന കാൽവിൻ ഹാരിസ് ഇലക്‌ട്രോണിക്ക് സംഗീതത്തിലെ പ്രമുഖരിൽ ഒരാളാണ്. 2007 ൽ പുറത്തിറങ്ങിയ ആൽബം 'ഐ ക്രിയേറ്റഡ് ഡിസ്‌കോ' 2009 ൽ പുറത്തിറങ്ങിയ 'റെഡി ഫോർ വീക്കെന്റ്' 2012 ൽ പുറത്തിറങ്ങിയ '18 മന്ത്‌സ്' എന്നിയ യുകെ യിലെ ഹിറ്റ് ആൽബങ്ങളാണ്.

പോപ്പ് സംഗീതത്തിലെ അതിപ്രശസ്തയാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്‌ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്‌ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ് (2012), 1989 (2014) എന്നീ ആൽബങ്ങൾ ടെയ്‌ലറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഏഴ് ഗ്രാമി പുരസ്‌കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്‌കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്.