ടെയ്‌ലർ സ്വിഫ്റ്റും കാനിയെ വെസ്റ്റും ഒന്നിക്കുന്നു

കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീതത്തിലേയ്ക്ക് ചേക്കേറിയ താരം ടെയ്‌ലർ സ്വിഫ്റ്റ് തന്റെ അടുത്ത ആൽബത്തിന് വേണ്ടി കാനിയെ വെസ്റ്റുമായി ഒരുമിക്കുന്നു. സ്വിഫ്റ്റ് തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞതാണീകാര്യം, തന്റെ 1989 എന്ന ആദ്യപോപ്പ് ആൽബം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നു അതേപോലുള്ള ആൽബങ്ങൾ താൻ ഇനിയും പുറത്തിറക്കുമെന്നുമാണ് സ്വിഫ്റ്റ് അഭിമുഖത്തിൽ പറഞ്ഞത്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ ആറാമത്തെ ആൽബമാണ് 1989. കഴിഞ്ഞ വർഷത്തെ ഹിറ്റ് ആൽബമായി മാറിയ 1989 നിരവധി റെക്കോർഡുകളും തകർത്തിട്ടുണ്ട്. 2002 ന് ശേഷം ആദ്യ ആഴ്ച്ചയിൽ 13 ലക്ഷം കോപ്പികൾ വിറ്റ ആദ്യ ആൽബം, തുടരെ തുടരെ രണ്ട് സിംഗിളുകൾ ബിൽബോർഡ് പട്ടികയിൽ ഇടം പിടിച്ച ആൽബം, തുടർച്ചയായി പത്ത് ആഴ്ച്ചകൾ ഹോട്ട് 100 ലിസ്റ്റിൽ ഇടം പിടിച്ച സിംഗിളുകളുള്ള ആൽബം എന്നീ റിക്കോർഡുകൾ 1989 സ്വന്തമാക്കിയിരുന്നു. ഇതുകൂടാതെ ഷെയ്ക് ഇറ്റ് ഓഫ്, ബ്ലാങ്ക് സ്പെയ്സ് എന്ന ഗാനങ്ങൾ ബിൽബോർഡ് 100 പട്ടികയിൽ ഇടംപിടിച്ചതോടെ 56 വർഷത്തെ ബിൽബോർഡ് ചരിത്രത്തിൽ തന്നെ ആദ്യമായി അടുപ്പിച്ച് രണ്ട് ഗാനങ്ങൾ ഹോട്ട് 100 പട്ടികയിൽ എത്തിക്കുന്ന താരം എന്ന ബഹുമതി സ്വിഫ്റ്റിനെ തേടി എത്തിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഷെയ്ക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന്റെ വിഡിയോ ഇതുവരെ 77 കോടി ആളുകളും നവംബറിൽ പുറത്തിറങ്ങിയ ബ്ലാങ്ക് സ്പെയ്സ് 81 കോടി ആളുകളും കഴിഞ്ഞ മാസം പുറത്തിറങ്ങിയ സ്റ്റൈൽ 14 കോടി ആളുകളുമാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്. അമേരിക്കൻ കൺട്രി സംഗീതത്തിൽ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി.