ടെയ്‌ലർ സ്വിഫ്റ്റ് സൂപ്പർ ഹോട്ട്

ലോകത്തിലെ ഏറ്റവും ഹോട്ടയാ താരം ആരാണെന്നറിയാൻ എല്ലാവർക്കും താൽപര്യമുണ്ട്. 2015 ഹോട്ടായ 100 താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ടെയ്‌ലർ സ്വിഫ്റ്റ് അതിൽ ഒന്നാം സ്ഥാനത്ത്. ഇത് ആദ്യമായാണ് മാക്സിം ഹോട്ട് 100 പട്ടികയിൽ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്തെത്തുന്നത്. നേരത്തെ മൈലി സൈറസ്, കാറ്റി പെറി തുടങ്ങിയ പോപ്പ് താരങ്ങൾ 2000 ൽ ആരംഭിച്ച മാക്സിം ഹോട്ട് 100 ൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ കൂട്ടുകാരിയായ സെലീന ഗോമസ് മൂന്നാം സ്ഥാനത്താണ് എത്തിയിരിക്കുന്നത് കൂടാതെ മൈലി സൈറസ് ആറാം സ്ഥാനത്തും മാക്സിം ഹോട്ട് 100 2014 ലെ ഹോട്ട് പാട്ടുകാരിയായ കാറ്റി പെറി പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്. അരിയാന ഗ്രാന്റേ(24), റിയാന്ന (31) , ബിയോൺസ് (40), ഇഗ്ഗി അസോലിയ (55), ചാർളി എക്സ് സി എക്സ് (75), റീത്ത ഓറ (79) തുടങ്ങിയവരാണ് ഹോട്ട് 100 പട്ടികയിൽ ഇടം പിടിച്ച മറ്റ് താരങ്ങൾ.

അമേരിക്കൻ കൺട്രി സംഗീതത്തിലെ പ്രമുഖ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റ് കൺട്രി സംഗീതത്തിൽ നിന്നും പോപ്പ് സംഗീതത്തിലേയ്ക്കുള്ള ചുവടുമാറ്റം ഭാഗ്യങ്ങൾ കൊണ്ടു വന്നിരിക്കുകയാണ്. ആദ്യ പോപ്പ് ആൽബം 1989 സൂപ്പർഹിറ്റായി മുന്നേറുന്നതിനിടെയാണ് ഏറ്റവും ഹോട്ട് താരമായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം സ്വിഫ്റ്റ് തന്റെ ആൽബത്തിലെ പുതിയ സിംഗിൾ ബാഡ് ബ്ലെഡ് പുറത്തിറക്കിയിരുന്നു. ഇരുപത്തിനാല് മണിക്കൂറുകൊണ്ട് 2 കോടിയിൽ അധികം ആളുകൾ കണ്ട് ബാഡ് ബ്ലെഡ് റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൺട്രി സംഗീതത്തിലെ പ്രഗത്ഭരുടെ പട്ടികയിൽ ഇടം പിടിച്ച വ്യക്തിത്വമാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി. സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീത്തിലേയ്ക്കുള്ള സ്വിഫ്റ്റിന്റെ മാറ്റമാണ് ഏറ്റവും പുതിയ ആൽബം 1989. അമേരിക്കൻ സംഗീത ലോകത്തെ മിന്നും താരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഈ ഇരുപത്തിയഞ്ചുകാരി, ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.