എട്ടു വരികളുടെ തീവ്രത: ശ്രദ്ധേയമായി തീയേ തീയേ

ഏതു ശ്രേണിയിലുമുള്ള   പാട്ടുകളെ  ഇഷ്ടപ്പെടുന്നവർ  ഒന്നു കേട്ടിരിക്കേണ്ടതാണു  ഗൗരി ലക്ഷ്മിയുടെ  തീയേ എന്ന പുതിയ ഗാനം. എക്സിപിരിമെന്റൽ  ഇലക്ട്രോണിക്  ജോണറിൽ ഉൾപ്പെടുന്ന  ഈ ഗാനം നിങ്ങളുടെ കേൾവി സങ്കൽപ്പങ്ങൾക്കു  പുതിയ മാനങ്ങൾ നൽകുമെന്നു തീർച്ച. തോണി ഉൾപ്പെടെയുള്ള  ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച, ഇൻഡിപ്പെൻഡന്റ്  സംഗീത ലോകത്ത്  പേരെടുക്കുന്ന ഗൗരി ലക്ഷ്മിയുടെ  ഈ സിംഗിൾ സംഗീതലോകത്തു  ചർച്ചയാകുന്നതും  അതുകൊണ്ടു തന്നെ. 

വെറുതെയൊന്നു കേട്ടുപോകുന്നതിനേക്കാൾ  അൽപ്പം ശ്രദ്ധിച്ചു കേൾക്കേണ്ടതാണിത്. ചെവിയെ അൽപ്പം   മൂർച്ചയുള്ളതാക്കി കേൾക്കേണ്ടത്. പാട്ടിന്റെ വരികൾ, സംഗീതം, പിന്നണി, ഇവയുടെ ഇഴുകിച്ചേരൽ ....ഇങ്ങനെയെല്ലാം കേൾക്കേണ്ടത്. വെറും എട്ടുവരികൾ മാത്രമുള്ള ഒരു ഗാനം. തീയേ തീയേ നീയേ.... എന്നു തുടങ്ങുന്ന  വരികൾ നാലു മിനിറ്റ് ദൈർഘ്യമുള്ള പാട്ടായി മാറുമ്പോൾ അതിന്റെ വഴികൾ നിശ്ചയിക്കുക ഏറെ പ്രയാസം. ഈ പാട്ട് അതു കൃത്യമായി നിർവഹിക്കുന്നുണ്ട്. ഗിത്താറും  സിന്തുമാണ്  പ്രധാനമായും  ഉപയോഗിച്ചിരിക്കുന്നത്. ടോഡി വാട്ടേഴ്സ് എന്ന ചെന്നൈ കേന്ദ്രമായ ബാൻഡിലെ ഗിത്താറിസ്റ്റ് സുജിത്ത് വലിയവീട്ടിൽ, സിന്ത് കൈകാര്യം ചെയ്ത തകര ബാൻഡിലൂടെ  ശ്രദ്ധേയനായ അശ്വിൻ നാഥ്, പ്രോഗ്രാമിങ് നിർവഹിച്ച ബെൻ സാം ജോൺസ് എന്നീ സംഗീതഞ്ജരുടെ കൂടി ഗാനമാണിത്. വരികൾ എഴുതിയിരിക്കുന്നതും  സംഗീതം നൽകിയതും പാടിയിരിക്കുന്നതും  ലക്ഷ്മി തന്നെ. 

ഗ്രാമി അവാർഡ് ജേതാവ് കൂടിയായ ഇമോഗൻ ഹീപ്പിന്റെ  പാട്ടുകളാണു തീയേ ചെയ്യാൻ പ്രചോദനമെന്നു  ഗൗരി ലക്ഷ്മി പറയുന്നു. രണ്ടു വർഷം മുൻപ് ആദ്യം  തയാറാക്കിയ  ഈ പാട്ട് സംഗീതജ്ഞരുടെ  കൂടിച്ചേരലിലൂടെ  പുതിയ മാനങ്ങൾ നൽകുകയായിരുന്നു. നമ്മുടെ എല്ലാവരുടെയും  പ്രശ്നങ്ങൾക്കും കാരണം നമ്മൾ തന്നെയാണെന്ന തിരിച്ചറിവാണ്  ഈ പാട്ടെന്നു ഗൗരി പറയുന്നു. നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും  മനസിന്  ഇഷ്ടപ്പെടുന്നില്ല. അതു നൽകുന്ന നെഗറ്റീവ്  ഊർജമാണു പല പ്രശ്നങ്ങൾക്കും  കാരണമാകുന്നത്. അതു തിരിച്ചറിയുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസമാണ്  ഈ പാട്ടിന്റെ  ഊർജമെന്നു ഗൗരി പറയുന്നു. 

ഒരു പതിവു ബാൻഡ്, റോക്ക്, മെലഡി തരംഗത്തിന്റെ പിന്നാലെ പോകുന്നില്ല എന്നതു തന്നെയാണ്  ഈ പാട്ടിന്റെ ആദ്യ പ്ലസ്. പാട്ടിന്റെ  ഇമോഷനാണു   കൂടുതൽ പ്രാധാന്യം. അതിന്റെ പശ്ചാത്തലവും അതിനു ചേരുന്നതു തന്നെ. അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നുമില്ല. എന്നാൽ സംഗീതത്തെ  ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഈ പാട്ട് ഉണർവേകുമെന്നു തീർച്ച.