‘തിങ്കിങ് ഔട്ട് ലൗഡ് ’ സോങ് ഓഫ് ദ് ഇയർ

ഇംഗ്ലീഷ് പാട്ടുകാരനും പാട്ടെഴുത്തുകാരനുമായ എഡ് ഷീരന്റെ തിങ്കിങ് ഔട്ട് ലൗഡിന് ഗ്രാമി സോങ് ഒാഫ് ദ് ഇയർ പുരസ്കാരം. എഡ് ഷീരനും ആമി വെഡജും ചേർന്ന് എഴുതിയ ഈ ഗാനം നിർമിച്ചിരിക്കുന്നത് ജെയ്ക് ഗോസ്ലിങ് ആണ്. അമേരിക്കയിൽ 2014–ൽ റിലസീസായ ഗാനം പിന്നീടങ്ങോട്ട് തരംരമായി മാറുകയായിരുന്നു.

ഓസ്ട്രേലിയ മുതൽ ആഫ്രിക്ക വരെയുള്ള നിരവധി രാജ്യങ്ങളിലെ ആസ്വാദക ഹൃദയങ്ങളിൽ ഇടം പിടിച്ച ഗാനം യുകെയിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ഗാനമെന്ന റെക്കോർഡും സ്വന്തമാക്കി. നിരവധി രാജ്യങ്ങളിൽ ഒരു വർഷം മുഴുവൻ ഈ ഗാനം ടോപ് 40 ഗണത്തിൽ പെട്ടിരുന്നു.

2014–ലെ പടയോട്ടം ഇൗ ഗാനം 2015–ലും തുടർന്നു. പല പ്രമുഖ സംഗീതജ്ഞരുടെയും പാട്ടുകൾ തീർത്ത റെക്കോർഡുകൾ പഴങ്കഥയാക്കിയ ഇൗ ഗാനത്തിന് 58–ാമത് ഗ്രാമി പുരസ്കാരങ്ങളിൽ സോങ് ഒാഫ് ദ് ഇയർ പുരസ്കാരവും മികച്ച പോപ് സോളോ പെർഫോമൻസിനുള്ള അവാർഡും ലഭിച്ചു.