ത്രീ ജി പാട്ടുകാര്‍

ഗോകാര്‍ട്ടിങ്, ഫോര്‍മുലകാര്‍ ദേശീയ റേസിങ് ചാംപ്യനായിരുന്ന അച്ചു രാജാമണി സംഗീതത്തിലേക്ക് യൂടേണ്‍ എടുത്തപ്പോള്‍ ആകസ്മികതയ്ക്കുമപ്പുറത്ത് അതൊരു നിയോഗമായിരുന്നു. മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും കാലം കടന്നെത്തുന്ന സംഗീത സപര്യയുടെ പിന്തുടര്‍ച്ചക്കാരനാകാനുള്ള ചരിത്ര നിയോഗം.

അതേ മൂന്നുതലമുറകളിലൂടെ ആസ്വാദക ഹൃദയങ്ങളെ സംഗീതസാന്ദ്രമാക്കാന്‍ ഭാഗ്യം സിദ്ധിച്ച കുടുംബമാണ് അന്തരിച്ച സംഗീത സംവിധായകന്‍ രാജാമണിയുടേത്. ‘കടവത്തു തോണി അടുത്തപ്പോള്‍’, ‘കേശാദിപാദം തൊഴുന്നേ’, ‘കരയുന്നു പുഴ ചിരിക്കുന്നു’, ‘സുറുമ നല്ല സുറുമ’ അങ്ങനെ എത്രയോ മനോഹര ഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവര്‍ന്ന സംഗീത സംവിധായകനാണ് രാജാമണിയുടെ പിതാവ് ബി.എ. ചിദംബരനാഥ്. 

രാജാമണി കയ്യൊപ്പ് ചാര്‍ത്തിയതാവട്ടെ പശ്ചാത്തല സംഗീതത്തിലും. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്കു പശ്ചാത്തല സംഗീതമൊരുക്കിയതിന്‍റെ റെക്കോര്‍ഡും ഒരുപക്ഷേ അദ്ദേഹത്തിനു സ്വന്തമായിരിക്കും. ശ്യാമിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക ആക്ഷന്‍ ത്രില്ലര്‍ സിനിമകളുടെയും പശ്ചാത്തല സംഗീതം രാജാമണിയുടേതായിരുന്നു. ലാല്‍സലാം, രക്തസാഷികള്‍ സിന്ദാബദ് തുടങ്ങിയ വിപ്ലവ സിനിമകള്‍ക്കും അദ്ദേഹം പശ്ചാത്തലമൊരുക്കി. നന്ദനത്തിലൂടെ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമല്ല തന്‍റെ സംഗീതം ഇണങ്ങുക എന്ന് അദ്ദേഹം തെളിയിച്ചു.

തമിഴിലും തെലുങ്കിലും ഒരേപോലെ തിരക്കേറിയ യുവ സംഗീത സംവിധായകനാണ് രാജാമണിയുടെ മകന്‍ അച്ചു രാജാമണി. രാജാമണിയുടെ സംഗീതത്തില്‍ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തില്‍ അച്ചു പാടിയിട്ടുമുണ്ട്. രാജാമണി പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുള്ള പല സിനിമകളിലും അച്ചു കീബോര്‍ഡ് വായിച്ചിട്ടുണ്ട്. മകന്‍റെ ഉയര്‍ച്ചയില്‍ അസൂയപ്പെടുന്ന പെരുന്തച്ചന്‍ കോംപ്ലക്സുള്ള പിതാക്കന്‍മാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. ‘മലൈ പൊഴുതിന്‍ മയക്കത്തിലെ’ എന്ന സിനിമക്കു വേണ്ടി മകന്‍ ഈണമിട്ട ‘എന്‍ ഉയിരേ’ എന്ന ഗാനമായിരുന്നു അദ്ദേഹത്തിന്‍റെ ഫോണിലെ ഡയലര്‍ ടോണ്‍.

സിനിമയില്‍ ‘എന്‍ ഉയിരേ’ എന്ന ഗാനത്തിന്   കെ.എസ്. ചിത്ര, ബോംബൈ ജയശ്രീ, കാര്‍ത്തിക് എന്നിവര്‍ പാടിയ മൂന്നു വ്യത്യസ്ത വെര്‍ഷ്വനുകളുണ്ട്. ഇതു കൂടാതെ അച്ചു രാജാമണി സ്വകാര്യമായി പാടിയ ഒരു വെര്‍ഷ്വന്‍ കൂടിയുണ്ട്. ഇത് ഇന്‍റര്‍നെറ്റില്‍ ലഭ്യമല്ല. ഒരു ഇന്‍റര്‍വ്യുമായി ബന്ധപ്പെട്ടു രാജാമണിയെ വിളിച്ചപ്പോള്‍ അദ്ദേഹം അച്ചു പാടിയ വെര്‍ഷ്വന്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ചതും ഓര്‍മയിലുണ്ട്. നിയമ ബിരുദധാരിയ ഇളയ മകന്‍ ആദിത്യ മികച്ചൊരു വയലിനിസ്റ്റാണ്.