എന്തിന് ഇത്ര പെട്ടെന്ന് പറന്നകന്നു?

മലയാള ചലച്ചിത്ര സംഗീത ലോകത്തെ പാട്ടെഴുത്തുകാരെന്നാൽ പി ഭാസ്കരനും ഒഎൻവിയും ആയിരുന്നു. അഭ്രപാളികളിലെ കഥയ്ക്കിടയിലേക്ക് കവിത തന്നെയായിരുന്നു അവരെഴുതിയിട്ടത്. ഗിരീഷ് പുത്തഞ്ചേരിയെന്ന ഉള്ളേരിക്കാരൻ ഈ അതികായൻമാർക്കിടയിലേക്ക് കടന്നുവരുന്നത്. വേറിട്ടൊരു ശൈലിയല്ല പാട്ടെഴുത്തിൽ പുത്തഞ്ചേരി പിന്തുടർന്നത്. പി ഭാസ്കരൻ മാസ്റ്ററുടേതിന് സമാനമായ ശൈലി തന്നെയായിട്ടും പുത്തഞ്ചേരി എഴുതിയിട്ട വരികളെയെല്ലാം കൈക്കുടന്നയിലേക്ക് തിരുമധുരമെന്ന പോലെ മലയാളി ചേർത്തുവച്ചു. സാധാരണക്കാരിൽ സാധാരണക്കാരന്റെ ചുണ്ടുകളോട് ഏറ്റവും എളുപ്പത്തിൽ ചങ്ങാത്തം കൂടുന്ന കവിതയെഴുത്താണ് ഗിരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര മേഖലയിൽ നടത്തിയത്.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലവും യൗവനവുമാണ് തനിക്കേറ്റവും നന്നായറിയാവുന്ന കവിതയെഴുത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ തീക്ഷണതയെ കുറിച്ച് ഇത്രയേറെ ബോധ്യമുള്ളതിനാലാവാം ജീവിതഗന്ധിയായ വരികളെ എഴുതിതീർക്കാൻ പു‍ത്തഞ്ചേരിക്ക് കരുത്ത് നൽകിയത്. അപാരമായ പദ സമ്പത്തായിരുന്നു മറ്റൊരു പ്രത്യേകത. സിനിമയിലെ സന്ദർഭം എന്തുമായിക്കോട്ടെ, ആ സന്ദർഭത്തിന്റെ ആത്മാവിനോട് ചേർന്നുനിൽക്കുന്ന കാച്ചിക്കുറുക്കിയ സുന്ദരമായ പദങ്ങൾ ഒരു ധാരപോലെ ആ മനസിൽ നിന്നൊഴുകിയെത്തും. സംഗീത സംവിധായകന്റെ ഈണങ്ങളോട് ഇടതടവില്ലാതൊരു ലയനം.

പിന്നണി ഗാനരംഗത്ത് വിദ്യാസാഗറുമൊത്താണ് ഏറ്റവും കൂടുതൽ പാട്ടുകൾ പുത്തഞ്ചേരി ചെയ്തത്. എല്ലാ സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരനായി തീരാൻ കാരണവും ഇതായിരുന്നിരിക്കാം. ഈണമിട്ട് പാട്ടെഴുതുമ്പോഴും എഴുതിയ ശേഷം ഈണമിട്ടാലും പുത്തഞ്ചേരിയിൽ നിന്ന് വരികൾ കിട്ടുന്ന വേഗത ഒരുപോലെ. എളുപ്പത്തിൽ പാട്ടെഴുതി തീര്‍ക്കാനുള്ള പാണ്ഡിത്യം. തിടുക്കം ഏറെയാണിന്ന് സിനിമാ ലോകത്തിന്. സാങ്കേതികതയും ഒരുപാട് കുതിച്ചു കഴിഞ്ഞു. വേഗത്തിൽ ഗ്രാമീണ ഭംഗിയുള്ള വരികളുമായി സ്വച്ഛസുന്ദരമായി ആ സിനിമയ്ക്ക് ഒപ്പം നടക്കാനുള്ള കഴിവ് പുത്തഞ്ചേരിക്കുള്ളതുകൊണ്ടാണ് ഇക്കാല ഘട്ടത്തിലെ പ്രേക്ഷകർ അദ്ദേഹമുണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നതും.

ഈണവും വരികളും ഒന്നിച്ചു നിന്നാേല ചില പാട്ടുകൾ കേൾക്കാൻ സുഖകരമാകൂ. എന്നാൽ പുത്തഞ്ചേരിയെന്ന പ്രതിഭാധനനായ പാട്ടെഴുത്തുകാരന്റെ പാട്ടുകൾ ഈണമില്ലെങ്കിലും മനസിന് സുഖം പകരം. വയലിനും പുല്ലാങ്കുഴലും ആ വരികളിൽ കോർത്തിടുമ്പോൾ അതൊരു സിനിമാ പാട്ടും അല്ലെങ്കില്‍ ആർക്കും ചൊല്ലിത്തീർക്കാവുന്ന സുന്ദരമായ കവിതയും. കാലാതീതമായ പാട്ടെഴുത്ത്. രണ്ടു പതിറ്റാണ്ടുകാലമേ ഗിരീഷ് പുത്തഞ്ചേരിയെ നമ്മൾ മലയാളികൾക്ക് അടുത്തറിയാൻ കഴിഞ്ഞുള്ളൂ. എഴുതാനുള്ള വരികളെ വേഗം കുറിച്ചു വച്ച് വെറും നാൽപ്പത്തിയെട്ടാം വയസിലാണ് പുത്തഞ്ചേരി യാത്രയാകുന്നത്.

328ഓളം ചിത്രങ്ങളിലായി ആയിരത്തി അറുന്നൂറോളം പാട്ടുകൾ പുത്തഞ്ചേരി രചിച്ചിട്ടുണ്ട്. 1990ൽ പുറത്തിറങ്ങിയ എൻക്വയറി എന്ന ചിത്രത്തിനാണ് പുത്തഞ്ചേരി ആദ്യമായി പാട്ടെഴുതുന്നത്. പക്ഷേ ആ പേരിനെ മലയാളി അടുത്തറിയുന്നത് ജോണി വാക്കറെന്ന മമ്മൂട്ടി ചിത്രത്തിലെ പാട്ടുകളിലൂടെയാണ്. എണ്ണൂറിലേറെ സംഗീത ആൽബങ്ങൾക്കും പുത്തഞ്ചേരി പാട്ടെഴുതിയിട്ടുണ്ട്. ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി.

എത്ര കേട്ടാലും പിന്നെയും പിന്നെയും ഓടിയെത്തുന്ന കുറേ പാട്ടുകൾ സമ്മാനിച്ചിട്ട് പെട്ടന്നിങ്ങിറപ്പോയ പുത്തഞ്ചേരി. ഇത്ര തിടുക്കത്തിൽ കാലത്തിലേക്ക് നിങ്ങളെന്തിനാണ് നടന്നുനീങ്ങിയതെന്ന് മലയാളത്തിലെ പ്രേക്ഷകർ ഇപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കുന്നു.