പഠിക്കും, പാട്ട്

കുഞ്ഞുകുഞ്ഞ്

വയസ്സ് എൺപതായാൽ അൽപം പാട്ടു കേൾക്കാമെന്നുതന്നെ കരുതുന്നവർ കുറവാണ്. എന്നാൽ ആ പ്രായത്തിൽ എൻ. കു‍ഞ്ഞുകുഞ്ഞ് പാട്ടുകേൾക്കാൻ മാത്രമല്ല, പഠിക്കാനും തീരുമാനിച്ചു! നാളെ അദ്ദേഹം കച്ചേരിക്കു തുനിഞ്ഞാലും അദ്ഭുതപ്പെടാനില്ല. സംഗീതത്തിനു പ്രായഭേദങ്ങളില്ലെന്നു തെളിയിക്കുന്നത് മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഉത്തര ഉണ്ണിക്കൃഷ്ണൻ എന്ന രണ്ടാം ക്ലാസുകാരി മാത്രമല്ല, തിരുവനന്തപുരം വെള്ളനാട്ടുള്ള അവിവാഹിതനായ ഈ മുൻ അധ്യാപകൻ കൂടിയാണ്.

തൊളിക്കോട് യുപി സ്കൂളിൽ നിന്ന് വിരമിച്ചശേഷം ശിഷ്ടജീവിതത്തിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു കുഞ്ഞുകുഞ്ഞിനു കലാപഠനം. ആദ്യം തിരുവനന്തപുരത്തു തന്നെ കഥാപ്രസംഗത്തിൽ പരിശീലനം നേടി. പാട്ട് എന്നും പ്രിയപ്പെട്ടതായിരുന്നു എങ്കിലും അതിൽ ശാസ്ത്രീയമായി പരിശീലനം നേടാൻ കഴിഞ്ഞില്ല. ജീവിത സായാഹ്നത്തിൽ അതിനു വഴിയില്ല എന്ന നിരാശ പിടികൂടിയിരിക്കെയാണ് കേരള കലാമണ്ഡലം കുഞ്ഞുകുഞ്ഞിനു മുന്നിൽ വഴി തുറന്നത്. കലാമണ്ഡലം തിരുവനന്തപുരത്തു തുടങ്ങിയ പഠനക്കളരിയിൽ ഒരു വർഷത്തെ സംഗീതാസ്വാദന പരിശീലന സർട്ടിഫിക്കറ്റ് കോഴ്സ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു കു‍ഞ്ഞുകുഞ്ഞ്. പന്ത്രണ്ടു വയസ്സുകാരൻ തൊട്ട് ഈ ‘അപ്പൂപ്പൻ’വരെ അവിടെ സംഗീതം അഭ്യസിക്കാനുണ്ട്.

‘‘അത്യാവശ്യം നാടൻപാട്ടൊക്കെ ഞാൻ പാടുമായിരുന്നു. ഇവിടത്തെ ഒരു വർഷത്തെ പഠനം ശാസ്ത്രീയമായ അടിത്തറ നൽകി. ഇനിയും കൂടുതൽ പഠിക്കണം എന്നുണ്ട്. കലാമണ്ഡലം തന്നെ അതിന് അവസരം നൽകിയിരുന്നെങ്കിൽ എന്നാശിക്കുന്നു.’’ നല്ലപ്രായത്തിൽ വിവാഹം വേണ്ട എന്നുവച്ചശേഷം എൺപതാം വയസ്സിൽ സംഗീതാഭ്യസനം എന്ന വലിയ ദൗത്യം തുടങ്ങിവയ്ക്കാൻ കിട്ടിയ ധൈര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ‍ കുഞ്ഞുകുഞ്ഞിന്റെ പ്രതികരണം ഇതായിരുന്നു– ‘‘പല കാരണങ്ങളാൽ വിവാഹം നടക്കാതെപോയി എന്നു പറയുകയാവും ശരി. ഇക്കാര്യത്തിൽ പ്രായമൊന്നും ഞാൻ കണക്കാക്കിയില്ല എന്നതാണ് സത്യം. ഇഷ്ടമുള്ള ഒരു കാര്യം പഠിക്കാൻ ശ്രമിക്കുന്നു. ഇനിയും ചിലതൊക്കെ മനസ്സിലുണ്ട്.’’