വിധു പ്രതാപിന്റെ മെലഡി ഗാനം

മലയാളികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച യുവ ഗായകൻ വിധുപ്രതാപ് മെലഡിയുമായി വീണ്ടും എത്തുന്നു. അയാൾ ഞാനല്ല എന്ന ചിത്രത്തിലാണ് വിധു പാടിയിരിക്കുന്നത്. ബാലതാരമായി മലയാള സിനിമയിലെത്തിയ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് അയാൾ ഞാനല്ല. ചിത്രത്തിൽ മനോഹരമായൊരു മെലഡി ഗാനം പാടിയിട്ടുള്ളതായി വിധു ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. മനു രമേശനാണ് ഗാനത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

മനു രമേശ് സംഗീതം നിർവഹിച്ച നങ്ങേലി എന്ന അക്കാപെല്ലാ വീഡിയോ ഗാനത്തിൽ വിധു പാടി അഭിനയിച്ചിരുന്നു. ഇതിന് ശേഷം മനു രമേശുമായി ഒന്നിക്കുകയാണെന്നും അതിൽ സന്തോഷമുണ്ടെന്നും വിധു പ്രതാപ് തന്റെ പേജിൽ കുറിച്ചിട്ടുണ്ട്. സംവിധായകൻ രജ്ഞിത്തിന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് അയാൾ ഞാനല്ല. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് വിനീതാണ്. മൃദുല മുരളിയും ഫഹദ് ഫാസിലുമാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്.