പ്രായത്തിൽ കവിഞ്ഞ പാട്ട്

ഗുരു കോട്ടയ്ക്കൽ ജയൻ, ഏവൂർ രാജേന്ദ്രപിള്ള എന്നിവർക്കൊപ്പം വൈഷ്ണവ്

സുന്ദരശബ്ദമായി കഥകളിയിൽ നിറയുകയാണു വൈഷ്ണവ് പവിത്രൻ. പ്രായം 14 മാത്രമെങ്കിലും അരങ്ങിൽ നിൽക്കുമ്പോൾ വൈഷ്ണവിന്റെ ശബ്ദത്തിൽ കുട്ടിത്തമില്ല. ആ നാവിൽ നിറയെ പക്വതയുടെ സ്വരതാളങ്ങൾ മാത്രം.

സാഹിബാബാദ് രാജേന്ദർ നഗർ ഡിഎവി പബ്ളിക് സ്കൂളിലെ ഈ ഒൻപതാം ക്ളാസുകാരൻ, അധികമാരും കൈവയ്ക്കാത്ത മേഖലയിലാണു പാടിത്തെളിഞ്ഞത്. സമപ്രായക്കാർ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും പിന്നാലെ പോയപ്പോൾ, വൈഷ്ണവ് അൽപമൊന്നു മാറിച്ചിന്തിച്ചു; കഥകളി സംഗീതത്തിൽ ശബ്ദമുറപ്പിച്ചു. അങ്ങനെ കഥകളി അരങ്ങുകളിലെ ‘ലിറ്റിൽ മാസ്റ്റർ’ ആയി.

രാജ്യാന്തര കഥകളി കേന്ദ്രത്തിൽ സംഗീതം പഠിച്ച വൈഷ്ണവ് ഇന്നു രാജ്യതലസ്ഥാന നഗരിയിൽ തലയെടുപ്പുള്ള കലാകാരനാണ്. കഥകളി സംഗീതത്തിലെ പ്രതിഭകൾക്കൊപ്പം പാടാൻ വൈഷ്ണവിന്റെ നാവു വഴങ്ങിയിരിക്കുന്നു. വരുന്ന ജൂണിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിക്കുന്ന കലാമണ്ഡലം രാജൻ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ, പ്രമുഖ കലാകാരന്മാർക്കൊപ്പം വൈഷ്ണവും കഥകളി സംഗീതത്തിൽ വിസ്മയം തീർക്കും.

കോട്ടയ്ക്കൽ നാരായണൻ, നെടുമ്പള്ളി റാം മോഹൻ, കോട്ടയ്ക്കൽ ജയൻ, കലാമണ്ഡലം മണികണ്ഠൻ, സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം വിഷ്ണു എന്നിവർക്കൊപ്പമാണു ‘മാസ്റ്റർ’ വൈഷ്ണവ് വേദി പങ്കിടുക. ജൂൺ 13നു വൈകിട്ടു നടക്കുന്ന പരിപാടിയിൽ ഡൽഹിയിലെ ഗുരുവും ശിഷ്യനും കേരളത്തിൽ ഒരേ വേദിയിൽ അണിനിരക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കോട്ടയ്ക്കൽ ജയനാണു വൈഷ്ണവിന്റെ ഗുരു. പദ്മഭൂഷൺ മടവൂർ വാസുദേവൻ നായർ അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളിക്കു സംഗീതമൊരുക്കാനുള്ള ഭാഗ്യമാണു വൈഷ്ണവിനെ അവിടെ കാത്തിരിക്കുന്നത്.

കഥകളി കേന്ദ്രത്തിൽ കഴിഞ്ഞ വർഷം നടന്ന കഥകളി ഫെസ്റ്റിവലിലാണു വൈഷ്ണവ് അരങ്ങേറ്റം കുറിച്ചത്. തലസ്ഥാന നഗരിയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ഹരിദ്വാർ അയ്യപ്പക്ഷേത്രത്തിലും വൈഷ്ണവ് കഥകളി സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. കഥകളി സംഗീതത്തിനു പുറമേ, കർണാടക സംഗീതം, ചെണ്ട, കീ ബോർഡ് എന്നിവയിലും അരങ്ങേറ്റം കുറിച്ച വൈഷ്ണവ് രാജേന്ദർ നഗർ എംഐജി ഫ്ളാറ്റിൽ താമസിക്കുന്ന കെ.കെ. പവിത്രൻ - മായ ദമ്പതികളുടെ മകനാണ്.

കഥകളി സംഗീതത്തിൽ വൈഷ്ണവ് താരമാകുമ്പോൾ, രാജ്യാന്തര കഥകളി കേന്ദ്രത്തിലെ ഒരുപിടി കുട്ടിക്കലാകാരൻമാർ തൃപ്പൂണിത്തുറയിലെ പരിപാടിയിൽ നിറസാന്നിധ്യമാവും. മാളവിക അജികുമാർ, കീർത്തന വാസവൻ, ദേഹ്ത മിനി ദേവ്, ശ്രീലക്ഷ്മി നമ്പൂതിരി, വിനായക് നായർ, സ്വാമിനാഥൻ, ആർ. അതിഥി, ദേഹ്ത മിനി ദേവ്, പി.ജെ. വൈഷ്ണവി, സി.എസ്.ഐശ്വര്യ എന്നിവർ കഥകളി കേന്ദ്രത്തിന്റെ കുട്ടിപ്രതിഭകളായി അരങ്ങിലെത്തും.