ഞങ്ങൾ പിരിയുന്നില്ല: വിശാൽ- ശേഖർ

വിശാൽ ദഡ്‌ലാനി, ശേഖർ രാവ്ജിയാനി

ബോളിവുഡിന് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീത സംവിധായക കൂട്ടുകെട്ടാണ് വിശാൽ- ശേഖർ. 2003 ൽ പുറത്തിറങ്ങിയ ജങ്കാർ ബീറ്റ്‌സ് എന്ന ചിത്രത്തിന് സംഗീതം പകർന്നുകൊണ്ട് സ്വതന്ത്ര സംഗീതസംവിധായകരായി തുടങ്ങിയ ഇവർ ദസ്, ബ്ലഫ്മാസ്റ്റർ, ഓം ശാന്തി ഓം, ദോസ്താന, അഞ്ചാന അഞ്ചാനി, റാ വൺ, സ്റ്റുഡന്റ് ഓഫ് ദ ഇയർ, ചെന്നൈ എക്‌സ്‌പ്രെസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്.

വിശാൽ ദഡ്‌ലാനിയുടേയും ശേഖർ രാവ്ജിയാനിയുടേയും ആരാധകരെ നരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു ഈ സൂപ്പർഹിറ്റ് കൂട്ടുകെട്ട് പിരിയുകയാണെന്ന വാർത്തകൾ പുറത്തു വന്നത്. എന്നാൽ പിരിയുന്നു എന്ന വാർത്തകൾ നിഷേധിച്ചിരിക്കുകയാണിവർ. 1999 മുതൽ സുഹൃത്തുക്കളാണ് തങ്ങളെന്നും, പിരിയുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടില്ലെന്നും എവിടുന്നാണ് വാർത്തകൾ പുറത്തു വന്നത് എന്നതിനെപ്പറ്റി അറിയില്ലെന്നും ശേഖർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു. ഞങ്ങൾ അടുത്ത വർഷം നടത്താനിരിക്കുന്ന വേൾഡ് ടൂറിന്റെ റിഹേഴ്‌സലിലാണെന്നും വലിയ ഹിറ്റുകൾക്ക് കാത്തിരിക്കാനും ശേഖർ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ബോളിവുഡിലുടെ അരങ്ങേറ്റം കുറിച്ച കൂട്ടുകെട്ട് ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.