ബിയോൺസ് ലോകത്തിൽ ഏറ്റവും പവർഫുള്ളായ വനിതാ സെലിബ്രിറ്റി

ലോകത്തിലെ ഏറ്റവും കരുത്തുള്ള വനിതകളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടപ്പോൾ ബിയോൺസ് ഏറ്റവും കരുത്തുള്ള പാട്ടുകാരി. നൂറ് പേരുടെ പട്ടികയിൽ 21–ാം സ്ഥാനത്താണ് ബിയോൺസ് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ ലിസ്റ്റിലും ബിയോൺസാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ പന്ത്രണ്ട് മാസംകൊണ്ട് 500 ദശലക്ഷം ഡോളറിന് മുകളിലാണ് ബിയോൺസ് സമ്പാദിച്ചത്. കൂടാതെ സംഗീതത്തിൽ നിന്ന് ഏറ്റവും അധികം സമ്പാദിക്കുന്ന വ്യക്തികളിലൊരാളുകൂടിയാണ് ബിയൺസെന്നും മാസിക പറയുന്നു.

ബിയോൺസിനെ കൂടാതെ ടെയ്ലർ സ്വിഫ്റ്റ്, ഷക്കീറ തുടങ്ങിയവരാണ് പട്ടികയിൽ ഇടം പിടിച്ച ഗായികമാർ. 25–ാം വയസിൽ പട്ടികയുടെ 64–ാം സ്ഥാനത്ത് ഇടം പിടിച്ച ടെയ്ലർ സ്വിഫ്റ്റ്, ഫോബ്സ് പവർഫുൾ വുമൺ ഇൻ ദ വേൾഡ് ലിസ്റ്റിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡ് സ്വന്തമാക്കി. 3.5 ദശലക്ഷം കോപ്പികൾ വിറ്റ് കഴിഞ്ഞ വർഷത്തെ മൂന്ന് പ്ലാറ്റിനം ആൽബത്തിലൊന്നായിരുന്നു സ്വിഫ്റ്റിന്റെ 1989. നിരവധി പുരസ്കാരങ്ങളും ഹിറ്റായ ഗാനങ്ങളുമെല്ലാമായി പോപ്പ് ലോകത്തെ ഹോട്ട് താരമായിരിക്കുകയാണ് സ്വിഫ്റ്റ്.

Beyonce, Taylor Swift and Shakira

കൊളംബിയൻ ഗായിക ഷക്കീറ 81–ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ലോകത്താകമാനം 60 ദശലക്ഷം ആൽബങ്ങൾ വിറ്റിട്ടുള്ള ഷക്കീറ ഏറ്റവും അധികം ആൽബങ്ങൾ വിറ്റിട്ടുള്ള കൊളംബിയൻ ഗായികയാണ്. കഴിഞ്ഞ വർഷത്തെ ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഷക്കീറ പുറത്തിറക്കിയ ലാ ലാ ലാ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. യുണിസെഫിന്റെ ഗുഡ്വിൽ അംബാസിഡറായ ഷക്കീറ, ഫിഷർ പ്രൈസുമായി ചേർന്ന് കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നിർമ്മിക്കാനും ആരംഭിച്ചു. ഇതൊക്കെയാണ് ഷക്കീറയെ 81–ാം സ്ഥാനത്തെത്തിച്ചതെന്ന്് ഫോബ്സ് മാസിക പറയുന്നു.

ജർമ്മൻ ചാൻസിലർ ഏഞ്ചല മെർക്കൽ, ഹിലാരി ക്ലിന്റൺ, മെലിൻഡ ഗേറ്റ്സ്, ജാനറ്റ് യെല്ലൻ, മേരി ബാരാ, ക്രിസ്റ്റിൻ ലഗാർഡേ, ദിൽമ റൂസഫ്, ഷെറിൽ സാന്റ്ബെർഗ്, സൂസൻ വോജെസ്കി, മിഷേൽ ഒബാമ തുടങ്ങിയവരാണ് ആദ്യ പത്തിൽ ഇടം പിടിച്ച വനിതകൾ.