ഇരുപത് വർഷത്തിന് ശേഷം യേശുദാസ് ഹിന്ദി ഗാനം ആലപിക്കുന്നു

ഗാന ഗന്ധർവ്വൻ യേശുദാസ് മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഗോരി തേര ഗാവ് ബഡ പ്യാര, ബോലെ തോ ബാസുരി, ചാന്ദ് ജെയ്സെ മുഖ്ഡ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ബോളിവുഡിന് സമ്മാനിച്ച യേശുദാസ് നീണ്ട 20 വർഷത്തിന് ശേഷം ബോളിവുഡിലേയ്ക്ക് തിരിച്ചെത്തുകയാണ്.

പ്രവീൺ മോർച്ചലേ സംവിധാനം ചെയ്യുന്ന ബെയർഫുട് ടു ഗോവ എന്ന ചിത്രത്തിന് വേണ്ടിയാണ് യേശുദാസ് വീണ്ടും ഹിന്ദി ഗാനം ആലപിക്കുന്നത്. ഗാനഗന്ധർവ്വൻ ഗാനം ആലപിക്കുന്ന വിവരം സംവിധായകൻ പ്രവീൺ തന്നെയാണ് പുറത്തുവിട്ടത്. ചിത്രത്തിലെ നയ്ന ഓ നയ്നാരേ എന്ന ഗാനം ആലപിക്കാൻ അദ്ദേഹത്ത സമീപിച്ചെന്നും, ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെക്കുറിച്ചുള്ള ഗാനത്തിന്റെ വരികൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ചെന്നൈയിൽ വെച്ച് ഗാനം റിക്കോർഡ് ചെയ്തെന്നുമാണ് പ്രവീൺ അറിച്ചത്.

സമൂഹത്തിന്റെ അപചയങ്ങൾ കാണിച്ചു തരുന്ന ചിത്രമാണ് ബെയർഫുട് ടു ഗോവ. രണ്ട് കുട്ടികൾ വീട് വിട്ടിറങ്ങി, വൃദ്ധയും രോഗിയുമായ തങ്ങളുടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് യാത്രയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. യാത്രയിൽ ഉടനീളം അവർ സാക്ഷികളാകുന്ന രംഗങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു. പ്രവീൺ മോർചലേ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സോനു ചൗരസ്യ, അജയ് ചൗധരി, ഫാറുഖ് ജാഫർ, പ്രഖാർ മോർച്ചലേ, സാറ നിഹാർ, പൂർവ്വ പ്രാഗ്, ഗൗരവ് പട്ടേൽ, കുൽദീപ് സിങ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

പ്രവീൺ മോർച്ചലേ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യറാക്കിയിരിക്കുന്നത്. ജാക്ക് ഫ്രാൻസിസ്, ഫാറുഖ് ജാഫർ, റോഹിത് ശർമ്മ എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. പ്രവീൺ മോർച്ചലേയും സത്യജിത്ത് ചൗരസ്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി അന്താരാഷ്ട്ര ചലചിത്രമേളകളിൽ പ്രദർശിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രം ഏപ്രിൽ പത്തിനാണ് ഇന്ത്യയിൽ പുറത്തിറങ്ങുന്നത്.