ഒറ്റ ദിവസം കൊണ്ടു പത്തു ലക്ഷം കാഴ്ചക്കാർ; ചിരിപ്പിക്കും ഈ ബോളിവുഡ് പാട്ട്

സൂപ്പർ ഹോട്ട് രംഗങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു ബേഫിക്ര എന്ന ചിത്രത്തിൽ നിന്ന് ഇതുവരെയെത്തിയ ഗാനങ്ങളെല്ലാം. പക്ഷേ അവയെയെല്ലാം കടത്തിവെട്ടി യൂട്യൂബിൽ മുന്നേറുകയാണ് യൂ ആൻഡ് മീ എന്ന പാട്ട്. ഇന്നലെ യൂ ട്യൂബിലെത്തിയ പാട്ട് ഒരു ദിവസം കൊണ്ടി പത്തു ലക്ഷം പ്രാവശ്യമാണ് ആളുകൾ കണ്ടത്. 

ബേഫിക്രയിലെ മറ്റു പാട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് യൂ ആൻഡ് മീ. പ്രണയത്തിന്റെ ആഴവും ജീവിതം എല്ലാം മറന്ന് ആഘോഷിക്കുന്നതുമാണ് മറ്റു ഗാനങ്ങളിലെല്ലാം ഉണ്ടായിരുന്നത്. എന്നാൽ ബന്ധങ്ങൾക്ക് പേരിടുകയും വ്യവസ്ഥിതിയ്ക്കനുസരിച്ച് അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തിനെതിരെയാണ് യൂ ആൻഡ് മീ എന്ന പാട്ട്. വാണീ കപൂറിന്റെയും രൺവീർ സിങിന്റെയും കഥാപാത്രങ്ങളു‍ടെ ആഘോഷത്തിൽ ആറാടിയ ജീവിതമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണു പാട്ടിൽ. 

ജയ്ദീപ് സാഹ്നിയാണു പാട്ടെഴുതിയത്. വിശാലും ശേഖറും ചേര്‍ന്ന് ഈണമിട്ട പാട്ട് നിഖിൽ ഡിസൂസയും റേച്ചൽ വർഗീസും ചേർന്നാണു പാടിയത്.