പ്രണയമധുരത്തേൻ തുളുമ്പും...

കവിതയുടെ ഇശൽ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് പകർന്നു നല്കിയ കവി. ലാളിത്യവും മാധുര്യവും ഒത്തുചേർന്ന നിരവധി ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച മലയാളിയുടെ പ്രിയ ഗാനരചയിതാവ്. കേച്ചേരിപ്പുഴയുടെ കടവത്ത് ഉദിച്ച മലയാള വചസിന്റെ സൗകുമാര്യമായ യൂസഫലി കേച്ചേരിയെ അറിയാൻ ഇതു തന്നെ അധികം.

കേച്ചേരിയുടെ ഗാനങ്ങൾ പ്രണയമധുരത്തേൻ തുളുമ്പുന്ന മനസ്സിൽ മധുരധ്വനികൾ ഉണർത്തുന്നവയാണ്. വയലാറിനും ഒ.എൻ.വി ക്കും പിറകെ മികച്ച ഗാനരചനയ്ക്ക് ദേശീയ അവാർഡ് ലഭിച്ച മലയാളിത്തിലെ മൂന്നാമൻ. മൂടുപടം എന്ന ചിത്രത്തിന് വേണ്ടി ‘മൈലാഞ്ചിത്തോപ്പിൽ മയങ്ങി നില്ക്കുന്ന മൊഞ്ചത്തി... എന്ന ഗാനത്തിലൂടെ തുടക്കം കുറിച്ച് മലയാളിക്ക് ഒരുപിടി മധുരഗാനങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ പ്രിയ കവിയാണ് യുസഫലി കേച്ചേരി. വളരെ ലളിതമായ വരികളിലൂടെ ആശയപ്പൊലിമയുള്ള ഗാനങ്ങളാണ് ആ തൂലിക സമ്മാനിക്കുന്നത്, ഒപ്പം പ്രണയാർദ്രവും...

ചലച്ചിത്ര ഗാനരചന നിർവ്വഹിക്കുന്ന ഒരാൾക്ക് ഏറ്റവും കൂടുതലായി സൃഷ്ടിക്കേണ്ടിവരുന്നത് പ്രേമഗാനങ്ങളത്രെ. 1968 ൽ അഞ്ചുസുന്ദരികൾ എന്ന ചിത്രത്തിൽ യൂസഫലിയുടെ വരികൾക്ക് ബാബുരാജ് ഈണം പകർന്ന് അനശ്വരമായ ഒരു പ്രണയഗാനമുണ്ട്. പ്രണയത്തെപറ്റി ആ തൂലിക ഇങ്ങനെ എഴുതി ‘മായാജാലച്ചെപ്പിനുള്ളിലെ മാണിക്യക്കല്ലാണു പ്രേമം.... പ്രേമത്തിന് വളരെ ലളിതമായ ഒരു നിർവചനം നൽകി പുതുതലമുറയ്ക്കായും അദ്ദേഹം എഴുതി , 1998 ൽ സ്നേഹമെന്ന ചിത്രത്തിലെ ‘പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു... എന്ന സൂപ്പർ ഹിറ്റ് ഗാനം. എത്ര സാധാരണക്കാരനും അനായാസം മനസ്സിലാവുന്ന വരികൾ.

കേച്ചേരിയുടെ മാസ്റ്റർപീസുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നുണ്ട്. യൂസഫലി കേച്ചേരിയെ മലയാള സിനിമയിലെ സവിശേഷ സാന്നിദ്ധ്യമാക്കി മാറ്റിയ ഗാനം. ‘സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേൻ തുളുമ്പും സൂര്യകാന്തിപ്പൂക്കളെ.... 1979 ൽ ഇതാ ഒരു തീരം എന്ന ചിത്രത്തിനായി എഴുതിയ ‘അക്കരെയിക്കരെ നിന്നാൽ എങ്ങനെ ആശതീരും എന്നു തുടങ്ങുന്ന ഗാനം കാമുകഹൃദയങ്ങൾ ഇന്നും പാടിനടക്കുന്ന ഒന്നാണ്. 1980 ൽ ഹൃദയം പാടുന്നു എന്ന ചിത്രത്തിനു വേണ്ടി ഹൃദയം എന്റെ ഹൃദയം നിനക്കു വേണ്ടി നിനക്കു മാത്രം വേണ്ടി...എന്ന ടൈറ്റിൽ സൊങ് അന്നും ഇന്നും യുവമിഥുനങ്ങളുടെ പ്രിയപ്പട്ടത് തന്നെ. അതേ വർഷം തന്നെ മീൻ എന്ന ചിത്രത്തിൽ അദ്ദേഹം ഒരു അടിപൊളി പ്രേമഗാനം രചിച്ചു, ഒരു മെഗാഹിറ്റ്. ‘ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളെ...

1981 ൽ സഞ്ചാരി എന്ന ചിത്രത്തിൽ ഒരു പ്രണയാർദ്രമായ ഗാനം പിറക്കുകയുണ്ടായി. തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം...1987 ൽ ധ്വനി എന്ന ചിത്രത്തിനായി അദ്ദേഹം എഴുതിയ എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതിൽ രണ്ടു സൂപ്പർ പ്രണയഗാനങ്ങളുണ്ടായിരുന്നു. അനുരാഗലോലഗാത്രി വരവായി നീലരാത്രി... എന്ന ഗാനവും ‘രതിസുഖസാരമായി ദേവി നിന്മയ് വാർത്തൊരാ ദൈവം കലാകാരൻ... എന്ന ഗാനവും. 1987 ൽ യൂസഫലിയുടെ മറ്റൊരു മാസ്റ്റർപീസ് ഗാനം പിറവികൊണ്ടു. ‘വൈശാഖ സന്ധ്യേ നിൻ ചുണ്ടിൽ എന്തേ... എന്ന നാടോടിക്കാറ്റിലെ ഹിറ്റ് ഗാനം. 1992 ൽ ആണ് സൂപ്പർഹിറ്റ് ചിത്രം സർഗം റിലീസായത്. സിനിമയും പാട്ടും ഒരുപോലെ ഹിറ്റായിരുന്നു. എല്ലാ ഗാനങ്ങളും ജനത്തിന് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പോന്നവയായിരുന്നെങ്കിലും അതിലെ കണ്ണാടി ആദ്യമായെൻ... എന്ന ഗാനത്തിന് ആരാധകരേറെയായിരുന്നു.

1993ലാണ് ‘വടക്കു നിന്നു പാറിവന്ന വാനമ്പാടി കൂടൊരുക്കി കാത്തിരിപ്പൂ നിന്നെയും തേടി... എന്നതും ‘ഇശൽത്തേൻ കണം കൊണ്ടു വാ തെന്നലേ നീ ഗസൽപ്പൂക്കളാലെ ചിരിച്ചു വസന്തം ‘ഇനിയുമുണ്ടൊരു ജന്മമെങ്കിൽ.... എന്നതുമായ മൂന്നു മനോഹരഗാനങ്ങൾ ഗസൽ എന്ന ചിത്രത്തിനായ് സൃഷ്ടിക്കപ്പെട്ടത്. 1994 ലെ പരിണയത്തിലെ ‘അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി — നിൻ പുഞ്ചിരി സായകമാക്കി... എന്ന ഗാനം ഇന്നും യുവമിഥുനങ്ങളുടെ ചുണ്ടിൽ ചൂളമിടുന്നവയാണ്. ഏകയായും രാഗലോലയായും തന്റെ മുന്നിൽ വന്നു കുണുങ്ങി നിന്ന നായികയെക്കുറിച്ച് ഒരിക്കൽ യൂസഫലിയുടെ നായകൻ പാടി...‘ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ.... കിനാവിലാണ് കണ്ടതെങ്കിലും അതിനുമൊരു സുഖമുണ്ടത്രെ!

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ പ്രേമത്തിന്റെ വികാരഭാവത്തിലേക്ക് അദ്ദേഹം ചൂഴ്ന്നിറങ്ങയോ എന്ന് തോന്നിപ്പിക്കുന്ന ഗാനം പിറവിയെടുത്തു. ഇത്ര മധുരിക്കുമോ പ്രേമം ഇത്ര കുളിരേകുമോ... എന്ന മധുരിതമായ ഗാനം. 1999 ൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ തേനാണു നിൻ സ്വരം പാട്ടുകാരി... എന്നു തുടങ്ങുന്ന ഗാനം അനുരാഗത്തിൽ അലിഞ്ഞു ചേരുന്നതാണ്. അങ്ങനെയെത്രയെത്ര പ്രണയഗാനങ്ങൾ...