സെയ്ൻ മാലിക്ക് ബോളിവുഡിലേക്ക്

വൺ ഡയറക്ഷൻ ബാൻഡിലെ മുൻ അംഗം സെയ്ൻ മാലിക്ക് ബോളിവുഡിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു. ബോളിവുഡിൽ ഗായകനായി എത്തുന്ന താരം ബേബി ഡോൾ ഗായിക കനിക കപൂറിന്റെ കൂടിയാകും പാട്ടു പാടുക. സെയ്ൻ മാലിക്ക് പാടുന്ന വിവരം പുറത്തുവിട്ടെങ്കിലും പാട്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏഷ്യൻ അവാർഡ് ദാനചടങ്ങിൽ ഷാറുഖ് ഖാനൊപ്പമുള്ള സെൽഫി താരം പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് ബോളിവുഡിൽ താരം പാടുന്ന വാർത്ത പുറത്തുവന്നത്.

പക്കിസ്ഥാനി വംശജനായ സെയ്ൻ മാലിക്കിനെ നേരത്തെ ഒരു ബോളിവുഡ് നിർമ്മാതാവ് വലിയ ഓഫറുകളുമായി സമീപിച്ചിരുന്നു എന്നൊരു ബ്രിട്ടീഷ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 500000 പൗണ്ടാണ് (ഏകദേശം 48 കോടിരൂപ) താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പത്രം അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ താരം അതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.

വൺ ഡയറക്ഷൻ ബാൻഡ് അംഗം സെയ്ൻ മാലിക്ക് കുറച്ചു നാളുകൾക്ക് മുമ്പാണ് വൺ ഡയറക്ഷൻ വിട്ടത്. ഒരു സാധാരണ 22 കാരനായി ബഹളങ്ങളിൽ നിന്ന് അകന്ന് ജീവിക്കാനും തന്റെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാനും വേണ്ടിയാണ് താൻ ബാൻഡിൽ നിന്ന് പിൻമാറിയതെന്നാണ് വൺ ഡി വിടുമ്പോൾ സെയ്സ് പറഞ്ഞത്. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്സ് ഫാക്ടർ 7 ലൂടെ രംഗത്ത് വന്ന ബാൻഡാണ് വൺ ഡയറക്ഷൻ. ബീറ്റീൽസിന് ശേഷം ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച ബോയ്സ് ബാൻഡ് എന്ന് പേരെടുത്ത സംഘത്തിന് ലോകത്താകെമാനം ആരാധകരുണ്ട്.