Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളീ...നീയെത്ര സുന്ദരി

athirapilly-ash.jpg.image.784.410

മലമടക്കുകളോട് ചങ്ങാത്തം കൂടി ഇടയ്ക്ക് മഴമേഘങ്ങളെ നോക്കി പുഞ്ചിരിച്ച് പിന്നെയിങ്ങനെ വെറുതെ അങ്ങുയരത്തിൽ നിന്ന് പെയ്തിറങ്ങുന്നതെന്തിനാണ്? ഒരായിരം വട്ടം കണ്ടിട്ടും മതിവരാത്ത ഈ ഭംഗിയെ നോക്കി എത്രയോ കാലമായി നമ്മുടെ കണ്ണുകളിങ്ങനെ ചോദിക്കുന്നു. ഇപ്പോൾ ഇനിയെത്ര കാലമെന്നോർത്ത് സങ്കടപ്പെടുന്നു. അതിരപ്പിള്ളിയെ കുറിച്ചിപ്പോൾ അങ്ങനെ പറയാം. 

athirapally

കേരളത്തിന്റെ ടൂറിസം വ്യവസായത്തിൽ ഈ വെള്ളച്ചാട്ടം പകർന്ന ചേല് ചെറുതല്ല. തൃശൂർ പൂരവും ആറൻമുള കണ്ണാടിയും പോലെ ലോകം കേരളത്തിൽ തേടി വരുന്ന വിശേഷതകളിലൊന്നാണ് അതിരപ്പിള്ളിയും. കണ്ണിണയുള്ളിലെന്ന പോലെ മനസിലെന്ന പോലെ വെള്ളിത്തിരയും ഈ മനോഹാരിതയെ ഒട്ടേറെ പ്രാവശ്യം ഉൾക്കൊണ്ടിട്ടുണ്ട്. ചലച്ചിത്രം സമ്മാനിച്ച ഈണങ്ങളോടൊപ്പം ഈ ദൃശ്യങ്ങളും മനസിലങ്ങനെ നിൽപ്പുണ്ട്. അങ്ങനെയുള്ള കുറച്ച് പാട്ടുകളിലേക്ക്

athirapally-waterfalls

ബാഹുബലി, ഗുരു, കന്നത്തിൽ മുത്തമിട്ടാൽ അങ്ങനെ ഛായാഗ്രഹണത്തിന്റെ അസാമാന്യത നിറഞ്ഞു നിൽക്കുന്ന ഒരുപാട് ചിത്രങ്ങളിലെ ഫ്രെയിമുകളിൽ അതിരപ്പള്ളിയെന്ന പ്രക‍ൃതി ശിൽപം ഭാഗമായിട്ടുണ്ട്. ചിലങ്കയണിഞ്ഞും പ്രണയമഴ നനഞ്ഞും കഥാപാത്രങ്ങൾ ഇവിടെയിങ്ങനെയൊരു ഛായാചിത്രം പോലെ നിന്നിട്ടുണ്ട്. 

thrissur-athirapally

പകരംവയ്ക്കാനില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് കന്നത്തിൽ മുത്തമിട്ടാൽ. മണിരത്നം ചിത്രത്തിലെ റഹ്മാൻ ഗീതം...ഒരു ദൈവം തന്ന പൂവേ ഇന്നും നമ്മുടെ പ്രിയ ഗാനങ്ങളിലൊന്നാണ്. പി ജയചന്ദ്രനും ചിൻമയിയും ചേർന്നാല‌പിച്ച പാട്ടിന്റെ ദൃശ്യങ്ങളിലുമുണ്ട് അതിരപ്പള്ളി. നിഗൂഢമായേതോരോ ഭാവത്തിൽ നിശബ്ദയായി പിന്നിലങ്ങനെ. ദൈവം തന്ന പൂവിനെ കുറിച്ച് , അമുധയെ കുറിച്ച്  അവളുടെ അച്ഛൻ  പാടുമ്പോൾ നിറയുന്നത് അതിരപ്പള്ളിയുടെ സൗന്ദര്യമാണ്. 

മഴമുത്തുകളോടൊപ്പം ഐശ്വര്യ നൃത്തമാടുന്നതും ഇവിടെ നിന്നാണ്. ബർസോ രെ എന്ന് പാടിക്കളിക്കുമ്പോൾ അതിരപ്പള്ളിയുമെത്തുന്നുണ്ട് ദൃശ്യങ്ങളിൽ. അകലങ്ങളിൽ നിന്നങ്ങനെ ഊർന്നിറങ്ങുന്ന വെള്ളത്തിന്റെ ചിന്നിച്ചിതറലിന്റെ പശ്ചാത്തലത്തിലുള്ള നൃത്തം ഇന്നും മനസിലുണ്ട്. ഒരു മഴച്ചിത്രം പോലെ.

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ബാഹുബലിയിലൂടെ ചരിത്രം രചിക്കുകയായിരുന്നു എസ് എസ് രാജമൗലി. ചലച്ചിത്ര കാവ്യമെന്ന് വിശേഷിപ്പിച്ച ചിത്രത്തിന്റെ കാതലായ രംഗങ്ങളിൽ നിറഞ്ഞു നില്‍പ്പുണ്ട് അതിരപ്പള്ളിയുടെ സൗന്ദര്യം. ബാഹുബലിയുടെ കുട്ടിക്കാലവും ഇതിഹാസ തുല്യമായ കഥാപാത്രത്തിന്റെ കടന്നുവരവും എല്ലാമീ വിസ്മയത്തെ സാക്ഷിയാക്കിയാണ് രാജമൗലി കാമറയിലേക്ക് പകർന്നത്. 

ഇലത്താളത്തിന്റെ സ്വരഭേദ ഭംഗിയറിയിച്ച റഹ്മാൻ ഗാനം, ഇരുവറിലെ നറുമുഗയേ നറുമുഗയേ എന്ന പാട്ടിന്റെ ദൃശ്യങ്ങളെ മനസിലങ്ങനെ മായ്ക്കാതെ നിർത്തുന്നത് അതിരപ്പള്ളിയുടെ സാന്നിധ്യം കൂടിയാണ്. കർണാടിക് സംഗീതത്തിന്റെ ആഴമുള്ള പാട്ടിന്റെ താളത്തിനൊപ്പം ഒഴുകിയിറങ്ങുന്ന ജലകണികകളും നൃത്തമാടുന്നതായി തോന്നിയില്ലേ...

ഐശ്വര്യ റായ് ഏറ്റവുമധികം സുന്ദരിയായിരിക്കുന്നത് ഏത് ചിത്രത്തിലെന്നു ചോദിച്ചാൽ ഉത്തരങ്ങളിലൊന്ന് രാവൺ തന്നെ. ഐശ്വര്യയും അഭിഷേകും ചേർന്നുള്ള പാട്ട് ബെഹ്‍നേ ദേ ചിത്രീകരിച്ചിരിക്കുന്നതും അതിരപ്പള്ളിയിലാണ്. ഓറഞ്ച് നിറമുള്ള ചുരിദാറണിഞ്ഞ് നീളൻ മുടി അലസമായി പാറിച്ച് ഐശ്വര്യ നിൽക്കുന്ന പാട്ടു രംഗം ഇന്നും ഏറെയിഷ്ടമാണ് പ്രേക്ഷകർക്ക്. ഉയരങ്ങളിൽ നിന്ന് ഒരു പറവയെ പോലെ പാറി പുഴയാഴത്തിലേക്ക് പോകുന്ന ഐശ്വര്യ. പാട്ടിന്റെ കേഴ്‌വി സുഖവും ഐശ്വര്യയും അഭിഷേകും ഒന്നിച്ചഭിനയിത്തുന്നുവെന്നതും മാത്രമല്ല ഇതിനു കാരണം, അതിരപ്പള്ളിയുടെ ദൃശ്യഭംഗി കൂടിയാണ്. 

തമിഴ് ഭാഷയുടെ ലാളിത്യവും അതിന്റെ സംഗീതാത്മകതയും നമ്മുടെ ആസ്വാദന തലത്തിലെന്നേ സ്ഥാനം നേടിയതാണ്. മുതൽവനെന്ന ചിത്രത്തിലെ ചടുലമായ പ്രണയഗാനം കുരുക്ക് ചിരുത്തവളേ...എന്ന പാട്ട് തമിഴിന്റെ നാടൻ വഴികളിൽ നിന്ന് റഹ്മാൻ കട​ഞ്ഞെടുത്ത മുത്താണ്. ഹരിഹരന്റെയും മഹാലക്ഷ്മിയുടെയും ആലാപനവും കാറ്റിലാടുന്ന ദൃശ്യവും ചേർന്ന പാട്ടിലുമുണ്ട് അതിരപ്പള്ളി. 

പുകാർ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനം സുന്താ ഹേ മേരാ ഹുദാ...തമിഴ് ചിത്രം പയ്യയിലെ അടടാ മഴയെടാ, തുടങ്ങിയ ഗാനങ്ങളിലും അതിരപ്പള്ളിയുടെ ഭംഗി വിരുന്നെത്തുന്നുണ്ട്. തമിഴ് ചലച്ചിത്രം പുന്നഗൈ മന്നൻ, യാരിയനിലെ ക്ലൈമാക്സ് രംഗങ്ങളും ബാരിഷ് എന്ന ഗാനവും പിന്നെ രംഗ് രസിയ, സമർഎന്നീ ചിത്രങ്ങളിലം പാട്ടുകളും ചിത്രീകരിക്കാൻ സംവിധായകർ തേടിവന്നു അതിരപ്പള്ളിയെ. ഈ കണക്കുകൾ അപൂർവ്വമാണ്. ചെറുതായൊരു നോട്ടം കൊണ്ടു പോലും സിനിമ കണ്ടിരിക്കുന്നവന്റെ മനസിലങ്ങനെ ഓടിക്കയറുവാനാകും അതിരപ്പള്ളിക്ക്. ഇന്ത്യൻ സിനിമ കാമറയും പേറി ഇപ്പോഴും ഇവിടം തേടി വന്നുകൊണ്ടിരിക്കുന്നു. നാളെയുമെത്തും. പ്രകൃതിയൊരുക്കിയ ചാരുശിലൽപത്തെ ഈണങ്ങൾക്കും കഥയ്ക്കുമൊപ്പം ഇഴചേർക്കുവാൻ. 

അതിരപ്പള്ളിയിൽ അണക്കെട്ട് നിർമ്മിക്കണമെന്ന വാദങ്ങൾ വീണ്ടും ശക്തി പ്രാപിച്ചതോടെയാണ് പ്രകൃതിയുടെ ഈ സമ്മാനം വീണ്ടും നമ്മുടെ ചിന്തകളിലേക്കെത്തിയത്. തൊട്ടുോപോകരുതെന്ന ഹാഷ് ടാഗിലൂടെ അതിരപ്പള്ളിയുടെ സംരക്ഷണത്തിനായുള്ള കാംപെയിനുകൾ സോഷ്യൽ മീഡിയിൽ സജീവമാണ്. 

സ്വന്തം സുഖത്തിനായി പരിസ്ഥിതിയെ നശിപ്പിച്ച ചരിത്രമാണല്ലോ മനുഷ്യ കുലത്തിനുള്ളത്. അതിരപ്പള്ളിയെ തേടി ഒരിക്കൽ ആ വിധി വന്നാൽ നമുക്ക് കണ്ടാസ്വദിക്കുവാൻ ഓർമകളിലേക്ക് മടങ്ങുവാൻ വെള്ളിത്തിര കാത്തുവച്ചിട്ടുള്ള ഈ ഫ്രെയിമുകളേ കാണുകയുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. 

Your Rating: