Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണോണ്ട് ചൊല്ലിയ ഹൃദയസംഗീതം

M Jayachandran എം ജയചന്ദ്രൻ

കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയം സമാനതകളില്ലാത്തതാണ്. പ്രണയവും വിരഹവും ഇഴചേർന്ന് പോകുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ചിത്രത്തിന്റെ അത്രതന്നെ സ്വീകാര്യതയാണ് ലഭിച്ചത്. കാത്തിരുന്ന് കാത്തിരുന്നും, കണ്ണോണ്ട് ചൊല്ലണ് എന്നീ ഗാനങ്ങൾ മലയാളിയിടെ വിരഹത്തേയും പ്രണയത്തേയും തൊട്ടുണർത്തിയപ്പോൾ ഇരുവഞ്ഞിപ്പുഴപ്പെണ്ണ് എന്ന ഗാനം മലയാളിയുടെ ഗുഹാതുരത്വത്തെയാണ് അടയാളപ്പെടുത്തുന്നത്.

mukkathe-penne

എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തേയും അതിലെ ഗാനങ്ങളേയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് പ്രേക്ഷകന് നന്ദി പറഞ്ഞുകൊണ്ട് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് സംഗീതസംവിധായകൻ എം ജയചന്ദ്രൻ. മൊയ്തീന്റേയും കാഞ്ചനമാലയുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും ഹൃദയസംഗീതം കണ്ടെത്താനാണ് താൻ ശ്രമിച്ചതെന്നാണ് എം ജയചന്ദ്രൻ പറയുന്നത്. ഒരു ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മനസിൽ പതിയാൻ രണ്ടരമണിക്കൂർ ഉള്ളപ്പോൾ ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാൻ വെറും നാല് മിനിട്ട് സമയമാണുള്ളത്. നാല് മിനിട്ടുകൊണ്ട് ഒരു സിനിമയുടെ ഹൃദയത്തെ കണ്ടെത്തുക എന്നതാണ് ഒരു സംഗീതസംവിധായകന്റെ ദൗത്യം. കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനത്തിലൂടെ സിനിമയുടെ ഹൃദയത്തെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ സാധിച്ചു എന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും കാത്തിരുന്നു, കണ്ണോണ്ട് ചൊല്ലണ് എന്ന് തുടങ്ങുന്ന ഗാനവും അന്തരിച്ച സംഗീതജ്ഞൻ കണ്ണൻ സൂരജ് ബാലന്റെ ഒാർമ്മക്കായി സമർപ്പിക്കുന്നുമുണ്ട് എം ജയചന്ദ്രൻ.

Ennu Ninte Moideen | Making Songs Video | Manorama Online

കൂടാതെ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് വേണ്ടി എം ജയചന്ദ്രൻ ഈണം നല്‍കിയ രണ്ട് മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്ന് ശ്രേയ ഘോഷാലും വിഡിയോയിലൂടെ പറയുന്നുണ്ട്. ന്യൂജനറേഷൻ യുഗത്തിലും മെലഡിയുടെ മനോഹാരിത കൈവിടാത്ത എം ജയചന്ദ്രൻ ഈണം നൽകിയ എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മതത്തെ അവഗണിച്ച് ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച കാഞ്ചനയുടേയും മൊയ്തീന്റേയും ജീവിതമാണ് എന്ന് നിന്റെ മൊയ്തീൻ. ഒരുമിച്ച ജീവിതം ആഗ്രഹിച്ചെങ്കിലും അവരുടെ വിധി മറ്റൊന്നായിരുന്നു. 1982 ജൂലൈ 15ന് പുഴയിൽ മുങ്ങി മരിച്ച മൊയ്തീന്റെ വിധവയായാണ് കാഞ്ചനമാല ഇന്നും ജീവിക്കുന്നത്. കാഞ്ചലമാലയുടേയും മൊയ്തീന്റേയും പ്രണയം ചലചിത്രമാകുമ്പോൾ പാർവ്വതി മേനോനും പൃഥ്വിരാജുമാണ് നായികാനായകന്മാരായി എത്തുന്നത്. കാഞ്ചനമാലയുടെ പ്രണയജീവിതം ആധാരമാക്കി ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററി ഒരുക്കിയ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ.

Ennu Ninte Moideen

പൃഥ്വിരാജും പാർവ്വതിയുമാണ് മൊയ്തീനും കാഞ്ചനമാലയുമായി എത്തുന്നത്. ഇവരെ കൂടാതെ ടോവിനോ തോമസ്, ബാല, സായ്കുമാർ, ശശി കുമാർ, ലെന, സുധീർ കരമന, ശിവജി ഗുരുവായൂർ, കലാരഞ്ജിനി, സുരഭി, സാനിയ അയ്യപ്പൻ, ഇന്ദ്രൻസ്, സിജ റോസ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനെ കൂടാതെ രമേശ് നാരായണനും ചിത്രത്തിലെ ഗാനത്തിന് ഈണം പകരുന്നുണ്ട്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ന്യൂടൺ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ്, ഡോ. സുരേഷ് കുമാർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.