പാട്ടെഴുതും ,പാടും, വേണമെങ്കിൽ അഭിനയിക്കും

പ്രേമം എന്ന ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത്... എന്ന പാട്ടാണിപ്പോൾ ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞൊഴുകുന്നത്. പാട്ടെഴുതിയ ശബരീഷ് വർമയും വഴി മാറി ഒഴുകുന്ന കൂട്ടത്തിലാണ്. അഭിനയമാണു താൽപര്യമെങ്കിലും വേണമെങ്കിൽ പാട്ടെഴുതുകയും പാടുകയും ചെയ്യും. നേരം എന്ന ചിത്രത്തിലെ ‘പിസ്‌ത’ ഗാനത്തിലൂടെയാണു ശബരീഷ് ശ്രദ്ധിക്കപ്പെടുന്നത്. പിസ്‌ത ഗാനം ജഗതി ശ്രീകുമാറിന്റെ സംഭാവനയാണെങ്കിലും അതിൽ വരികൾ എഴുതിച്ചേർക്കുകയും പാടുകയും ചെയ്‌തതു ശബരീഷായിരുന്നു. രാജേഷ് മുരുകേശനായിരുന്നു സംഗീതം.

ശബരീഷ് പ്രേമത്തിൽ ഏഴു പാട്ടുകൾ എഴുതുകയും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. നേരത്തിന്റെ തമിഴ് പതിപ്പിൽ ഫിലിം സ്‌കൂൾ അധ്യാപകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേമത്തിൽ നിവിന്റെ കൂട്ടുകാരനായി തുടക്കം മുതൽ ഒടുക്കം വരെ അഭിനയിച്ചതിന്റെ സന്തോഷത്തിലാണു ശബരീഷ്.

ചിത്രത്തിനു വേണ്ടി എഴുതിയ ആലുവ പുഴയുടെ, പതിവായി ഞാൻ, സീൻ കോണ്ട്ര തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം ഹിറ്റായി. ആദ്യ രണ്ടു ഗാനങ്ങൾ യുട്യൂബിലും സീൻ കോണ്ട്ര എഫ്‌എമ്മുകളിലുമാണ് റിലീസ് ചെയ്‌തത്. ആലുവ പുഴയുടെ തീരത്ത്, ആരോരുമില്ലാ നേരത്ത്... എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതു വിനീത് ശ്രീനിവാസനാണ്. ഇതിനകം അഞ്ചു ലക്ഷം പേർ വിഡിയോ കണ്ടു.

സംവിധായകൻ അൽഫോൻസ് പുത്രനൊപ്പം മാറമ്പളളി എംഇഎസ് കോളജിലാണു ശബരീഷും പഠിച്ചത്. ചെന്നൈയിൽ സൗണ്ട് എൻജിനീയറിങ്ങും വിഡിയോ എഡിറ്റിങ്ങും പഠിച്ചതും അൽഫോൻസിനൊപ്പം. പ്രേമം അതു കൊണ്ടു തന്നെ കൂട്ടുകാരുടെ ചിത്രമാണെന്നു ശബരീഷ് പറയുന്നു. നേരം ടീം വീണ്ടും ഒരുമിക്കുമ്പോൾ നസ്രിയക്കു പകരം പുതുമുഖം അനുപമ എന്ന ഏക മാറ്റമാണുള്ളത്. വിണൈ താണ്ടി വരുവായ, ജിഗർതണ്ട, സൂതും കാവും തുടങ്ങിയ സിനിമകളിൽ സൗണ്ട് റിക്കോർഡിങ്ങിലും സഹകരിച്ചിട്ടുണ്ട് പറവൂർ സ്വദേശിയായ ശബരീഷ്.