ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ...

പലതവണ തോന്നിയിട്ടുണ്ട്, അയാൾ സ്വന്തം ചേട്ടച്ഛൻ ആയിരുന്നെങ്കിലെന്ന്... 

അടുത്ത് നിന്നും അകലെ നിന്നും കണ്ടപ്പോഴൊക്കെ അയാളുടെ,  മീനാക്ഷിക്കുട്ടിയോടു അസൂയയും ദേഷ്യവും ഒക്കെ തോന്നിപ്പിച്ച സ്നേഹം. നിർബന്ധിച്ചാണെങ്കിൽ പോലും അയാളുടെ സ്നേഹത്തിലേക്ക് വന്നു കയറാൻ തോന്നാത്ത മീരയോട് ഈർഷ്യയും...പിന്നെയെപ്പൊഴോ തൊടിയിലൊക്കെയും ഒറ്റപ്പെട്ട ചേട്ടച്ഛൻ അലഞ്ഞു നടന്നത് കണ്ടപ്പോൾ, ദൂരെ മാറി നിന്നു ചിരിക്കണമെന്നു തോന്നിയത് അസൂയ കൊണ്ടാകണം. അയാൾക്ക്  അത് തന്നെ വരണമെന്ന് ഒരിക്കൽ തോന്നിയപ്പോഴായിരുന്നു ആ ചിരിമനസ്സിൽ നിന്നും ചാടിയത്. പവിത്രം എന്ന സിനിമ ഓർക്കുമ്പോൾ ആർക്കാണ് മോഹൻലാൽ അഭിനയിച്ച ചേട്ടച്ഛൻ എന്ന കഥാപാത്രത്തെ എളുപ്പത്തിൽ മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയുക? അനിയത്തിയ്ക്കു വേണ്ടി സ്വന്തം ജീവിതം പോലും കഴിഞ്ഞു പോയ വഴിയിൽ ഉപേക്ഷിച്ചവൻ... പ്രിയപ്പെട്ടവളെ വേണ്ടെന്നു വച്ചവൻ...

അപൂർവ്വ സുന്ദരങ്ങളായ ഗാനങ്ങളുടെ ഉടയോനാണ് ശരത്. കുറച്ചു സിനിമകൾക്ക് വേണ്ടി മാത്രമേ ശരത് സംഗീത സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിൽ പോലും ക്ലാസ്സിക്കൽ ശൈലിയിലുള്ള ഹൃദയം തൊട്ടു കടന്നു പോകുന്ന പോലെയുള്ള ഗാനങ്ങൾ ഒരിക്കൽ കേട്ടാൽ മറക്കാനാകില്ല. പവിത്രം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുപക്ഷെ സിനിമയുടെ വിജയത്തിന് പോലും കാരണമായിട്ടുണ്ടെങ്കിൽ അതിനു ആദ്യ കാരണം ശരത്തിന്റെ സംഗീതം തന്നെയാണ്. പക്ഷെ നല്ല സിനിമാ ഗാനങ്ങൾ ഉണ്ടാകണമെങ്കിൽ വരികളുടെ ഇഴ ചേരൽ അത്രമേൽ പ്രധാനമാണെന്ന് ഓ എൻ വിയ്ക്കല്ലാതെ മറ്റാർക്കറിയാൻ. ഒരു കാലത്തിന്റെ അടയാളപ്പെട്ട വരികളാണ് ഓ എൻ വിയുടേതെന്നു പറയാം. പവിത്രത്തിലെ വരികളുടെ ശാലീനത മുടിത്തുമ്പ് കെട്ടിയ നാടൻ സുന്ദരിയെ പോലെ കാഴ്ചയെയും കേൾവിയെയും മോഹിപ്പിക്കും.

"വാലിന്മേൽ പൂവും വാലിട്ടെഴുതി

വേൽമുനക്കണ്ണുമായ് 

വന്ന വേശക്കിളിമകളേ

സുഖമോ അമ്മക്കിളി തൻ

കുശലം തേടും അഴകേ

വരൂ നാവോറു പാടാൻ നീ

ഇനി വരും വിഷുനാൾ..."

വയസ്സേറെ ആയപ്പോൾ വീണ്ടുമൊരു വാർത്ത അമ്മയുടെ ചങ്കിടിപ്പിക്കുന്നതായിരുന്നു. മൂത്ത മകൻ വിവാഹം കഴിച്ചു അവനൊരു കുഞ്ഞു പിറക്കാത്തതിന്റെ സങ്കടങ്ങൾ നടക്കുന്നു, രണ്ടാമത്തെ മകൻ, ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനുള്ള സങ്കല്പങ്ങളുമായി നടക്കുന്നു, ആ വഴികളിലേക്ക് കാലം തെറ്റി പിറക്കാൻ പോകുന്ന ഒരു കുഞ്ഞു മുഖം ഓർത്തപ്പോൾ നാണക്കേട് തന്നെയാണ് 'അമ്മ ആദ്യം അറിഞ്ഞത്. പക്ഷെ ഇളയ മകന്റെ അമർത്തിയുള്ള കൈപ്പിടി... അത് നൽകിയ സാന്ത്വനം ഒട്ടും ചെറുതായിരുന്നില്ല. അങ്ങനെ അവൾ പിറന്നു, കാലം തെറ്റി പൂത്ത മന്ദാരം പോലെ... ഒരു കുഞ്ഞു മന്ദാരപ്പൂവ്.. ചേട്ടച്ഛന്റെ മീനാക്ഷി. എന്തിനായിരുന്നു അയാൾ മീനാക്ഷിയെ ഇങ്ങനെ സ്നേഹിച്ചത്? സ്വാർത്ഥതയുടെ ലോകത്ത് സ്വന്തം പ്രണയം പോലും ഉപേക്ഷിച്ച് അനിയത്തിയ്ക്കായി ജീവൻ കളഞ്ഞ സ്നേഹം... 

"താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര

മന്ദം മായും നൂപുരനാദം മാനസമോ ഘനശ്യാമായമാനം

താളമയഞ്ഞു ഗാനമപൂര്‍ണ്ണം തരളലയം താഴും രാഗധാര

മന്ദം മായും നൂപുരനാദം മാനസമോ ഘനശ്യാമായമാനം"

അമ്മയുടെ മരണത്തിനും അച്ഛൻറെ എങ്ങോട്ടെന്നില്ലാതെ യാത്രയ്ക്കുമൊടുവിൽ മീനാക്ഷിയെ കയ്യിലേക്ക് കിട്ടുമ്പോൾ അയാൾ ചേട്ടൻ അല്ല അച്ഛനായി പരിവർത്തപ്പെടുകയായിരുന്നു.    

മീനാക്ഷി ആദ്യമായി ചേട്ടച്ഛനെ കുറിച്ച് ഇങ്ങനെ കൂട്ടുകാരോട് പറഞ്ഞിരിക്കാം, 

"എനിക്ക് വേണ്ടിയാണ് എന്റെ ചേട്ടച്ഛൻ ഇങ്ങനെ ജീവിക്കുന്നത്..." പക്ഷെ അതെ മീനാക്ഷി വർഷങ്ങൾക്കിപ്പുറം പറഞ്ഞത്...

"ചേട്ടച്ഛൻ ഒരു ചുക്കും പറയണ്ട, ചേട്ടച്ഛൻ ആർക്കു വേണ്ടിയും ഒന്നും ചെയ്തിട്ടില്ല. ചേട്ടച്ഛൻ ജീവിച്ചത് ചേട്ടച്ഛന് വേണ്ടി തന്നെയാ ..." പ്രായത്തിന്റെ എടുത്തു ചട്ടങ്ങൾ... ഇഷ്ടങ്ങൾക്കെതിരെ നിൽക്കുമ്പോൾ അമ്മയാണോ അച്ഛനാണോ എന്ന് പോലും നോക്കാൻ കണ്ണുകൾ കാണില്ല . കണ്ണിനു മുന്നിൽ ഇരുട്ടിന്റെ ഒരു മറയുണ്ടാകും. 

"ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയി

സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ

നിൻ മൗനമോ പൂബാണമായ് നിൻ രാഗമോ ഭൂപാളമായ്

എൻ മുന്നിൽ നീ പുലർകന്യയായ്..."

ഒരിക്കൽ ചേട്ടച്ഛൻ മീര എന്ന പ്രിയപ്പെട്ടവളുടെ  അരികിലെത്തുമെന്നു എല്ലാവർക്കും അറിയാമായിരുന്നു . ആ വഴികളെന്നും അയാൾക്ക് മുന്നിൽ തുറന്നു കിടക്കുകയായിരുന്നെങ്കിലും മീനാക്ഷിയോടുള്ള സ്നേഹം അന്ധമാക്കിയ തലച്ചോറിന് മുന്നിൽ വർഷങ്ങളെത്രയായിയിട്ടും മീര വന്നതേയില്ല.  ഒരിക്കൽ ചേട്ടച്ഛൻ  അനിയത്തിയ്ക്കു വേണ്ടി മീരയെ ഉപേക്ഷിച്ചത് പോലെ വർഷങ്ങൾക്കു ശേഷമുള്ള ചേട്ടച്ഛന്റെ വിളിയിൽ അച്ഛന് വേണ്ടി അവർക്ക് വരാതെ ഇരിക്കണമായിരുന്നു. കിടപ്പിലായിപ്പോയ അച്ഛന് വേറെ ആരുണ്ട്! മീരക്കുട്ടിയല്ലാതെ! അന്ന് ആ തറവാട്ടിൽ നിന്നു അയാൾ പിന്തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നപ്പോൾ ഒപ്പമുണ്ടായിുന്നു ആ പഴയ പാട്ട്... പ്രണയകാലത്ത് മീരയോടൊപ്പം എത്രയോ വട്ടം പാടി നടന്ന ആ ഗാനം..

"കോവിലിൽ പുലർ‌വേളയിൽ ജയദേവഗീതാലാപനം

കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം

പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം

ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം

ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം..."

മീനാക്ഷി ഒരിക്കൽ തിരികെ വരുമെന്ന് തന്നെ ഉറച്ചു എല്ലാം നഷ്ടമായ ചേട്ടച്ഛൻ എത്ര ആണ്ടുകൾ പഴയ ഓർമകളിൽ തുടർന്നിട്ടുണ്ടാകാം? ഉത്തരം അറിയുന്നത് അവൾക്കാണ്, മീനാക്ഷിയ്ക്ക്... തെറ്റ് മനസ്സിലാക്കി അവൾ തിരികെയെത്തുമ്പോഴേക്കും അവൾ തീരുമാനിച്ചിരുന്നല്ലോ, ചേട്ടച്ഛന്റെ ഒപ്പമാണ് ഇനിയുള്ള തന്റെ ജീവിതമെന്ന്...!!!