50 കൊല്ലം പിന്നിട്ടിട്ടും മറക്കാതെ ഈ രണ്ടു ഭക്തിഗാനങ്ങൾ!

അൻപതു വർഷമായി മലയാളി പാടിക്കൊണ്ടിരിക്കുന്ന രണ്ടു പ്രാർത്ഥനാ ഗാനങ്ങളുടെ കഥയാണിത്. പ്രശസ്ത ഗായിക എസ്.ജാനകി പാടിയ ‘താമരക്കുമ്പിളല്ലോ മമ ഹൃദയം...’ എന്ന ഗാനമാണ് അതിലൊന്ന്. എസ്.ജാനകിയും ബി.വസന്തയും ചേർന്നു പാടിയ ‘പാവനനാം ആട്ടിടയാ‍, പാത കാട്ടുക നാഥാ...’ എന്ന ക്രിസ്തീയ ഭക്തിഗാനമാണ് മറ്റൊന്ന്.

‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലേതാണ് രണ്ടു ഭക്തിഗാനങ്ങളും. തന്‍റെ തന്നെ നോവലിനെ ആസ്പദമാക്കി പാറപ്പുറം തിരക്കഥയും സംഭാഷണവും തയാറാക്കിയ സിനിമ പുറത്തിറങ്ങിയിട്ടു അര നൂറ്റാണ്ടും നോവൽ പ്രസിദ്ധീകരിച്ചിട്ട് അറുപതു വർഷവും തികയുന്നു.

പി.ഭാസ്കരൻ സംവിധാനം ചെയ്ത ഈ സിനിമ, കൊല്ലം ജനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായരാണ് നിർമിച്ചത്. സത്യൻ, മധു, തിക്കുറിശ്ശി, പി.ജെ.ആന്റണി,  അടൂര്‍ ഭാസി, കെ.ആര്‍.വിജയ, വിജയ നിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. കൊല്ലം പ്രതാപ് തിയറ്റേഴ്സ് വിതരണം ചെയ്ത ചിത്രം 1967 സെപ്റ്റംബറിലാണ് റിലീസ് ചെയ്തത്.

1963ൽ പുറത്തിറങ്ങിയ നിണമണിഞ്ഞ കാൽപ്പാടുകളിലാണ് മലയാളത്തിൽ ആദ്യമായി ഒരു പട്ടാളക്കഥ സിനിമയുടെ ഇതിവൃത്തമാവുന്നത്. തുടർന്നാണ് മിലിട്ടറി നഴ്സ് മുഖ്യകഥാപാത്രമായ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ പുറത്ത് വന്നത്. ഈ സിനിമയുടെ വൻ സാമ്പത്തിക വിജയമാണ് ‘നേഴ്സ്’ (1969), ‘വാർഡ് നമ്പർ 7’ (1979) മുതലായ സിനിമകൾക്ക് പ്രചോദനമായത്.

പി.ഭാസ്കരൻ-എം.എസ്‌.ബാബുരാജ്‌ ടീം തീർത്ത അഞ്ച് അനശ്വര ഗാനങ്ങളായിരുന്നു സിനിമയുടെ വിജയത്തിലെ മുഖ്യഘടകം. ഭാസ്കരൻ മാഷ് രചിച്ച് പുകഴേന്തി ഈണമിട്ട ‘ലോകം മുഴുവൻ സുഖം പകരാനായ്, സ്നേഹദീപമേ മിഴി തുറക്കൂ...’ എന്ന ഗാനത്തോടൊപ്പം ചേർത്തു വയ്ക്കാവുന്നതാണ് ഈ രണ്ടു പ്രാര്ത്ഥനാ ഗാനങ്ങളും. ‘ഇന്നലെ മയങ്ങുമ്പോള്‍...’ (യേശുദാസ്), ‘മുറിവാലന്‍ കുരങ്ങച്ചൻ...’ (എസ്.ജാനകി), ‘കവിളത്തെ കണ്ണീർ കണ്ടു...’ (എസ്.ജാനകി) എന്നിവയായിരുന്നു ചിത്രത്തിലെ മറ്റു ഗാനങ്ങൾ.

താമരക്കുമ്പിളല്ലോ മമ ഹൃദയം...

ഒരു പെൺകുട്ടി പാടുന്ന പ്രാർതഥനാ ഗാനമാണിത്. താതന്‍ എന്നത് ബൈബിളിലെ പിതാവേ എന്ന വിളി തന്നെ. ‘കാനനശലഭത്തിന്‍ കണ്ഠത്തിൽ വാസന്തകാകളി നിറച്ചവനും നിത്യസുന്ദരമായ ഭൂലോകവാടിയിലെ ഉദ്യാനപാലകനുമായ താതൻ പൂവനത്തിൽ വിരിഞ്ഞ പൂമണമില്ലാത്ത, പൂന്തേനുമില്ലാത്ത ഈ പാതിരാപ്പൂവിനെ പൂജയ്ക്കു കൈക്കൊള്ളുക‘ എന്നതാണ് 12 വരികളിൽ ഭാസ്കരൻ മാഷൊരുക്കുന്ന ആശയപ്രപഞ്ചം.

താമരക്കുമ്പിളല്ലോ മമഹൃദയം - ഇതിൽ 

താതാ നീ സംഗീത മധുപകരൂ

എങ്ങനെയെടുക്കും ഞാൻ  

എങ്ങനെയൊഴുക്കും ഞാൻ 

എങ്ങനെ നിന്നാജ്ഞ നിറവേറ്റും

ദേവാ - ദേവാ - ദേവാ...

ബീംപ്ലാസ് രാഗത്തിൽ എം.എസ്‌.ബാബുരാജ്‌ ചിട്ടപ്പെടുത്തിയ ഈ ഗാനം എസ്.ജാനകിയുടെ ആലാപനത്തിലെ അപൂർവതകളെ അനുഭവിപ്പിക്കുകയും കുട്ടികളുടേതടക്കം വിവിധ ശബ്ദങ്ങളിൽ പാടാനുള്ള ആലാപന വ്യാപ്തി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

എസ് ജാനകി പി ഭാസ്കരനു മുന്നിൽ അവസാനമായി ഈ ഗാനം പാടിയ വികാരനിർഭരമായ കഥ രവിമേനോൻ പൂർണേന്ദുമുഖി എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.  മാഷ് മറവിയുടെ അപ്പുറത്തു നിറംമങ്ങി കൂട്ടിച്ചേർക്കാനാവാത്ത ഓർമ്മത്തുണ്ടുകൾക്കിടയിൽ. ജാനകിയെ കണ്ടപ്പോൾ ഒന്നുമറിയാത്ത കൊച്ചുകുഞ്ഞിനെപ്പോലെ പറഞ്ഞത്രേ, "ഞാനീ മുഖം മുമ്പ് കണ്ടിട്ടേ ഇല്ല".  മുഖം മറന്നാലും ശബ്ദം മറക്കാനാവുമോ എന്നു ആരോ പറഞ്ഞപ്പോൾ മാഷ് ഹൃദയം കൊണ്ടെഴുതിയ പാട്ടുകൾ പ്രിയ ഗായിക ഒന്നൊന്നായി പാടി,  “തളിരിട്ട കിനാക്കൾ തൻ ...” പാട്ടുവഴിയി ലെവിടെയോ മാഷും അറിയാതെ കൂടെക്കൂടി, “പൂനുള്ളി പൂനുള്ളി കൈവിരൽ  കുഴഞ്ഞെല്ലോ...” പിന്നെയും പാടിയപ്പോൾ ഓർമ്മ തിരിച്ചു കിട്ടിയപോലെ മാഷ്‌ കൂടെപ്പാടി, “താമരക്കൂമ്പിളല്ലോ മമ ഹൃദയം ...” ഒടുവിൽ കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ മാഷ് പറഞ്ഞു, "ഇതൊക്കെ ആരുടെ പാട്ടുകളാ, അസ്സലായിട്ടുണ്ട്."

കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് സീരിയൽ ഷൂട്ടിങ്ങിനിടയിലെ ഒഴിവുസമയത്തു ഭ്രാന്താശുപത്രിയിൽ മനോരോഗികളുടെ ലോകം ചുറ്റിനടന്നപ്പോൾ ഈ പാട്ടു കേട്ട വായിച്ചതും വായിച്ചത് ഓർക്കുന്നു. ഏകാന്ത തടവറയുടെ ജാലകപ്പടിയിൽ കയറിയിരുന്ന് മധുരമായ ശബ്ദത്തിൽ ഒരു യുവതി ഈ പാട്ടുപാടുകയാണ്. വാർഡൻ സഹതാപത്തോടെ ഇങ്ങനെ പറഞ്ഞുവത്രെ: ‘ഭർത്താവിനോടു വഴക്കിട്ട് സമനിലതെറ്റി ഉറങ്ങിക്കിടന്ന സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വാക്കത്തിക്കു കണ്ടം തുണ്ടം വെട്ടിയരിഞ്ഞു കൊന്നു. ഇവിടെ എത്തിയിട്ടു നാലു ദിവസമായി. പാട്ട് ഇഷ്ടമായെന്നു പറഞ്ഞപ്പോൾ അവൾ പാട്ടു തുടർന്നു, ‘താമര കുമ്പിളല്ലോ മമ ഹൃദയം’.

പാവനനാം ആട്ടിടയാ... 

ക്രിസ്തീയ ഭക്തിഗാനത്തിന്റെ മികച്ച മാതൃകയാണ് എസ്.ജാനകിയും വസന്തയും ചേർന്നുപാടിയ ‘പാവനനാം ആട്ടിടയാ‍...’ എന്ന ഗാനം. സിനിമാഗാനമാണ് എന്നറിയാതെ കുട്ടിക്കാലത്തു സന്ധ്യാപ്രാർത്ഥനക്കു മുൻപും സണ്‍ഡേ സ്കൂൾ പാട്ടുമത്സരങ്ങളിലും പാടിയിരുന്ന പാട്ട്.

രണ്ടു ഗായികമാർ ചേർന്നു പാടുന്ന സംഘഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ ബാബുരാജ് കാട്ടാറുള്ള മികവ് ‘കൂട്ടിനിളംകിളി…’ (പി.ലീല-എ.പി.കോമള, ലൈലാ മജ്‌നു, 1962), ‘പൂവേ നല്ല പൂവേ…’ (ശാന്ത പി.നായർ-ജിക്കി, പാലാട്ടു കോമൻ, 1962), ‘അപ്പം വേണം അട വേണം…’ (പി.ലീല-ശാന്ത പി.നായർ, തച്ചോളി ഒതേനൻ,1964), ‘കണ്ണൊന്നു തുറക്കൂ ദീപങ്ങളേ…’ (ലീല-ജാനകി, പ്രിയ,1970) തുടങ്ങി ഒട്ടനവധി ഗാനങ്ങളിൽ കേട്ടതാണ്. ആ മികവ് ഈ ഗാനത്തിലും ആവർത്തിക്കുന്നു.

പാവനനാം ആട്ടിടയാ‍

പാത കാട്ടുക നാഥാ

പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ 

ദേവാ നിൻ‌ തിരുസന്നിധിയിൽ ...

ബൈബിളിലെ 23–ാം സങ്കീർത്തനമാണ് പി.ഭാസ്കരൻ ഗാനരചനക്കു ആശ്രയിച്ച മൂല്യമൊഴികൾ. സങ്കീർത്തനത്തിലെ ഇടയനായ യഹോവ തന്നെയാണ് പാത കാട്ടുന്ന പാവനനാം ആട്ടിടയൻ. മുന്നിലിരിക്കുന്ന അന്നം അവന്റെ സമ്മാനമെന്നും പാനപാത്രത്തിൽ നിറയുന്നത് അവൻന്റെ കാരുണ്യജീവനമാണെന്നും കവി പറയുന്നതും ഇതേ സങ്കീർത്തനത്തിൽ വായിക്കാം. യഹോവ കിടത്തുന്നതായി ഭാസ്കരൻ മാഷ് പറയുന്ന ശീതള താഴ്‌വരകൾ പച്ചയായ പുൽപ്പുറങ്ങളിൽ എന്നെ കിടത്തുന്നു എന്ന ദാവീദിന്‍റെ വാക്യങ്ങളുടെ വളർച്ചയാണ്. എന്റെ പ്രാണനെ തണുപ്പിക്കുന്നു എന്നാണ് സങ്കീർത്തകന്റെ വാക്കുകളെങ്കിൽ പ്രാണനിൽ കുളിരേകുന്നുവെന്നാക്കി ഭാസ്കരൻ മാഷ്.

1963ല്‍ കടുത്ത ആസ്‌തമ ബാധിച്ചശേഷം ജാനകിയമ്മയ്ക്കു മുൻപു പാടിയപോലെ പാടാനായിട്ടില്ല. അതിനുശേഷമാണ് ‘വാസന്ത പഞ്ചമി നാളിൽ...’ (ഭാര്‍ഗ്ഗവീ നിലയം, 1964) ‘സൂര്യകാന്തീ..സൂര്യകാന്തീ…’ (കാട്ടുതുളസി, 1965) ‘മണിമുകിലെ...’ (കടത്തുകാരൻ, 1965) ‘കവിളത്ത് കണ്ണീര്‍ കണ്ടു...’ (അന്വേഷിച്ചു കണ്ടെത്തിയില്ല,, 1967), ‘അവിടുന്നെൻ ഗാനം കേള്‍ക്കാൻ...’, ‘എന്‍ പ്രാണ നായകനെ…’ (പരീക്ഷ, 1967), ‘താനേ തിരിഞ്ഞും മറിഞ്ഞും...’ (അമ്പലപ്രാവ്, 1970), ‘ഇന്നലെ നീയൊരു...’ (സ്ത്രീ, 1970) തുടങ്ങി മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങൾക്കൊപ്പം ‘താമരക്കുമ്പിളല്ലോ മമ ഹൃദയം...’, ‘പാവനനാം ആട്ടിടയാ...’ എന്നിവയും ജാനകിയമ്മ ആലപിച്ചത്‌.

ജാനകിയമ്മയുടെ ആർദ്രത നിറയുന്ന ആലാപനത്തിന്റെ ആത്മസത്ത ഇരു ഗാനങ്ങളും അനുഭവിപ്പിക്കുന്നുണ്ട്. ഭക്തി, സ്തുതി, അനുതാപം, സമർപ്പണം, യാചന എന്നിവയാണ് ഈ ഭക്തിഗാനങ്ങൾ പകരുന്ന ഭാവങ്ങൾ.