Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലേഖ പാടി, പക്ഷെ കാസെറ്റിൽ പാട്ട് ചിത്രയുടേതായി ! കരിയർ ബ്രേക്കാവേണ്ട പാട്ട് കരിയറിനു ബ്രേക്കിട്ടപ്പോൾ

chitra-lekha കെ.എസ്. ചിത്ര(ഇടത്), ലേഖ ആർ. നായർ (വലത്)

ഒരു പേര്...പേരിൽ തന്നെയാണ് എല്ലാം, പേരിലൂടെ വരേണ്ട പെരുമയും ജീവിതവും പേരില്ലാതെ വഴിമുട്ടി നിൽക്കുമ്പോൾ  വേദനയും നിരാശയും മാത്രം ബാക്കിയാകും. അതും കിട്ടിയ പാട്ടുകളുടെ എണ്ണത്തേക്കാളും പാടിയ പാട്ടുകളുടെ സ്വീകാര്യത  പ്രധാനമാകുമ്പോൾ. അത്തരം കഥകൾ ഒരുപാടുണ്ടെങ്കിലും ഇവിടെ രണ്ടു പേരുകൾ ഓർമപ്പെടുത്തുകയാണ്.

മമ്മൂട്ടിയും ശോഭനയും ദിലീപും ശാലിനിയും കേന്ദ്രകഥാപാത്രങ്ങളായി 1997 ൽ പുറത്തിറങ്ങിയ അനിൽ ബാബു ചിത്രമാണ് 'കളിയൂഞ്ഞാൽ'. ചിത്രത്തിന്റെ വിജയത്തിൽ ഗാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഈ ചിത്രത്തിനായി ഇളയരാജ ഈണമിട്ട ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു–( മണിക്കുട്ടിക്കുറുമ്പുള്ള..., വർണവൃന്ദാവനം... എന്നീ ഗാനങ്ങള്‍ ഇന്നും ഹിറ്റുകളായി തുടരുന്നു.) ഇതിൽ 'വർണവൃന്ദാവനം' റേഡിയോയിലും ടിവിയിലും സൂപ്പർ ഹിറ്റായി മാറിയപ്പോൾ ഗായികയാരെന്ന കാര്യത്തിൽ ഒരു സംശയം ബാക്കിയായി. കാരണം ചിത്രത്തിന്റെ ആദ്യമിറങ്ങിയ ഓഡിയോ കസെറ്റുകളിൽ ഗായികയുടെ പേരിന്റെ ഭാഗം ശൂന്യമായിരുന്നു. പിന്നീടിറങ്ങിയ കസെറ്റുകളിലും സിഡികളിലും  ഈ ഗാനം ചിത്രയുടേതായി രേഖപ്പെടുത്തുകയും വിദേശ രാജ്യങ്ങളിൽ ചിത്രയുടെ പ്രശസ്ത ഗാനങ്ങൾ  അടങ്ങിയ സിഡിയിൽ ഈ ഗാനം ഇടം നേടുകയും ചെയ്തു.

lekha ലേഖ ആർ. നായർ

യഥാർത്ഥത്തിൽ ഈ ഗാനം പാടിയത് ലേഖ ആർ. നായർ എന്ന ഗായികയാണ്. ജി. ദേവരാജന്റെ സംഗീതത്തിൽ 'യമനം' എന്ന ചിത്രത്തിൽ പാടി 1991-ൽ മലയാള പിന്നണി ഗാനരംഗത്ത് അരങ്ങേറിയ ലേഖ 'എന്റെ പൊന്നു തമ്പുരാൻ' എന്ന സിനിമയിൽ യേശുദാസിനൊപ്പം പാടിയ 'മാഘമാസം മല്ലികപ്പൂ കോർക്കും' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി മാറി. അക്കാലത്ത് സംഗീത വിദ്യാർഥിനിയായിരുന്ന ലേഖ പിന്നീട് ചെന്നൈയിലെത്തുകയും ഇളയരാജയുടെ സംഗീതത്തിൽ 'രാസാമകനി'ൽ പാടി തമിഴിൽ തുടക്കം കുറിക്കുകയും ചെയ്തു.  'കോലങ്കൾ', 'മക്കൾ ആട്ചി', 'പുതുപ്പട്ടി പൊന്നുതായി' തുടങ്ങി ശ്രദ്ധേയമായ കുറേ ചിത്രങ്ങളിലും പാടി.

kaliyoonjal

അക്കാലത്ത് തന്നെ മലയാളത്തിൽ 'പണ്ടുപണ്ടൊരു രാജകുമാരി', 'തൂവൽക്കൊട്ടാരം', 'മൈ ഡിയർ കുട്ടിച്ചാത്തൻ' (1997) തുടങ്ങിയ സിനിമകളിൽ പാടി മുൻനിരയിലേക്ക് വരുമ്പോഴാണ് 'വർണവൃന്ദാവനം' എന്ന ഹിറ്റ് ഗാനം പാടുന്നത്. ചിത്രത്തിന്റെ ടൈറ്റിലിലും  കസെറ്റിലും പേരില്ലാതെ വന്നത് ലേഖയെ വല്ലാതെ വേദനിപ്പിക്കുയും നിരാശപ്പെടുത്തുകയും ചെയ്തു. കരിയർ ബ്രേക്ക് എന്ന് കരുതപ്പെടേണ്ട ഗാനം ലേഖയുടെ കരിയറിൽതന്നെ ഒരു ബ്രേക്കിട്ടതുപോലെയായി മാറി. പിന്നീട് 2002-ൽ  'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ ലേഖ 'സ്വപാനം', 'പോപ്കോൺ', 'ഓർക്കുട്ട് ഒരു ഓർമക്കൂട്ട്' എന്നിങ്ങനെ ഏതാനം സിനിമകളിലും പാടി. സംഗീതാധ്യാപനവും ആലാപനവുമായി ജീവിതം മുന്നോട്ടുപോകുമ്പോഴും പല ചാനലുകളിലും റേഡിയോകളിലും  'വർണവൃന്ദാവനം' കേൾക്കാറുണ്ട് ലേഖ, പാടിയത് ചിത്ര എന്നപേരിൽ..

ഗായകൻ കെ.ജെ. ജീമോന്റെ  കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല. സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ബന്ധുകൂടിയായ ജീമോൻ 1979 മുതൽ മദ്രാസിലെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ  സജീവസാന്നിധ്യമായിരുന്നു. 'മറഞ്ഞിരുന്നാലും', 'മിഴിയോരം നനഞ്ഞൊഴുകും', 'ഉണ്ണീ  വാവാവോ' എന്നിങ്ങനെ നിരവധി പാട്ടുകൾക്ക് ട്രാക്ക് പാടിയത് ജീമോനായിരുന്നു. എത്ര നന്നായി പാടിയാലും ട്രാക്ക് ഗായകനായി കരിയർ തുടങ്ങിയാൽ അവരുടെ ആലാപനത്തിന്  സംഗീതസംവിധായകരോ നിർമാതാക്കളോ വില കൊടുക്കാറില്ലെന്നാണ് സത്യം. കഴിവും ഭാഗ്യവും സമാസമം സമയത്തുണ്ടാകേണ്ട സംഗീതരംഗത്ത് അവസാനം വരെ ട്രാക്ക് ഗായകരായി ജീവിച്ച നിരവധി പേരുണ്ട്. എങ്കിലും സ്വന്തം ശബ്ദത്തിൽ പുറത്തുവരുന്ന ഗാനശകലങ്ങളിലെങ്കിലും ഒരു ക്രെഡിറ്റ് കിട്ടാതിരിക്കുന്നത് സങ്കടകരമായി ജീമോൻ തിരിച്ചറിയുന്നത് 2002–ൽ  'ഗ്രാമഫോൺ' എന്ന ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങിയപ്പോഴാണ്. 

geemon കെ.ജെ. ജീമോൻ

വിദ്യാസാഗർ ഈണമിട്ട് ജയചന്ദ്രൻ പാടുന്ന 'എന്തേ ഇന്നും വന്നീല' എന്ന ഗാനത്തിൽ  'മയ്യണിക്കണ്ണിന്റെ' എന്നു തുടങ്ങുന്ന ജീമോൻ പാടിയ വിരുത്തം  ഗാനത്തോളം തന്നെ പ്രശസ്തമാണ്. പക്ഷേ കസെറ്റിലും സിഡിയിലും  ഗായകൻ എരഞ്ഞോളി മൂസയുടെ പേര് ജയചന്ദ്രന്റെ പേരിനൊപ്പം ചേർത്തിരിക്കുന്നതിനാൽ അദ്ദഹമാണ് ആ ഭാഗം പാടിയിരിക്കുന്നതെന്ന് ആസ്വാദകർ തെറ്റിദ്ധരിച്ചു. എരഞ്ഞോളി മൂസ ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.   ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ കാണിക്കുന്ന ഗായകരുടെ  പട്ടികയിൽ  ജീമോന്റെ പേരില്ലെങ്കിലും എരഞ്ഞോളി മൂസയുടെ പേരുണ്ട്. (കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഇളയരാജ സംഗീതം കൊടുത്ത 'ക്ളിന്റ്' എന്ന ചിത്രത്തിന്റെ സിഡിയിലും താൻ പാടിയ ഗാനത്തിന് ക്രെഡിറ്റ് കിട്ടാതെ പോയപ്പോഴേയ്ക്കും  ജീമോന് ഇതൊരു ശീലമായി കഴിഞ്ഞിരുന്നു.)

gramaphone

സ്ട്രെയിറ്റ് പാടാൻകിട്ടിയ അവസരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി ജീമോൻ കാണുന്നത് തമിഴിൽ ആദിത്യൻ സംഗീതംനൽകിയ 'റോജാ മലരേ' എന്ന  പടത്തിലെ 'റോജാമലരിൻ നേസം കൊണ്ട്' എന്ന സോളോയാണ്. 'ആഗതൻ', 'ദൈവത്തിന്റെ മകൻ', 'റോക്ക് ൻ റോൾ' എന്നിങ്ങനെ ചില ചിത്രങ്ങളിലെങ്കിലും സംഘഗായകരിൽ ഒരുവനായി തന്റെ പേര് കാണാൻ സാധിച്ചതിൽ ആശ്വാസം കണ്ടെത്തുകയാണ് ഈ ഗായകൻ. സ്വരം അരൂപമാണെങ്കിലും സ്വരദായകർ അരൂപികളല്ല, അവർ അറിയപ്പെടേണ്ടവർ തന്നെയാണ്.