തലമുറകൾക്കിപ്പുറം ലോകം പാടുന്നു; റാ റാ റാസ്പുടിന്‍....ദ ലവര്‍ ഓഫ് റഷ്യന്‍ ക്വീന്‍...!

ഇൗ ലോകകപ്പിലെ റാസ്പുടിന്‍ ആരായിരിക്കും. ലോകമെങ്ങുമുള്ള വനിതാ ആരാധകര്‍ ഇനിയും ഹൃദയം തുറന്നുപറയും, അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന്. റഷ്യയുടെ കള്ളക്കാമുകനായ റാസ്പുടിനുമായി ക്രിസ്റ്റ്യാനോയ്ക്ക് ഒരു ബന്ധവുമില്ല. ഹൃദയം കീഴടക്കാനുള്ള കഴിവ് ഒഴിച്ച്.

റാസ്പുടിന്‍ എന്ന നിരക്ഷരനായ, സ്വയം പ്രഖ്യാപിത ആള്‍ദൈവം സാര്‍ ഭരണകൂടത്തിലെ രാജ്‍ഞിമാരുടെ ഹൃദയമാണ് കവര്‍ന്നത്. സൈബീരിയയിലെ നിരക്ഷരരായ മാതാപിതാക്കളുടെ മകനായി ജനിച്ച ഗ്രിഗറി യെഫിമോവിച്ച് റാസ്പുടിന്‍. മോഷണം, കള്ളുകുടി അങ്ങനെ ഇല്ലാത്തതൊന്നുമില്ല. ശല്യം കലശലായപ്പോള്‍ അടുത്തുള്ള ഒരു മൊണാസ്ട്രിയിലാക്കി. നല്ല നടപ്പിന്. മാസങ്ങള്‍ക്കുശേഷം ഒരു ദിവ്യനായാണ് അവിടുന്ന് പുറത്തുവന്നത്. പതിയെപ്പതിയെ അദ്ദേഹത്തിന്‍റെ പ്രചാരമേറി.

സാര്‍ ഭരണത്തിലെ അവസാന ചക്രവര്‍ത്തി നിക്കോളാസ് രണ്ടാമന്‍ ആണ് അന്ന് റഷ്യയുടെ ഭരണം. കിരീടാവകാശിയായ മകന്‍ അലക്സിക്ക് ഗുരുതര ഹീമോഫീലിയ രോഗം. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നുള്ള അമ്മ അലക്സാണ്ട്രോയുടെ ജീന്‍ വഴിയെത്തിയ രോഗം. ചികില്‍സകള്‍ ഒന്നും ഫലിച്ചില്ല. രക്തം വാര്‍ന്നു വിവശനായ അലക്സിയെ ചികില്‍സിക്കാനാണ് 'സ്ഥലത്തെ പ്രധാന ദിവ്യനായ' റാസ്പുടിന്‍ കൊട്ടാരത്തിലെത്തുന്നത്. അത്ഭുതകരമെന്നോണം അലക്സി സുഖം പ്രാപിച്ചു. സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ റാസ്പുടിന്‍ ഒരു അനിവാര്യസാന്നിധ്യമായിത്തീര്‍ന്നു.

തെരുവിലെ മദ്യശാലകളിലും വേശ്യാഗൃഹങ്ങളിലുമെല്ലാം പതിവുകാരനായ റാസ്പുടിന്‍ എന്ന അരാജകവാദിയുടെ കൊട്ടാരത്തിലെ സ്വാധീനം റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ കണ്ണിലെ കരടായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല. ഒന്നാംലോക മഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ പോരാടാന്‍ നിക്കോളാസ് രണ്ടാമന്‍ പുറപ്പെട്ടസമയം അലസാന്ദ്രോയും റാസ്പുടിനും തമ്മിലുള്ള അടുപ്പം അന്ത:പുരവും കടന്ന് മോസ്കോയിലും സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലുമെല്ലാം സംസാരവിഷയമായി. സ്ത്രീകളെയെല്ലാം അനുരക്തനാക്കാന്‍ കഴിവുള്ള 'ഭ്രാന്തനായി സന്യാസി' ചക്രവര്‍ത്തിയുടെ അസാന്നിധ്യത്തില്‍ റഷ്യയുടെ ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെട്ടുതുടങ്ങി. 1916 ഡിസംബര്‍ 16ന് റാസ്പുടിന്‍ കൊല്ലപ്പെട്ടു. സാര്‍ രാജകുടുംബത്തിലെ ഫെലിക്സ് രാജകുമാരന്‍ വിഷം നല്‍കിയെന്നും പിന്നീട് വെടിവച്ചുകൊന്നുവെന്നുമാണ് അത്രയൊന്നും സ്ഥിരീകരിക്കപ്പെടാത്ത കഥകള്‍. ഏതായാലും തണുത്തുറഞ്ഞ നേവാനദിയില്‍ നിന്ന് കണ്ടെടുത്ത മൃതദേഹത്തില്‍ നാലു വെടിയുണ്ടകളുണ്ടായിരുന്നു. റാസ് പുടിന്‍റെ മരണത്തിനു തൊട്ടുപിന്നാലെ സാര്‍ ഭരണവും അവസാനിച്ചു.

ബ്രിട്ടീഷ് കുറ്റാന്വേഷകനായ റിച്ചാര്‍ഡ് കുള്ളനാണ് റഷ്യന്‍ സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍ നിന്ന് റാസ്പുടിന്‍റെ മരണം സംബന്ധിച്ച രേഖകള്‍ തപ്പിയെടുത്തത്. എന്നിട്ടും ലോകം കണ്ടതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മരണങ്ങളിലൊന്ന് ഇന്നും ദുരൂഹമായിത്തന്നെ തുടരുന്നു. റാസ്പുടിന്‍ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലെ യസുപോവ് പാലസ് ഇന്ന് സഞ്ചാരികളുടെ പ്രിയ ഇടമാണ്. റഷ്യയുടെ ഭ്രാന്തനായ സന്യാസിയുടെ ജീവിതം പിന്നീട് ലോകമൊട്ടാകെയുള്ള സംഗീതപ്രേമികള്‍ ഏറ്റുപാടുന്നതാണ് പിന്നീട് കണ്ടത്. ബോണി എം ട്രൂപ്പിലെ ബോബി ഫാരലാണ് എക്കാലത്തെയും ഹിറ്റ് ഗാനവുമായെത്തിയത്. 1978ല്‍.

തലമുറകള്‍ കടന്നുപോയി. 2018ലെ ലോകകപ്പ് കാണാന്‍ റഷ്യയിലെത്തിയവരും പാടുകയാണ്... റാ റാ റാസ്പുടിന്‍....ദ ലവര്‍ ഓഫ് റഷ്യന്‍ ക്വീന്‍...