Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം കഥ, പിന്നെ സംഗീതം; 'മേരിക്കുട്ടി'യുടെ സംഗീത സംവിധായകൻ പറയുന്നു

anand-madhusoothanan

മഞ്ഞില്‍ മൂടിയ പള്ളിപ്പെരുന്നാളിന്റെ ഓര്‍മകളിലേക്ക് കൈപിടിച്ചൊരു പാട്ടുണ്ട്. കേള്‍ക്കാന്‍ കൊതിക്കുന്ന ഈണങ്ങളെ അനുസ്മരിപ്പിച്ചു ആ ഗാനം. പാ.വയിലെ പൊടിമീശ മുളയ്ക്കണ കാലം...ഇടനെഞ്ചിലേക്കു കൂടുകൂട്ടിയ ആ പാട്ടോടു കൂടിയാണ് ആനന്ദ് മധുസൂദനന്‍ എന്ന പേര് ശ്രദ്ധിക്കപ്പെടുന്നത്. പ്രതിസന്ധികളെ അപ്പൂപ്പന്‍താടി പോലെ പാറിച്ചുവിട്ട്, പറന്നുയര്‍ന്ന മേരിക്കുട്ടിയുടെ കഥ പറഞ്ഞ ഞാന്‍ മേരിക്കുട്ടിയിലുമുള്ളത് അത്തരം ഗാനങ്ങള്‍ തന്നെ.  വീണ്ടും ഹിറ്റ് മേക്കര്‍ ആകുമ്പോള്‍ ആനന്ദ് മധുസൂദനന്‍ സംസാരിക്കുന്നു...

ചിന്തിച്ചിരുന്നില്ല മേരിക്കുട്ടിയെ കുറിച്ച്

ആദ്യ ചിത്രം മോളി ആന്റി റോക്കസ്് ആയിരുന്നു. രഞ്ജിത് ശങ്കര്‍ സാറിന്റെയായിരുന്നു ആ ചിത്രവും. അതു കഴിഞ്ഞ് അഞ്ചിലധികം ചിത്രങ്ങളില്‍ സംഗീതമൊരുക്കി. പാ.വ. എന്ന ചിത്രമായിരുന്നു കരിയര്‍ ബ്രേക് തന്നത്. അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതുകഴിഞ്ഞ് രഞ്ജിത് ശങ്കര്‍ സാറിന്റെ പ്രേതം, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നീ സിനിമകളിലായിരുന്നു സംഗീതം ചെയ്തത്. അതില്‍ പാട്ടുകള്‍ക്ക് അധികം പ്രാധാന്യമില്ലായിരുന്നു. പശ്ചാത്തല സംഗീതമായിരുന്നു അധികവും ചെയ്യാനുണ്ടായിരുന്നത്. ഈ ചിത്രത്തെ കുറിച്ച് കേട്ടിരുന്നുവെങ്കിലും ഇതിലെ സംഗീതം എനിക്ക് തന്നെ കിട്ടുമെന്ന് കരുതിയില്ല. കേള്‍ക്കുമ്പോഴേ നമുക്കൊരുപാട് ആകാംക്ഷയുണ്ടാക്കുന്ന വിഷയങ്ങളാണല്ലോ മിക്കപ്പോഴും രഞ്ജിത് ശങ്കര്‍ സാറിന്റേത്. ഒരു ദിവസം എന്നെ വിളിച്ചിട്ട് മേരിക്കുട്ടിയുടെ സ്‌ക്രിപ്റ്റ് അയച്ചിട്ടുണ്ട് വായിച്ചു നോക്കൂ എന്നു പറഞ്ഞു. സാധാരണ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചപ്പോഴോ അല്ലാത്തപ്പോഴോ അങ്ങനെ സ്‌ക്രിപ്റ്റ് തന്നിട്ടില്ല. എന്നിട്ടേ അതിനെ കുറിച്ച് സംസാരിക്കാനായി വിളിച്ചപ്പോഴാണ് ഇടയ്ക്ക് ഇതിലെ സംഗീതം നിനക്ക് ചെയ്തുകൂടേ എന്നു ചോദിച്ചത്. എപ്പോഴും തീര്‍ത്തും വ്യത്യസ്തമായൊരു കഥ കാണും അദ്ദേഹത്തിന്റെ ചിത്രത്തില്‍. അതിലെ കഥാപാത്രങ്ങള്‍ക്ക് സമൂഹത്തോട് അത്രയും പോസിറ്റീവ് ആയ എന്തെങ്കിലും പറയാനുമുണ്ടാകും. അതാണ് രഞ്ജിത് ശങ്കര്‍ ചിത്രങ്ങളുടെ പ്രത്യേകത. സംഗീതവും അപ്പോള്‍ അതുപോലെ തന്നെയാകണമല്ലോ. അത് മനസ്സില്‍ കരുതി ഒരുക്കിയതാണ് ഈ സംഗീതം. 

ചില കാര്യങ്ങള്‍ അങ്ങനെയാണ്...

ചില സിനിമകള്‍ക്ക് നാലും അഞ്ചും ട്യൂണുകള്‍ ചെയ്യുമ്പോഴാണ് ഓകെ ആകുക. മേരിക്കുട്ടിയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. ആദ്യം പാട്ടുകളുടെ കാര്യം തീരുമാനമൊന്നും ആയിരുന്നില്ല. ഷൂട്ടിങ് തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് അത്തരമൊരു കാര്യത്തെ കുറിച്ച് പറയുന്നത്. പാട്ടുകള്‍ കൂടാതെ കുറച്ചു ജിംഗിളുകള്‍ കൂടി വേണമായിരുന്നു. സാധാരണ ഇതെല്ലാം കൂടി ചെയ്തെടുക്കാന്‍ കുറേ ദിവസങ്ങള്‍ വേണ്ടി വരുമായിരുന്നു. പക്ഷേ ഇവിടെ കാര്യങ്ങള്‍ അങ്ങനെ ആയിരുന്നില്ല. നമ്മള്‍ പറയാറില്ലേ ചില കാര്യങ്ങള്‍ എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും വേഗം ചെയ്തെടുക്കാന്‍ സാധിക്കുമെന്ന്. അത് എങ്ങനെ സാധ്യമാകുന്നുവെന്നൊന്നും പറയാനാകില്ല. 

ഇവിടെയും അതുപോലെയായിരുന്നു. ഞാനും രഞ്ജിത് ശങ്കര്‍ സാറും പാട്ടുകള്‍ എങ്ങനെ വേണമെന്ന് തീരുമാനിച്ച് അധികം വൈകാതെ തന്നെ ഓരോ ട്യൂണും ചെയ്ത് തീര്‍ക്കാനായി. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ജിംഗിളുകളെല്ലാം അങ്ങനെ പെട്ടെന്ന് മനസ്സില്‍ വന്നതാണ്. ആദ്യം നല്‍കിയ ട്യൂണുകള്‍ തന്നെ ഓകെ ആയി. ജീവിതത്തില്‍ അപൂര്‍വ്വമായേ ആദ്യം തന്നെ ചെയ്യുന്ന ട്യൂണുകള്‍,അതും അത്രയ്ക്കൊന്നും സമയമില്ലാത്ത സമയത്ത് ശരിയായി വരുള്ളൂ. എനിക്കങ്ങനെ സാധ്യമായത് ഈ ചിത്രത്തിലൂടെയാണ്. 

ഒരു കഥാപാത്രവും അത് എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതും വ്യക്തമായി മനസ്സിലാക്കിയാല്‍ സംഗീതം പെട്ടെന്ന് മനസ്സില്‍ വരും. മേരിക്കുട്ടിയുടെ കാര്യത്തില്‍ അതാണ് വര്‍ക്ക് ഔട്ട് ആയതെന്നു തോന്നുന്നു. ചിത്രത്തിലെ ജിംഗിളുകള്‍ അല്ലാത്ത പാട്ടുകള്‍ ചിത്രത്തിന്റെ ഷൂട്ടിനിടയിലാണ് ഞാനും ഗാനരചയിതാവ് സന്തോഷ് ചേട്ടനും കൂടി പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായ ശേഷമാണ് പാട്ടിന്റെ അവസാന ഘട്ടം പൂര്‍ത്തീകരിച്ചത്. 

ആഗ്രഹിച്ച പോലെ...

സന്തോഷേട്ടന്റെ വരികള്‍ വായിച്ചപ്പോഴെ ആ ഗാനം പഴമ നിഴലിക്കുന്ന സ്വരമുള്ളൊരു ഗായകനെ കൊണ്ടു പാടിക്കണം എന്നായിരുന്നു എന്റെ ചിന്ത. സന്തോഷ് ചേട്ടന് കുറേ ഗായകരുടെ പേര് പറഞ്ഞതില് എനിക്കേറ്റവും യോജ്യമായി തോന്നിയത് ബിജു നാരായണന്റേതാണ്. ദൂരെ ദൂരെ...എന്നു തുടങ്ങുന്ന ആ പാട്ടിലെ വരികള്‍ വായിച്ചപ്പോള്‍ പഴയ ബോംബെ രവി ഗാനങ്ങള്‍ കേള്‍ക്കുന്നൊരു സുഖം മനസ്സില്‍ വന്നു. അപ്പോള്‍ അതിനു ബിജു നാരായണന്‍ ചേട്ടന്റെ സ്വരം നന്നായി ഇണങ്ങുമെന്നു തോന്നി. അത്തരത്തിലുള്ള ഗാനങ്ങളാണല്ലോ അദ്ദേഹം നമുക്കധികവും പാടിത്തന്നിട്ടുള്ളത്. ആ ധാരണ തെറ്റിയില്ലെന്നു പാട്ട് പുറത്തു കേട്ടപ്പോള്‍ മനസ്സിലായി. പാട്ട് കേള്‍ക്കുമ്പോള്‍ തോന്നില്ലെങ്കിലും അതിന്റെ അനുപല്ലവി അല്‍പം ഉച്ചസ്ഥായിയില്‍ ഉള്ളതാണ്. അതൊക്കെ വളരെയധികം മനോഹരമായാണ് അദ്ദേഹം പാടിയത്. ബിജു ചേട്ടനോടൊപ്പം മുന്‍പ് റെക്കോഡിങുകളൊന്നും ചെയ്യാന്‍ സാധിക്കാത്തതിന്റെ ആശങ്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രന്‍ മാഷിനൊപ്പമൊക്കെ റെക്കോഡിങ് ചെയ്തിട്ടുള്ള ആളാണല്ലോ. പക്ഷേ അദ്ദേഹം വളരെ സന്തോഷവാനായിട്ടാണ് സ്റ്റുഡിയോയിലേക്കു വന്നത്. പാട്ട് പൂര്‍ത്തിയാക്കാന്‍ വേണ്ടി എത്ര സമയം വേണമെങ്കിലും ഞങ്ങള്‍ക്കൊപ്പമിരിക്കാന്‍ റെഡിയാണെന്നു പറഞ്ഞു. 

പാട്ട് പുറത്തിറങ്ങിയപ്പോള്‍ ബിജു നാരായണന്റെ തിരിച്ചു വരവ് എന്ന രീതിയിലാണ് അത് ആഘോഷിക്കപ്പെട്ടത്. അതായിരുന്നു ഏറ്റവും വലിയ സന്തോഷം. ഞാനൊക്കെ മലയാള സിനിമാ സംഗീത സംവിധായകരുടെ പുതിയ തലമുറയാണ്. പഴയ തലമുറയിലെ പ്രതിഭാധനരായ സംഗീത സംവിധായകരുടെ പാട്ടുകള്‍ പാടിയിട്ടുള്ള ഗായകനോടൊപ്പം വര്‍ഷങ്ങള്‍ക്കിപ്പുറം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിലൊന്നാണ് ആ ഗാനമെന്നും കേള്‍ക്കാനും സാധിച്ചതാണ് ഏറ്റവും വലിയ സന്തോഷം. 

അതുപോലെ ചിത്രത്തില്‍ മേരിക്കുട്ടി പാടുന്ന ജിംഗിളുകളും , ചെറുപുള്ളിയുടുപ്പിട്ട പൂമ്പാറ്റ, ഒരു കൊച്ചു കുമ്പിളെന്നാകിലും എന്നീ പാട്ടുകളും പെണ്‍സ്വരത്തില്‍ പാടിയത് നിധിന്‍.പി.കെ.എന്ന ഗായകനാണ്. എന്റെ അസിസ്റ്റന്റ് ആയി വര്‍ഷങ്ങളായി നില്‍ക്കുന്നയാളാണ്. ഉയരാന്‍ പടരാം എന്ന പാട്ടിലാണ് നിധിന്റെ യഥാര്‍ഥ സ്വരം വന്നത്. മേരിക്കുട്ടിയുടെ സ്വരം ഒരു മാറ്റത്തിന്റെ പാതയിലാണല്ലോ. അപ്പോള്‍ ആണ്‍-പെണ്‍ സ്വരങ്ങളുടെ ഛായ വേണമായിരുന്നു. നിധിനെ കൊണ്ടു പാടിച്ചപ്പോള്‍ അത് അനുയോജ്യമാകുകയും ചെയ്തു.

ജയസൂര്യ-രഞ്ജിത് ശങ്കര്‍ ചിത്രങ്ങള്‍ക്കാണല്ലോ അധികവും സംഗീതം...

അതെ. മലയാള സിനിമാ ലോകം കാത്തിരിക്കുന്ന സിനിമകളാണ് ആ കൂട്ടുകെട്ടില്‍. അതിലേക്ക് എന്നെ കൂടി ഉള്‍ക്കൊള്ളിച്ചത് വലിയ കാര്യമാണ്. ഈ ചിത്രത്തിന്റെ പാട്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലൊക്കെ ജയേട്ടന്‍ വിളിക്കുമായിരുന്നു. എന്തായി എന്നൊക്കെ ചോദിച്ചു കൊണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പറയും. പക്ഷേ ഒരിക്കലും നമ്മുടെ ജോലിയില്‍ ഇടപെടില്ല. ഇരുവരും അങ്ങനെ തന്നെയാണ്. പാട്ടിനെ സംബന്ധിച്ച് അവര്‍ക്കു തോന്നുന്ന കാര്യങ്ങള്‍ പറയും. പക്ഷേ നമുക്ക് നമ്മുടേതായൊരു വലിയ സ്പേസ് ഉണ്ടായിരിക്കും. 

തിരിച്ചറിയപ്പെടാന്‍ കാലമെടുക്കും...

മലയാളത്തിലാണെങ്കിലും ഒരുപാട് ഗായകരും സംഗീത സംവിധായകരമുമുണ്ട്. അപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കപ്പെടണമെങ്കിലോ തിരിച്ചറിയപ്പെടണമെങ്കിലോ കഷ്ടപ്പെടാതെ തരമില്ല. അതിന് കാലമെടുക്കും. ക്ഷമയോടെ കാത്തിരിക്കണം. ജയേട്ടന് ഇപ്പോള്‍ കുറേ പടങ്ങളിലായി വിജയത്തുടര്‍ച്ച കിട്ടുന്നത് അങ്ങനെ കഷ്ടപ്പെട്ടതു കൊണ്ടും ക്ഷമയോടെ കാത്തിരുന്നതു കൊണ്ടാണ്.സ്ട്രഗിള്‍ ചെയ്താലേ ഇവിടെ നില്‍ക്കാനാകൂ. നമ്മള്‍ വലിയൊരു ഹിറ്റ് മേക്കറായില്ലെങ്കിലും നമ്മളും നമ്മുടെ സംഗീതവും തിരിച്ചറിയപ്പെടുകയെന്നതിലാണ് കാര്യം. ആറു മാസത്തോളം ഒരു റേഡിയോ സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്നു. അത് ആ പ്രൊഫഷനോടുള്ള ഇഷ്ടം കൊണ്ടല്ല, സിനിമ എന്നും പറഞ്ഞ് ഇറങ്ങുമ്പോള്‍ കയ്യില്‍ പൈസ വേണമല്ലോ. അതിനു വേണ്ടിയായിരുന്നു. സംഗീത രംഗത്തേക്ക് വന്നിട്ട് ഒരിക്കല്‍ പോലും തിരികെ പോകണം എന്നു തോന്നിയിട്ടില്ല. ഇതിനിടയില്‍ പല അഭിമുഖങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ചിലതു കിട്ടിയിട്ടുമുണ്ട്. ജോലിക്കു വേണ്ടിയായിരുന്നില്ല. എനിക്ക് എന്നെ തന്നെ അപ്‌ഡേറ്റ് ചെയ്യിക്കാന്‍ വേണ്ടിയായിരുന്നു. ഇങ്ങനെയൊരു രംഗത്തു വന്നിട്ട് നിരാശപ്പെടുന്നതില്‍ അര്‍ഥമില്ല. ചിലപ്പോള്‍ നമുക്ക് നല്ല അവസരങ്ങള്‍ കിട്ടും, ചിലതു കിട്ടിയാലും നന്നായി വിനിയോഗിക്കാനാകില്ല. ചില പാട്ടുകള്‍ നന്നായാലും ശ്രദ്ധിക്കപ്പെടാതെ പോകും. അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ വമ്പന്‍ ഹിറ്റ് മേക്കര്‍ ആകണം എന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ പാട്ടുകള്‍ ഇഷ്ടമാകണം എന്നേയുള്ളൂ. നാലോ അഞ്ചോ പേരേ പാട്ട് ഇഷ്ടമായുള്ളൂ എന്നു പറഞ്ഞാലും ഞാന്‍ സന്തുഷ്ടനാകും. ദൂരെ ദൂരെ..പോലെ എല്ലാം ഹിറ്റ് ആകണമെന്നു ചിന്തിക്കുന്നത് അതിമോഹമല്ലേ. 

ഇന്നത്തെ കാലത്ത് എല്ലാവരും നിലനില്‍പിനും അവസരങ്ങള്‍ക്കും മറ്റും സ്വയം പ്രൊമോഷന്‍ ചെയ്യാറുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷേ ഞാന്‍ കരുതുന്നത് നല്ല വര്‍ക്കുകള്‍ക്കു മാത്രമേ അത്തരമൊരു കാര്യം സാധ്യമാക്കാനാകൂ എന്നാണ്. നമ്മുടെ സംഗീതം കേട്ട് ഇഷ്ടപ്പെട്ടാല്‍ അവര്‍ നമ്മളെ ഇങ്ങോട്ട് വിളിക്കും. അതാണ് ഏറ്റവും വലിയ കാര്യം, ചെയ്യുന്ന വര്‍ക്കുകള്‍ നല്ല രീതിയില്‍ ചെയ്യണം എന്നൊരു നിലപാട് എടുത്താല്‍ മാത്രം മതി ബാക്കിയെല്ലാം തനിയെ വന്നു കൊള്ളും. ഇപ്പോള്‍ ഈ അഭിമുഖത്തിനു തന്നെ വിളിച്ചത് എന്റെ പാട്ടുകളില്‍ എന്തോ നല്ലതുണ്ടെന്നു തോന്നിയിട്ടല്ലേ. അതുപോലെയാണ് എല്ലാം. പക്ഷേ ഈ നല്ല സംഗീതം എന്താണ് എന്നത് വലിയൊരു കണ്‍ഫ്യൂഷനുള്ള കാര്യമാണെന്നു മാത്രം. അത് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക.

 

ആദ്യ സിനിമ

സൗണ്ട് എഞ്ചിനീയറിങാണ് പഠിച്ചത്. പക്ഷേ സംഗീതം തന്നെയായിരുന്നു അന്നേ ഇഷ്ടം. അതുകൊണ്ടു തന്നെ കരിയര്‍ ആയി അതെടുക്കാന്‍ വേറെ സംശയമൊന്നും ഉണ്ടായിരുന്നില്ല. പരസ്യ രംഗത്തായിരുന്നു ആദ്യം. അവിടന്നു കിട്ടിയ കുറേ സൗഹൃദങ്ങളിലൊന്നായിരുന്നു ജവാന്‍ ഓഫ് വെള്ളിമലയുടെ സംവിധായകന്‍ അനൂപ് കണ്ണന്‍. അന്ന് രഞ്ജിത് സര്‍ അദ്ദേഹത്തിന്‍രെ ഒരു ചിത്രത്തിനു സംഗീതം ചെയ്യാന്‍ ആളെ തേടുകയായിരുന്നു. അങ്ങനെ അനൂപ് കണ്ണന്‍ പറഞ്ഞിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. ജസ്റ്റ് ഒന്നു കണ്ട് പരിചയപ്പെട്ട്, ട്രാക്ക് കേള്‍പ്പിക്കൂവെന്നു പറഞ്ഞു. സാറിന് ട്രാക്കുകള്‍ ഇഷ്ടമായി പുതിയ പ്രോജക്ട് വരുമ്പോള്‍ പറയാം എന്ന പറഞ്ഞു. അങ്ങനെയാണ് മോളി ആന്റി റോക്‌സില്‍ സംഗീത സംവിധായകന്‍ ആകുന്നത്. പക്ഷേ അന്ന് ഈ ചിത്രത്തിനു വേണ്ടിയായിരുന്നില്ല സംഗീത സംവിധായകനെ തേടിയത്. 

മൂന്നര വയസു മുതല്‍ക്കേ ചെണ്ട പഠിച്ചു തുടങ്ങി. ഇരിങ്ങാലക്കുടയിലെ ഉണ്ണായി വാര്യര്‍ സ്മാരക കേന്ദ്രത്തിലായിരുന്നു പഠനം. സംഗീതവുമായി ബന്ധപ്പെട്ട് നന്നായി പഠിച്ചിട്ടുള്ളത് ചെണ്ട മാത്രമാണ്. പണ്ടത്തെ ഒരു പരസ്യമില്ലേ, സക്കീര്‍ ഹുസൈന്‍ തബല വായിക്കുന്ന വാ താജ് എന്നൊരു പരസ്യ ചിത്രം. അത് കണ്ടുടുടങ്ങിയ ആഗ്രഹമാണ് സംഗീതത്തോട്. താളങ്ങളോടൊരു ക്രേസ്. തബല പഠിക്കണം എന്നായിരുന്നു ആഗ്രഹം. പക്ഷേ നമ്മുടെ നാട്ടില്‍ അന്ന് തബല അത്രയ്ക്ക് സജീവമല്ല പഠനരംഗത്ത്. അങ്ങനെയാണ് അച്ഛന്‍ ചെണ്ട പഠിക്കാന്‍ ചേര്‍ത്തത്. എന്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് സംഗീത രംഗത്ത് സജീവമായിട്ടുള്ളത്. 

പാട്ട് ഹിറ്റ് ആക്കാനുള്ള പെടാപ്പാട്

പ്രേക്ഷകര്‍ വളരെയധികം അപ്‌ഡേറ്റ്ഡ് ആയവരാണ്. എന്റെ ആദ്യ ഹിറ്റ് ഗാനം പൊടിമീശ മുളയ്ക്കണ കാലം എന്നതാണ്. പാ.വ. എന്ന ചിത്രത്തിലേതാണത്. ആ പാട്ടിന്റെ രംഗത്തു വലിയ ആര്‍ടിസ്റ്റുകളൊന്നുമില്ല. പ്രയാഗ മാര്‍ട്ടിന്‍ പിന്നീടാണ് വലിയൊരു താരമാകുന്നത്. അതുകൊണ്ട് എവിടെ വച്ചാണ് നമുക്കൊരു കരിയര്‍ ബ്രേക്ക് ഉണ്ടാകുക, വഴിത്തിരിവുണ്ടാകുക എന്നു പറയാനാകില്ല. ചില നല്ല പാട്ടുകള്‍ ചിത്രം ഹിറ്റ് ആകാതിരിക്കുക, പാട്ടിന്റെ രംഗം മോശമാകുക തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അത് വാസ്തവമാണ്. പക്ഷേ നമുക്ക് പ്രേക്ഷകരുടെ മനസ്സ് വായിച്ചെടുത്ത് അവര്‍ക്കിഷ്ടപ്പെടുന്ന പാട്ട് ചെയ്ത് ഹിറ്റ് ആക്കാനാകില്ല. കാരണം അവര്‍ നമ്മുടെ മലയാളം പാട്ടുകള്‍ മാത്രം കേള്‍ക്കുന്നവരല്ല. ലോക സംഗീതം കൈക്കുള്ളില്‍ കൊണ്ടു നടന്ന് ആസ്വദിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവരെ കുറിച്ച് എന്തെങ്കിലും മനസ്സില്‍ ചിന്തിച്ച് പാട്ട് ചെയ്യുന്നത് വളരെ അബദ്ധധാരണയാണ്. 

അതുകൊണ്ടു തന്നെ ഞാന്‍ സാധാരണക്കാരന് മനസ്സിലാകുന്ന, അവന്‍ ഏറ്റുപാടാന്‍ സാധ്യതയുള്ള പാട്ടുകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. ദൂരെ ദൂരെ എ്ന്ന പാട്ട് തുടങ്ങുന്ന നേരം ഒരു ഹമ്മിങ് ഉണ്ട്. അത് പാട്ടിന്റെ പല സ്ഥലത്തും ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് ഒട്ടും അറിയില്ലാത്ത ഒരുപാട് വിളിച്ചിട്ട് പാട്ടില്‍ ഏറെ ഇഷ്ടപ്പെട്ടത് ആ ഘടകം ആണെന്നു പറഞ്ഞു. ഇത്തരത്തിലുള്ള എലമെന്റുകള്‍ പാട്ടുകളില്‍ കൊണ്ടുവരാനാണ് ശ്രമിക്കാറുള്ളത്. അതാണ് ശ്രമം. ബാക്കിയെല്ലാം അതിന്റെ വഴിയില്‍ വരുന്നതാണ്. ആ എലമെന്റുകളാകും ആളുകള്‍ ഓര്‍ത്തിരിക്കുക. അത് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പാട്ട് ഓര്‍മ വരും. അത് അവര്‍ അടുത്ത തലമുറയോടു പറയും. പഴയ ഹിറ്റ് ഗാനങ്ങളൊക്കെ അങ്ങനെയാണല്ലോ. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളൊരു കോഫി ഷോപ്പിലോ മറ്റോ ഇരിക്കുമ്പോള്‍ നമ്മുടെ പാട്ടുകള്‍ ആളുകള്‍ തിരിച്ചറിയുന്നത് അറിയാനായാല്‍ അത്രയും മതി. അതാണ് വലിയ സന്തോഷം.

ഓര്‍ക്കസ്‌ട്രേഷന്റെ അതിപ്രസരം മൂലം വരികള്‍ കേള്‍ക്കാന്‍ കഴിയാതാകുന്ന ഒരു അവസ്ഥയുണ്. പഴയ പാട്ടുകളുടെ വരികളൊക്കെ നമുക്ക് ഓര്‍മയുണ്ടാകും. പക്ഷേ ഇന്നത്തെ പാട്ടുകളുടെ കാര്യം വരുമ്പോള്‍ അതുണ്ടാകാറില്ല. വരികള്‍ തിരിച്ചറിയാന്‍ കഴിയാത്തൊരു അവസ്ഥ ചില പാട്ടുകളിലെങ്കിലുമുണ്ട്. അതൊരു കുറ്റമായി പറഞ്ഞതല്ല. വരികളുടെ അര്‍ഥം മുഴുവന്‍ മനസ്സിലാക്കിയിട്ടൊന്നുമല്ലല്ലോ നമ്മള്‍ പാട്ടുകള്‍ ആസ്വദിക്കാറ്. പക്ഷേ വ്യക്തിപരമായി എന്റെ ഹിറ്റ് ഗാനങ്ങളുടെയെല്ലാം ആത്മാവ് വരികളിലും കൂടിയാണ് നിലകൊള്ളുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. പൊടി മീശ മുളയ്ക്കണ കാലം...എന്ന പാട്ടിലായാലും ദൂരെ ദൂരെയില്‍ ആയാലും വരികളുടെ ഭംഗിയാണ് ആ പാട്ടിന്‌റെ നിലനില്‍പ് എന്നാണു കരുതുന്നത്. ആ വരികള്‍ക്കാണ് സംഗീതത്തിലൂടെ നമ്മള്‍ വികാരം പകരുന്നത്. അതുകൊണ്ട് ഞാന്‍ വരികള്‍ക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നു. ഇതൊക്കെയാണ് ഒരു പാട്ട് ചെയ്യുമ്പോള്‍ നോക്കാറ്. അല്ലാതെ പ്രേക്ഷകരെ കുറിച്ച് ചിന്തിച്ച് ഒരു മുന്‍ധാരണയോടെ പാട്ട് ചെയ്യാറില്ല.

എന്തുതരം പാട്ടുകള്‍ ചെയ്യാനാണ് ആഗ്രഹം

അങ്ങനെ ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരമില്ല. കേള്‍ക്കുമ്പോള്‍ ആകാംക്ഷയുണ്ടാകുന്ന എല്ലാ സബ്ജക്ടുകളില്‍ പാട്ട് ചെയ്യാനാണ് ആഗ്രഹം. എങ്കിലും പൂര്‍ണമായും റൊമാന്റിക് ആയൊരു ഗാനം ഇതുവരെ ചെയ്തിട്ടില്ല. നൊസ്റ്റാള്‍ജിയായിരുന്നു പൊടിമീശ മുളയ്ക്കണ കാലത്തില്‍ കൂടുതലായും ഉണ്ടായിരുന്നത്. അതുകൊണ്ട് അത്തരമൊരു പാട്ട് ചെയ്യാനാണ് ആഗ്രഹം. 

സിനിമ എന്നത് വലിയൊരു മീഡിയം ആണ്. അതിന്‌റെ ഭാഗമായി നില്‍്ക്കുമ്പോള്‍ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കാനാകില്ല. കുറേ കൂടി ഓപ്പണ്‍ ആകണം. പ്രത്യേകിച്ച് നമ്മള്‍ പശ്ചാത്തല സംഗീതം കൂടി ചെയ്യുമ്പോള്‍. പലതരം സബ്ജക്ടുകള്‍ക്കാണ് പശ്ചാത്തലം ചെയ്യേണ്ടത്. അവിടെ ഞാന്‍ എനിക്കിഷ്ടമുള്ള സംഗീതം മാത്രമേ ഉപയോഗിക്കൂ എന്നു വാശിപിടിക്കാനാകില്ല. അതുപോലെ ഞാന്‍ എല്ലാത്തരം പാട്ടുകളും കേള്‍ക്കുന്നൊരാള്‍ കൂടിയാണ്.