കടലെടുത്ത ഗ്രാൻഡ് പിയാനോ

‘ടൈറ്റാനിക്കി’ നു സംഗീതം പകർന്ന ജയിംസ് ഹോണർ യാത്രയായി

ജൂൺ 22 ന് പുലർച്ചെവാർത്തകളിൽ നിറഞ്ഞ ഒറ്റ വരി തലക്കെട്ടിൽ സംഗീതലോകത്തിന്റെ മുഴുവൻ പാട്ടുസങ്കടമാണു വീർപ്പുമുട്ടിക്കിടന്നത്.

ആ വാർത്ത കണ്ണുനനയിച്ച ചിലരെങ്കിലും ജയിംസ് ഹോണറിനെ ലോകത്തിനു പ്രിയപ്പെട്ടവനാക്കിയ എവ് രി നൈറ്റ് ഇൻ മൈ ഡ്രീംസ്.. എന്ന വരികൾ ഒാർത്തുകാണും. ഹോണറിനെ മരണത്തിലേക്കും ഹോണർസംഗീതത്തെ നിത്യമൗനത്തിലേക്കും പിൻവിളിച്ച ആ കാലിഫോണിയൻ വിമാനാപകടവാർത്ത ചിലരെയെങ്കിലും ‘ടൈറ്റാനിക്’ എന്ന കപ്പല്‍ച്ചേതത്തിന്റെ കണ്ണീർക്കഥ ഒാർമ്മിപ്പിച്ചും കാണും. ഒടുക്കത്തിരമാലകളുെട മടിക്കുത്തിലേക്കു പ്രണയവും ഒാർമയും മറവിയും മരണവും പോലും തിരുകിവച്ച് ടൈറ്റാനിക്ക് കടലാഴത്തിലേക്കു കൺമറയുമ്പോഴും, തൊട്ടരികെ മരണം കാത്തുനിലക്കുന്നത് ആരെയും അറിയിക്കാതെ യാത്രക്കാർക്കു വേണ്ടി ഉച്ചത്തിലുച്ചത്തിൽ പാട്ടുപാടുന്ന, പിയാനോ വായിക്കുന്ന, ഗിറ്റാറിൽ വിരൽമീട്ടുന്ന, ബ്യൂഗിള്‍ വായിക്കുന്ന ആ കപ്പലിലെ ഗായകസംഘത്തെയും ഒാർമിച്ചുകാണും.

ജയിംസ് ഹോൺർ : ലോസാഞ്ചൽസിലെ ഒരു ജൂതകുടുംബത്തിലെ അഞ്ചുവയസ്സുകാരൻ പിയാനോയിൽ വിരൽത്താളമിട്ടു തുടങ്ങിയൊരു കുട്ടിക്കാലത്തിൽനിന്നു മുതിർന്നത് ലോകസംഗീതത്തിന്റെ നിത്യയുവത്വത്തിലേക്കാണ്. ലണ്ടനിലെ റോയൽ കോളജ് ഒാഫ് മ്യൂസിക്കിൽ നിന്ന് സംഗീതം പഠിച്ചിറങ്ങിയ ആ കൗമാരക്കാരന്റെ പിയാനോ പിന്നെയും പിന്നെയും ലോകത്തിനു വേണ്ടി പാടിക്കൊണ്ടേയിരുന്നു. സഹപാഠികൾക്കും പള്ളിഗായകസംഘത്തിലെ കൂട്ടുകാർക്കുമപ്പുറം ഹോണറിനു പുതിയ പുതിയ കേള്‍വിക്കാർ ഉണ്ടായിക്കൊണ്ടുമിരുന്നു. കടലിന്റെ കരയതിർത്തികൾക്കപ്പുറം ഹോണർ (ഇന്നും) പാട്ടുപാടിക്കൊണ്ടുമിരിക്കുന്നു.

ഒരിക്കൽ കേട്ട കാതുകളിലും, ഒരിക്കൽ പാടിയ ചുണ്ടുകളിലും അപ്പാട്ടുകളുടെയൊക്കെയും മധുരക്കൊതിപ്പാട് ബാക്കിയാകുന്നു.

1979 ലെ ദ് ലേഡി ഇൻ റെഡ് എന്ന ആദ്യ ചിത്രത്തിലൂടെ ഹോണർ ഹോളിവുഡിൽ പുതിയൊരു സ്വരജാതകമെഴുതുകയായിരുന്നു. ഏലിയൻസ്, ബ്രേവ് ഹാര്‍ട്ട്, അപ്പോളോ 13, എ ബ്യൂട്ടിഫൂൾ മൈൻഡ്, ടൈറ്റാനിക്ക്, അവതാർ, ദ് പെർഫെക്ട് സോങ് തുടങ്ങി നൂറോളം ചിത്രങ്ങളാണ് മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ ഹോണർ സംഗീതമൊരുക്കിയത്. ഒാസ്കറും ഗോള്‍ഡൺ ഗ്ലോബും ഉൾപ്പെടെ ലോകത്തിന്റെ അംഗീകാരങ്ങൾ എക്കാലത്തും തേടിവന്നുകൊണ്ടേയിരുന്നു ഹോണറിനെ. ഹോളിവുഡിനുവേണ്ടി മാത്രമല്ല മൈക്കൾ ജാക്സന്റേതുൾപ്പെടെ ഒട്ടേറേ സംഗീതപരിപാടികൾക്കും ഹോണർ ഇൗണങ്ങൾ ചിട്ടപ്പെടുത്തി. അടുത്താകാലത്ത് വീണ്ടും കേട്ടു, ദ് അമേസിങ് സ്പൈഡര്‍മാൻ , ദ് കരാട്ടേ കിഡ് എന്നീ ചിത്രങ്ങളിലൂടെ .

കാമറൂൺ ഇനി ഒറ്റയ്ക്ക് സ്വപ്നം കാണും

ഒടുവിലത്തെ പാട്ടു പാതി മൂളി നിർത്തി പടിയിറങ്ങിയ ജയിംസ് ഹോണറിനെ ഒാർത്തോർത്തു വിങ്ങുന്നവരിൽ മറ്റൊരു ജയിംസ് കൂടിയുണ്ട്. സാക്ഷാൽ, ജയിംസ് കാമറൂൺ. ഏലിയൻസ് എന്ന ആദ്യ ചിത്രത്തിൽ തുടങ്ങിയൊരു ചങ്ങാത്തകഥ പറയുമ്പോൾ അതു കേട്ടുപൂരിപ്പിക്കാൻ ഹോണർ ഇല്ലെന്ന സങ്കടം മാത്രമാണ് വിഖ്യാത സംവിധായകനായ കാമറൂണിന്.1980ൽ ആയിരുന്നു ആദ്യ കൂടികാഴ്ച. ബാറ്റിൽ ബിയോണ്ട് ദ് സ്റ്റാഴ്സ് എന്ന സയൻസ് ഫിക് ഷൻ സിനിമയുടെ ചിത്രീകരണത്തിനിടയില്‍. പിന്നീട് ഏലിയൻസ്, ടൈറ്റാനിക്ക്, അവതാർ....... കാമറൂൺ ലോകത്തിനു സമ്മാനിച്ച ദൃശ്യവിസ്മയങ്ങളിലെല്ലാം ഹോണറിന്റെ സംഗീതസാന്നിധ്യമുണ്ടായിരുന്നു. കാമറൂൺ സ്വപ്നം കണ്ടു തുടങ്ങിയ അവതാറിന്റെ തുടർചിത്രങ്ങളിലും ഹോണറിനു തന്നെയായിരുന്നു സംഗീതമൊരുക്കേണ്ട നിയോഗം പൂർത്തിയാക്കാനാകാതെ, വരാനിരിക്കുന്ന കാമറൂണ്‍ ചിത്രങ്ങളില്‍ ഒരു ഹോണർനിശ്ശബ്ദത അവശേഷിപ്പിച്ചുകൊണ്ടാണ് ലോകത്തിന്റെ പാട്ടുകാരൻ യാത്രയായത്.

ഹോണറിന്റെ മരണ വാർത്ത കേള്‍ക്കുമ്പോൾ കാമറൂണിനു മുന്നിൽ തെളിയുന്ന സങ്കടഫ്രെയിമുള്ള ഒാർമച്ചിത്രങ്ങളിൽ തീർച്ചയായും അവരുടെ ടൈറ്റാനിക്ക് കാലവുമുണ്ടായിരിക്കണം.

ഏലിയൻസിനു ശേഷമുള്ള പിണക്കങ്ങൾക്കും പരിഭവങ്ങൾക്കുമൊടുവിൽ ഹോണറും കാമറൂണും വീണ്ടും ഒരേ കൂട്ടുകെട്ടിന്റെ കപ്പലേറിയ കാലം... എന്നിട്ടും ചിലപ്പോഴൊക്കെ വീണ്ടും പിണങ്ങിയും പരിഭ്രമിച്ചും കലഹങ്ങളുടെ കടൽച്ചുഴിയിലേക്കു പതറിവീണ കാലം...1998ലെ ഒാസ്കറിൽ ആദ്യമായി മുത്തമിട്ടപ്പോഴും ഇരുവരും കൈകോർത്തു പിടിച്ചിരുന്നു. പിന്നീടങ്ങോട്ടും ഇൗ കൈകൾ വിട്ടുപിരിയാതിരിക്കാൻ.

എവ് രി നൈറ്റ് ഇൻ മൈ ഡ്രീംസ്

ടൈറ്റാനിക്കിനെ കുറിച്ചുള്ള ഒാർമകളുടെയൊക്കെയും തുടക്കം ഒടുക്കവും ഹോണർ ഒരുക്കിയ സംഗീതത്തിലാണ്. എവ് രി നൈറ്റ് ഇന്ഡ മൈ ഡ്രീസ്.. ജാക്കിനെ ഒാർത്തു റോസ് പാടുന്ന ആ ഇൗണം പിന്നീട് എത്രയെത്ര അനുരാഗികളുടെ കാത്തിരിപ്പിന്റെയും കരച്ചിലിന്റെയും കെട്ടിപ്പുണരലിന്റെയും താളമായി മാറി.

ആ സംഗീതം ആദ്യമായി കാതോര്‍ത്ത നിമിഷം കാമറൂൺ ഒരിക്കലും മറക്കില്ല. ഹോണർ തനിച്ചായിരുന്നു. ഒപ്പം, ഒരു പിയാനോ മാത്രം. തെല്ലുനേരത്തെ നിശ്ശബ്ദത.. അക്ഷമയുടെ അവസാനനിമിഷങ്ങൾക്കൊടുവിൽ മെല്ലെ ഹോണർ ആ പിയാനോയിൽ വിരൽ തൊട്ടു കാമറൂൺ കണ്ണുകളടച്ചു. കേട്ടു കഴിഞ്ഞപ്പോഴേക്കും കണ്ണു നിറഞ്ഞിരിക്കുന്നു.... ഹോണറിന്റെയും. ലോകം മുഴുവനുമുള്ള അനുരാഗികൾക്കുവേണ്ടിയുള്ള പ്രണയസംബോധനയാണ് ആ കേട്ടതെന്ന് അന്നു തോന്നിയിരുന്നില്ല ഹോണറിനും കാമറൂണിനും.

കാമറൂണിനൊപ്പമുള്ള ഒാരോ ചിത്രത്തിനുമിടയിൽ ഏകദേശം ഒരു പതിറ്റാണ്ടിന്റെ സമയദൂരമുണ്ടായിരുന്നു. എൺപതുകളിലായിരുന്നു ഏലിയൻസ്. തൊണ്ണൂറുകളുടെ പകുതിയിൽ ടൈറ്റാനിക്. 2008-09കളിൽ അവതാര്‍. അവതാരിനു വേണ്ടിയുള്ള സംഗീതമൊരുക്കുന്നതിനിടയിൽ വീണ്ടും ആ കൂട്ടുകാർ കലഹിച്ചു.

ഇതുവരെ കേൾക്കാത്തൊരു സംഗീതം... അതിനു വേണ്ടിയുള്ള അലച്ചിലുകൾക്കൊടുവിൽ ഹോണര്‍ തന്നെ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്, ‘ഒരു ദുഃസ്വപ്നം കാണും പോലെയായിരുന്നു ആ കാലം . എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മാത്രം മതിയെന്നു പോലും തോന്നി ’. എന്നിട്ടും ലോകത്തെ ദൃശ്യങ്ങൾ കൊണ്ടു വിസ്മയിപ്പിക്കുന്ന കാമറൂണിനെ ശബ്ദങ്ങൾകൊണ്ടു വിസ്മയിപ്പിക്കാൻ കാമറൂണിനെ ശബ്ദങ്ങൾ കൊണ്ടു വിസ്മയിപ്പിക്കുന്നതിൽ എക്കാലവും ഹോണര്‍ ജയിച്ചുകൊണ്ടേയിരുന്നു.