മലയാളിയുടെ വാനമ്പാടിയ്ക്ക് പിറന്നാൾ

ദശാബ്ദങ്ങളായി ആസ്വാദകരുടെ മനസിൽ കാതിൽ നേന്മഴ പൊഴിക്കുന്ന മലയാളിയുടെ വാനമ്പാടി കെ എസ് ചിത്രക്ക് ഇന്ന് 52-ാം പിറന്നാൾ. എത്ര കേട്ടാലും മതിവരാത്ത സ്വരവർണ്ണങ്ങൾ ചാലിച്ചെഴുതിയ ചിത്രയുടെ പാട്ടുകൾ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോഴും മലയാളി പെൺകൊടിയുടെ പ്രണയത്തിലും, പരിഭവത്തിലും, മാതൃത്വത്തിലുമെല്ലാം ചിത്ര, സംഗീതസൗരഭ്യം ചാർത്തുകയാണ്. മലയാളത്തിന്റെ അതിരുകൾ കടന്ന് ഹിന്ദിയിലും തമിഴിലും തന്റെ ശബ്ദത്തിലൂടെ ഏവരുടെയും മനം കവർന്ന ഈ ഗായിക ഏകദേശം പതിനയ്യാരത്തിൽ അധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

സംഗീതസാന്ദ്രമായ കുടുംബത്തിൽ അധ്യാപകദമ്പതികളായ കരമന കൃഷ്ണൻനായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലൈ 27നാണ് ചിത്ര ജനിക്കുന്നത്. ചിത്രയിലെ സംഗീത താല്പര്യം കണ്ടെത്തിയതും വളർത്തിയതും സംഗീതജ്ഞൻകൂടിയായ പിതാവ് കൃഷ്ണൻ നായർ ആയിരുന്നു. സംഗീതത്തിലെ ആദ്യ ഗുരുവും അച്ഛൻ തന്നെ. ചേച്ചി ബീനയെ മാവേലിക്കര പ്രഭാകരവർമ്മയും ഹരിഹരനുമൊക്കെ വീട്ടിൽവന്ന് സംഗീതം പഠിപ്പിക്കുമ്പോൾ അത് കേട്ട് പഠിച്ചാണ് കൊച്ചുചിത്ര സംഗീതത്തിന്റെ ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കുന്നത്. പിന്നീട് കേന്ദ്ര ഗവൺമെന്റിന്റെ കൾച്ചറൽ നാഷനൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പോടു കൂടി 1978 മുതൽ 1984 വരെ ഏഴുവർഷം പ്രശസ്ത സംഗീതാധ്യാപിക ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു.

സംഗീത സംവിധായകനാണ് എംജി രാധാകൃഷ്ണനായിരുന്ന ചിത്രയെ മലയാളിക്ക് സമ്മാനിച്ചത്. ചിത്ര ആദ്യ ഗാനം പാടിയത് 1979ലാണ്, അട്ടഹാസം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത് എന്നാൽ ആദ്യ പുറത്തുവന്ന ഗാനം 1982 ൽ പുറത്തു വന്ന ഞാൻ ഏകനാണ് എന്ന ചിത്രത്തിലേതാണ്. പിന്നീട് പത്മരാജൻ സംവിധാനം ചെയ്ത 'നവംബറിന്റെ നഷ്ടം' എന്ന ചിത്രത്തിൽ രാധാകൃഷ്ണന്റെ തന്നെ സംഗീതത്തിൽ അരുന്ധതിയുമൊത്ത് പാടിയ 'അരികിലോ അകലെയോ' എന്ന ഈ ഗാനം പാടി. 'ഞാൻ ഏകനാണ്' എന്ന ചിത്രത്തിലെ രജനീ... പറയൂ....., പ്രണയ വസന്തം തളിരണിയുമ്പോൾ.. എന്നീ ഗാനങ്ങൾ എം.ജി. രാധകൃഷ്ണന്റെ തന്നെ ഈണത്തിൽ ആലപിച്ചപ്പോൾ അന്ന് മലയാളചലച്ചിത്രഗാനങ്ങൾ പാടിയിരുന്ന അന്യഭാഷാ ഗായികമാരുടേതിൽനിന്ന് വ്യത്യസ്തമായ ഈ ലളിതസുന്ദരശബ്ദം മലയാളിയുടെ ഹൃദയത്തിലേയ്ക്ക് നിറയുകയായിരുന്നു.

ജെറി അമൽ ദേവിന്റെ സംഗീതത്തിൽ നോക്കത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിന് വേണ്ടി പാടിയ ആയിരം കണ്ണുമായി എന്ന ഗാനം പുറത്തിറങ്ങിയതുമുതലാണ് ചിത്ര എന്ന ഗായികയെ കൂടുതൽ പ്രശസ്തയായി തുടങ്ങുന്നത്. ആദ്യ പുരസ്‌കാരമായ ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ആ ഗാനത്തിലൂടെ ചിത്രക്ക് ലഭിച്ചു. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച നീ താനേ അന്നക്കുയിൽ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായി. 1986ൽ 'സിന്ധുഭൈരവി'യിലെ പാടറിയേൻ പടിപ്പറിയേൻ എന്ന ഗാനം ചിത്രയ്ക്ക് ആദ്യ ദേശീയ അവാർഡ് നേടിക്കൊടുത്തു.

ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ച ഗാനങ്ങൾ

പാടറിയേൻ പടിപ്പറിയേൻ... സിന്ധുഭൈവരി (1985)

മഞ്ഞൾ പ്രസാദവും... നഖക്ഷതങ്ങൾ (1986)

ഇന്ദുപുഷ്പം ചൂടി നിൽക്കു രാത്രി...വൈശാലി (1988)

ഊ ലലലാ.... മിൻസാര കനവ്( 1996)

പായലിയേ ചുൻമുൻ ചുൻമുൻ... വിരാസത്ത് ( 1997)

ഒവ്വൊരു പൂക്കളുമേ... ഓട്ടോഗ്രാഫ് (2004)

സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരം ലഭിച്ച ഗാനങ്ങൾ

ഒരേ സ്വരം ഒരേ നിറം.... എന്റെ കാണാക്കുയിൽ (1985)

പൂമാനമേ...നിറക്കൂട്ട്(1985)

ആയിരം കണ്ണുമായ്... നോക്കെത്താദൂരത്ത് കണ്ണും നട്ട് (1985)

മഞ്ഞൾ പ്രസാദവും... നഖക്ഷതങ്ങൾ (1986)

ഈണം മറന്ന കാറ്റേ... ഈണം മറന്ന കാറ്റ് (1987)

താലോലം പൈതൽ... എഴുതാപ്പുറങ്ങൾ (1987)

ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി... വൈശാലി (1989)

കളരിവിളക്ക്...ഒരു വടക്കൻ വീരഗാഥ (1989)

തങ്കത്തോണി.... മഴവിൽക്കാവടി (1989)

കണ്ണിൻ നിൻ മെയ്യിൽ... ഇന്നലെ (1990)

പാലപ്പൂവേ... ഞാൻ ഗന്ധർവ്വൻ (1990)

താരം വാൽക്കണ്ണാടി നോക്കി... കേളി (1991)

സ്വരകന്യകമാർ... സാന്ത്വനം(1991)

മൗനസരേവരം... സവിധം (1992)

പെൻ മേഘമേ... സോപാനം(1993)

രാജഹംസമേ... ചമയം(1993)

സംഗീതമേ.... ഗസൽ (1993)

പാർവ്വണേന്ദു... പരിണയം (1994)

ശശികല ചാർത്തിയ... ദേവരാഗം(1994)

പുലർ വെയിലും... അങ്ങനെ ഒരു അവധിക്കാലത്ത് (1995)

മൂളി മൂളി... തീർത്ഥാടനം (2001)

കാർമുകിൽ വർണ്ണന്റെ... നന്ദനം (2005)

മയങ്ങിപ്പോയി...നോട്ടം (2005)