ബോളിവുഡിന് നഷ്ടമായ നായകന്‍

ഹിന്ദി സിനിമയിൽ പാടി അഭിനയിക്കാൻ കോഴിക്കോട് അബ്ദുൽ ഖാദറിന് ക്ഷണം വന്നതാണ്. പ്രമുഖ നിർമാതാവായ മെഹബൂബ് ഖാനാണ് അബ്ദുൽ ഖാദറെ മുംബൈയ്ക്ക് ക്ഷണിച്ചത്. അവിടെ പോയി വോയ്സ് ടെസ്റ്റ് നടത്തി. അപ്പോഴാണ് ഇളയ മകൻ മരിച്ച വിവരം കോഴിക്കോട്ടു നിന്ന് അറിയിക്കുന്നത്. ഉടൻ നാട്ടിലേക്കു മടങ്ങിപ്പോരേണ്ടി വന്നു. അങ്ങനെ ഒരു സുവർണാവസരം കൈവിട്ടുപോയി. അബ്ദുൽ ഖാദറിന്റെ ട്രൂപ്പിൽ ഹാർമോണിസ്റ്റായിരുന്ന എം.ഹരിദാസ് അദ്ദേഹത്തിനു നഷ്ടമായ അവസരം ഓർമിക്കുകയായിരുന്നു. ജീവിതത്തിലും ഗായകനെന്ന നിലയിലും ദൗർഭാഗ്യം നിഴലായി അബ്ദുൽ ഖാദറിനെ പിന്തുടർന്നിരുന്നു. മുംബൈയിൽ നിൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സൈഗാളിനു ശേഷം പാടി അഭിനയിക്കുന്ന സുന്ദരനായ നായകനെ ഹിന്ദി സിനിമകളിൽ കാണാമായിരുന്നു. ശരിയായ പുരുഷശബ്ദമെന്നാണ് അബ്ദുൽ ഖാദറിന്റെ ആലാപനത്തെ ഹരിദാസ് വിശേഷിപ്പിക്കുന്നത്.

അബ്ദുൽ ഖാദറിന്റെ മകൻ നജ്മലുമായുള്ള സുഹൃദ് ബന്ധമാണ് ഹരിദാസിനെ അദ്ദേഹത്തിന്റെ ട്രൂപ്പിലെത്തിച്ചത്. ഗാനമേളകളിലും കമ്യൂണിസ്റ്റ് പാർട്ടി യോഗങ്ങളിലും ഖാദറും നജ്മലും പാടും. ഗൾഫ് നാടുകളിൽ നടന്ന അബ്ദുൽ ഖാദറിന്റെ ഗാനമേളകളിൽ ഹരിദാസ് ഹാർമോണിയം വായിച്ചു.

മീഞ്ചന്ത വട്ടക്കിണർ സ്വദേശിയായ ഹരിദാസിന്റെ കുടുംബത്തിന് സംഗീത പാരമ്പര്യം അവകാശപ്പെടാനില്ല. കച്ചവടക്കാരനായ മാമ്പുള്ളി കുഞ്ഞുണ്ണിയുടെയും കല്യാണിയുടെയും മകനായി പിറന്ന ഹരിദാസിന് സംഗീത താൽപര്യമുണ്ടാകുന്നത് അച്ഛനുമൊപ്പം സിനിമയ്ക്ക് പോകുമ്പോൾ വാങ്ങുന്ന പാട്ടു പുസ്തകത്തിൽ നിന്നാണ്. ‘ഭക്തകുചേല’ സിനിമയുടെ പാട്ടു പുസ്തകം വാങ്ങി പാട്ടു പഠിച്ചു. നല്ലളം യുപി സ്കൂളിൽ പഠിക്കുമ്പോൾ ‘കരുണയാർന്ന ദേവ’ എന്ന ഗാനം പാടിയതാണ് ഓർമയിലുള്ള പഴയ പാട്ടുകാലം.

അന്ന് നാട്ടിലെല്ലാം കഷ്ടപ്പാടിന്റെ കാലമാണ്. മീഞ്ചന്തയിൽ സുഹൃത്ത്, കലാസാഗർ  കലാസമിതികളുണ്ട്. അവിടെ കലാകാരന്മാർ ഹാർമോണിയവുമായി മെഹഫിൽ നടത്തുന്നുണ്ടാവും. കൂട്ടത്തിൽ വിദ്യാർഥിയായ ഹരിദാസും പാട്ടുപാടും. സുഹൃത്ത് ക്ലബിലാണ് ആദ്യമായി ഹാർമോണിയം വായിച്ചത്. ഗുരുവായി ആരുമില്ല. മനസ്സിലുള്ള സംഗീതം വച്ച് കട്ടകളിൽ വിരലോടിച്ചപ്പോൾ ഹാർമോണിയം വഴങ്ങി. ക്രമേണ ഹാർമോണിസ്റ്റായി അറിയപ്പെട്ടു തുടങ്ങി. സംഗീതവുമായി നടന്നാൽ എങ്ങുമെത്തില്ലെന്ന അഭിപ്രായക്കാരായിരുന്നു അച്ഛനും വീട്ടിലുള്ളവരും. പക്ഷേ, ഹരിദാസിനു ഹാർമോണിയത്തെയും സംഗീതത്തെയും പിരിയാനാവില്ലെന്ന സ്ഥിതിയുമായിരുന്നു. ഹട്ടൻസ് ഓർക്കസ്ട്രയിലേക്ക് കലാകാരനായ പ്രഫ. രാജു ജോർജാണ് ഹരിദാസിനെ ക്ഷണിക്കുന്നത്. വയലിന്റെ വലിയ രൂപമായ ഡബിൾ ബാസ് വായിക്കുന്ന കലാകാരനായിരുന്നു പ്രഫ. രാജു ജോർജ്.

ആഫ്രിക്കൻ സംഗീത ഉപകരണമായ ‍ഡിക്കി തരംഗ് വായിക്കുന്ന ‍ഡിക്കി രാജനെയും കൂട്ടിയാണ് ഹട്ടൻസ് ഓർക്കസ്ട്രയിലേക്കു പോയത്. അങ്ങനെ ഹട്ടൻസ് ഓർക്കസ്ട്രയിൽ അംഗമായി. ഇതോടൊപ്പം എം.എസ്. ബാബുരാജിന്റെ ഗാനമേളാ സംഘത്തിലും പ്രവർത്തിച്ചു. തലശേരിയിൽ നടന്ന ബാബുരാജിന്റെ പരിപാടി കണ്ടക്ട് ചെയ്തത് ഹരിദാസാണ്. വരികൾ എഴുതിയ കടലാസ് എടുത്ത് ബാബുരാജ് ഹാർമോണിയത്തിൽ കൈവച്ചാൽ അപ്പോൾ ട്യൂൺ വരികയായി. ഒട്ടും താമസമില്ല. ഒരു പാട്ടിന് 12 ട്യൂൺ വരെ ഇട്ടിട്ടുണ്ട്. ചില പാട്ടുകളിൽ പല്ലവി, അനുപല്ലവി, ചരണം ഇവയ്ക്കെല്ലാം വെവ്വേറെ ട്യൂണുകളാണ്. ട്യൂണിനു പഞ്ഞമില്ലാത്ത അനശ്വര കലാകാരനെ ഹരിദാസ് ഓർമിക്കുന്നു.

എം.ഹരിദാസ്

ബാബുരാജിന്റെ ശബ്ദം അത്ര മാധുര്യമുള്ളതല്ല. പക്ഷേ, ബാബുരാജ് പാടുമ്പോഴുള്ള ‘ഫീൽ’ തരാൻ മറ്റു ഗായകർക്കാവില്ല. ഉയർന്ന പിച്ചിലെല്ലാം പാടി പാട്ടിന്റെ ആത്മാവിലേക്കു ബാബുരാജ് ആസ്വാദകരെ നയിക്കുന്നു. മദ്രാസിൽ സംഗീത സംവിധായകനായി വിലസുമ്പോഴും ബാബുരാജ് നാട്ടിൽ വരുമ്പോൾ തനി നാടനാണ്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് വൈകുന്നേരങ്ങളിൽ ക്രൗൺ തിയറ്ററിനടുത്തുണ്ടാകും. എല്ലാവരോടും സൗഹൃദമാണ്.

ഗാനമേളകളിലും കല്ല്യാണപ്പുരകളിലുമെല്ലാം ഹരിദാസ് ഹാർമോണിയവുമായി ബാബുരാജിന്റെ കൂടെയുണ്ടായിരുന്നു. കർക്കശക്കാരനും ചിട്ടക്കാരനുമായ ദേവരാജനൊപ്പവും ഹരിദാസ് പ്രവർത്തിച്ചു. മാധുരിയുടെ ഗാനമേളയ്ക്കായി അളകാപുരിയിൽ 15 ദിവസത്തെ റിഹേഴ്സലുണ്ടായിരുന്നു. സുകുമാരൻസ്  ഓർക്കസ്ട്രയിലെ അംഗങ്ങളായിരുന്നു ഉപകരണ സംഗീതക്കാർ.

ആവശ്യമില്ലാത്ത കടലാസ് പോലും ദേവരാജൻ കൃത്യമായി മടക്കിയാണ് മുറിച്ചിടുന്നത്. ചിലപ്പോൾ പാട്ടെഴുതിയ കടലാസായിരിക്കാം. വീണ്ടുവിചാരമുണ്ടായി ആ കടലാസ് വീണ്ടും ഉപയോഗിക്കണമെങ്കിൽ തുണ്ടുകൾ നിരത്തിവച്ചാൽ മതിയാകും. അത്ര കൃത്യമായി അളന്നതു പോലെയാണ് മുറിച്ചിടുക. 45 പാട്ടുകൾ 15 ദിവസത്തെ റിഹേഴ്സലിൽ പഠിച്ചു. ഒരു സീസണിലേക്കു വേണ്ട പാട്ടുകളാണ് ഇങ്ങനെ റിഹേഴ്സലുകളിൽ ഉറപ്പിച്ചെടുക്കുക.

ഹട്ടൻസിനു വേണ്ടി അക്വേഡിയൻ വാങ്ങാൻ ഗിറ്റാറിസ്റ്റ് പോൾ വിജയനും സലാമുമൊത്ത് ഹരിദാസ് മദ്രാസിലെത്തിയപ്പോൾ ദേവരാജന്റെ വീട്ടിൽ പോയി. സംഗീത സംവിധായകൻ ജോൺസൺ അപ്പോൾ അവിടെയുണ്ട്. മാധുരിയെ വീട്ടിൽ പോയി കണ്ടുകൊള്ളൂ എന്നു ദേവരാജൻ പറഞ്ഞതനുസരിച്ച് മൂവർ സംഘം മാധുരിയുടെ വീട്ടിലെത്തി. ദേവരാജൻ സംഗീതം കൊടുത്ത ‘ഇന്നെനിക്കു പൊട്ടുകുത്താൻ’ എന്ന ഗാനം റെക്കോർഡിങ്ങിനായി മാധുരി പാടിപ്പഠിക്കുകയായിരുന്നു അപ്പോൾ.

ഓരോ പാട്ടും പാടി ഉറപ്പിച്ച ശേഷമാണ് അന്നത്തെ റെക്കോർഡിങ്. പഴയകാലത്തെ ഓരോ പാട്ടിന്റ വിജയത്തിനു പിന്നിലും കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിയർപ്പുണ്ട്. ജോൺസൺ  സംഗീതം കൊടുത്ത ‘ഭൂതക്കണ്ണാടി’ സിനിമയ്ക്കായി ഹരിദാസ് ഹാർമോണിയം വായിച്ചു. കോഴിക്കോട്ടെ മ്യൂസിക്ക് സിറ്റി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. ‘ആറാം തമ്പുരാൻ’ സിനിമയിൽ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നത് ഹരിദാസിന്റെ ഹാർമോണിയം വായനയാണ്. പത്തു കൊല്ലം മുൻപുവരെ കോഴിക്കോട്ടെ സ്റ്റുഡിയോകൾ സജീവമായിരുന്നു. പല്ലവി, മ്യൂസിക് സിറ്റി, ഷൈൻ സ്റ്റുഡിയോകളിൽ മിക്ക ദിവസവും ഹരിദാസിനു റെക്കോർ‍ഡിങ് ഉണ്ടായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, എസ്.ജാനകി, പി.സുശീല, ഉദയഭാനു തുടങ്ങിയ പഴയ തലമുറ ഗായകരുടെ മാത്രമല്ല പുതിയ തലമുറ ഗായകരുടെ ഗാനമേളകളിലും കീബോർഡുമായി ഹരിദാസുണ്ട്.

ആകാശവാണിയിൽ ഓഡിഷൻ ജയിച്ച് കെ.രാഘവൻ, ജി.എസ്.ശ്രീകൃഷ്ണൻ, കുഞ്ഞിരാമ ഭാഗവതർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. സംഗമം, ചിരന്തന തുടങ്ങിയ നാടക സംഘങ്ങൾക്കൊപ്പവും ഹരിദാസുണ്ടായിരുന്നു. വി.എം.കുട്ടിയുടെ മാപ്പിളപ്പാട്ട് സംഘത്തിനൊപ്പം ഗൾഫ് പര്യടനം നടത്തി. മാപ്പിളപ്പാട്ടുകൾക്ക് ഈണം നൽകി. ‘ഇലാഹേ നീയൊരുക്കിയ സൗഭാഗ്യമത്രയും’ എന്നു തുടങ്ങുന്ന പാട്ടിനും, ‘സർവാധിനാഥാ, അല്ലാഹുവേ’ എന്ന് ആരംഭിക്കുന്ന പാട്ടിനും ഈണമിട്ടത് ഹരിദാസാണ്. ടിവികളിലെ മാപ്പിളപ്പാട്ട് പരിപാടികളിൽ ഹരിദാസ് സ്ഥിരം സാന്നിധ്യമാണ്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗിലും  ഡർബനിലും യേശുദാസ്–സുജാത ടീം ഒരു മാസം പരിപാടി അവതരിപ്പിച്ച സംഘത്തിൽ ഹരിദാസുമുണ്ടായിരുന്നു. 

അവിടെ ഹിന്ദി, തമിഴ് ഗാനങ്ങളാണ് യേശുദാസും സുജാതയും ആലപിച്ചത്. ചൈനാ സർക്കാരിന്റെ ക്ഷണപ്രകാരം 20 ദിവസം ചൈനയിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ചു. ജി.എസ്.ശ്രീകൃഷ്ണന്റെ പുത്രൻ പ്രശസ്ത പുല്ലാങ്കുഴൽ വായനക്കാരൻ ജി.എസ്.രാജന്റെ സംഘത്തിലാണ് ഗിറ്റാറിസ്റ്റ് ജോയ് വിൻസന്റിനും തബലിസ്റ്റ് സുമോദിനുമൊപ്പം അവിടെ ഫ്യൂഷൻ സംഗീതം അവതരിപ്പിച്ചത്. മുഹമ്മദ് അസ്‌ലമിന്റെ ട്രൂപ്പിനൊപ്പം ഓസ്ട്രേലിയയിലും ഗൾഫ് നാടുകളിലും ഇന്തൊനീഷ്യയിലും ഹരിദാസ് പര്യടനം നടത്തി. ഹരിദാസ്– ശോഭന ദമ്പതികൾക്ക് മൂന്നു മക്കളാണ്. സ്മിത, സിജിത്ത്, സുബിൻദാസ്. സിജിത്ത് അച്ഛന്റെ വഴി പിന്തുടർന്ന് വയലിനിസ്റ്റായി. സംഗീതം നിറഞ്ഞ മനസ്സും പരിപാടികളുമായി ഹരിദാസ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.