മധുരം ഗായതി ശ്രേയ...

മലയാളം പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റാത്തതും അധികം വഴങ്ങാത്തതുമായ ഭാഷയാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ശ്രേയാ ഘോഷാൽ കണ്ണോണ്ട് ചൊല്ലണ് പാടുന്നത് കേൾക്കുമ്പോൾ മധുരം ഗായതിയെന്ന് പാടിയകലുമ്പോൾ ശലഭമഴയെന്ന് പാടി മഴയോട് കൂട്ടുകൂടുന്നത് കേൾക്കുമ്പോൾ ഇത്തരം ചിന്തകൾക്കൽപം മങ്ങൽ വരുന്നില്ലേ. ഇവർക്കെങ്ങനെ ഇത്രയേറെ സുന്ദരമായി മലയാളം പാട്ടുകൾ പാടാൻ കഴിയുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ. ല, ര, ഴ, തുടങ്ങിയ അക്ഷരങ്ങളെ നാവിൽ ഇത്ര വഴക്കത്തോടെയിരുത്തുവാൻ കഴിയുന്നുവെന്ന് അത്ഭുതപ്പെട്ടിട്ടില്ല‌േ. ഈ ആലാപന ഭംഗിയാണ് ശ്രേയാ ഘോഷാലെന്ന ബംഗാളി ഗായികയെ മലയാളി കേൾക്കാൻ കൊതിക്കുന്ന പെൺസ്വരമാക്കിയത്. കെ എസ് ചിത്രയേയും സുജാതയേയും പോലെ നമ്മളുടെ പ്രിയ ഗായികയാക്കി മാറ്റിയത്.

ബിഗ് ബിയിലെ വിട പറയുകയാണോ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിലേക്ക് ശ്രേയ കടന്നുവരുന്നത്. മറുനാട്ടിൽ നിന്ന് മലയാളത്തിലേക്ക് പാടാൻ വന്ന മറ്റൊരു ഗായിക പോലെ. അൽഫോൺസ് ഈണമിട്ട പാട്ട് മനോഹരമായൊരു യുഗ്മഗാനമായിരുന്നു. ആദ്യ ഗാനത്തിലൂടെ തന്നെ നമ്മുടെ മനസിൽ പാട്ടുകളുടെ കൂടൊരുക്കാനും ശ്രേയയ്ക്ക് സാധിച്ചു.

ചുണ്ടോണ്ട് ചൊന്നത് , നെഞ്ചോണ്ട് കേക്കണ്

ഉച്ഛാരണത്തിലെ ചെറിയ പോരായ്മകൾ ആ ശബ്ദത്തിന്റെ ആഴവും ആലാപനത്തിലെ ഭംഗിയും കാരണം മാഞ്ഞേ പോയി. ഓരോ മലയാളം പാട്ട് പിന്നിടുമ്പോഴും മലയാളവും ശ്രേയയും കൂടുതൽ കൂടുതൽ അടുത്തു. ഏത് പാട്ടും ധൈര്യമായി ഏൽപ്പിക്കാമെന്നൊരു വിശ്വാസം മലയാളത്തിലെ സംഗീത സംവിധായകർക്കിടയിൽ സൃഷ്ടിക്കുവാനും അവർക്കായി.

ശ്രേയയുടെ ഏതെങ്കിലും പാട്ടു കേട്ടിട്ട് ഈ വരികൾക്ക് കുറച്ചു കൂടി ഭാവം നൽകി പാടാമായിരുന്നില്ലേയെന്ന സംശയം ആർക്കെങ്കിലും തോന്നുമെന്ന് കരുതാൻ വയ്യ. പാട്ടുകളോടുള്ള ശ്രേയയുടെ സമീപനത്തെ മലയാളത്തിലെ സംഗീത സംവിധാന നിരയ്ക്ക് പൂർണ സംതൃപ്തിയുമുണ്ട്. പലവേദികളിൽ അവർ അത് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ശ്രേയ ഇതിനോടകം പാടിക്കഴിഞ്ഞു. എല്ലാ ഭാഷയേയും ഇങ്ങനെ ആലാപനം കൊണ്ട് അവർക്ക് അതിശയിപ്പിക്കാനായി എന്നതും പറയണം. മറുനാട്ടുകാരിയാണ് പാടുന്നതെന്ന തോന്നൽ മലയാളികൾക്കെന്നല്ല ഇന്ത്യയിലെ മറ്റേത് ഭാഷയിലെ ജനങ്ങൾക്കും തോന്നില്ല ശ്രേയയുടെ പാട്ടു കേട്ടാൽ.

ബോളിവുഡിൽ തകർപ്പൻ പാട്ടുകൾ പാടിയിട്ടുള്ള ശ്രേയ മലയാളത്തിൽ നമുക്കായി ആലപിച്ചത് അധികവും മെലഡികളാണ്. ഓരോ വരിയുടെയും ആത്മാവ് തൊട്ട ആലാപനം. ഔസേപ്പച്ചൻ, വിദ്യാ സാഗർ എം ജയചന്ദ്രൻ, രമേശ് നാരായണൻ, ബിജിബാൽ, ഗോപീ സുന്ദർ തുടങ്ങി മലയാളത്തിലെ പ്രതിഭാധനരായ സംഗീത സംവിധായകരുടെ ഏറ്റവും മികച്ച ഗാനങ്ങൾ ശ്രേയയ്ക്ക് പാടാൻ കഴിഞ്ഞതിനും കാരണം മറ്റൊന്നല്ല.

മധുരം ഗായതി മീര...ബനാറസ് എന്ന ചിത്രത്തിൽ കടലിലെ തിരമാലകൾ പോലെ ഒഴുകിയകലുന്ന പോലെയാണ് എം ജയചന്ദ്രൻ ഈണമിട്ട ഈ പാട്ടിന്റെ ഈണവും വരികളും . ഈ ഒരൊറ്റ പാട്ടു മതിയാകും ശ്രേയയിലെ ഗായികയുടെ പൂർണതയറിയുവാൻ. അന്ന് ശ്രേയയെ മലയാളത്തിന് അധികം പരിചിതമായിട്ടില്ലെന്നോർക്കണം. പാട്ടിന്റെ വരികളും ഏറെ സങ്കീർണം എന്നിട്ടും ശ്രേയ അത് പാടിയത് കേൾക്കാൻ ഇന്നും ഏറെയിഷ്ടം. രതി നിർവേദത്തിലെ കണ്ണോരം ചിങ്കാരം...എന്ന പാട്ട് ഇതിലധികം മനോഹരമായി മറ്റാർക്കെങ്കിലും പാടാനാകുമോ? മലയാളിയല്ലാത്ത ശ്രേയയ്ക്ക് മലയാളത്തിലെ സംഗീത സംവിധായകർ അമിത പ്രാധാന്യം നൽകുന്നുവെന്ന വിമർശനങ്ങളുടെ വായടപ്പിക്കുവാൻ ഈ പാട്ടുകൾ ധാരാളം.

തറയിലേക്ക് വീണ മുത്തു പോലെ തുള്ളിക്കളിക്കുവാനും കടലാഴത്തിലെ തിരമാലയെ പോലെ മനസ് കീഴടക്കുവാനും പോന്ന ആലാപന വിസ്മയമാണ് ശ്രേയ. കണ്ണാന്തുമ്പിയേയും കാറ്റിനേയും വെണ്ണിലാവിനേയും കണ്ണോരം കണ്ടിരിക്കുന്ന പ്രണയത്തേയും ഉൾക്കൊള്ളുന്ന വരികൾ ശ്രേയ പാടുന്നത് കേൾക്കുമ്പോൾ ഒരു ചിത്രം നമ്മുടെ ഉള്ളിൽ തെളിഞ്ഞു വരും. ആ പാട്ടിന്റെ യാഥാർഥ്യ സ്വഭാവത്തെ നമുക്ക് അനുഭവിച്ചറിയുവാനുമാകും. കണ്ണിനിമ നീളേ..., കിഴക്കു പൂക്കും മുരിക്കിനെന്തൊരു, അനുരാഗ വിലോചനനായി, വെണ്ണിലവേ എന്നീ ഗാനങ്ങളിലൂടെ ശ്രേയയിലെ ശബ്ദത്തിലെ വ്യത്യസ്ത തലങ്ങളെ നമുക്ക് കൂടുതൽ അടുത്തറിയുവാനായി. എന്നു നിന്റെ മൊയ്തീനിലെ കണ്ണോണ്ടു ചൊല്ലണ്, കാത്തിരുന്നു കാത്തിരുന്നു എന്നീ ഗാനങ്ങളും എടുത്ത് പറയണം. ബനാറസ്, വീരപുത്രൻ, രതിനിർവേദം, ഹൗ ഓൾഡ് ആർ യൂ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് മൂന്നു പ്രാവശ്യം ശ്രേയയെ സംസ്ഥാന പുരസ്കാരം നൽകി കേരളം ആദരിച്ചിട്ടുണ്ട്.

ചലച്ചിത്രത്തിന്റെ പ്രമേയത്തിനനുസരിച്ച് ജനിക്കുന്ന പാട്ടുകളുടെ സ്വഭാവമെന്താണോ അതിലേക്കിറങ്ങിച്ചെന്നേ ശ്രേയ പാടാറുള്ളൂ. ഒരു െചറു മൂളലിൽ പോലും അത് വ്യക്തമാകും. കണ്ണോണ്ട് ചൊല്ലണ് എന്ന പാട്ട് കേട്ടാൽ അത് അടുത്തറിയാനുമാകും. കാറ്റിറമ്പിലൂടെയും പൂവരമ്പിലൂടെയും തന്റെ ശബ്ദത്തെ ഇത്രയേറെ മനോഹരമായി പായിക്കാൻ ശ്രേയയ്ക്ക് സാധിച്ചത് അറിയാത്ത ഭാഷയിലെ സാഹിത്യത്തോട് കാണിക്കുന്ന ബഹുമാനം കൊണ്ടാണ്. സംഗീത സംവിധായകന്റെ മനസറിയുവാൻ കാണിക്കുന്ന ക്ഷമയാണ്. ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും പാട്ട് പകർത്തിയെടുക്കും. പിന്നെ ഉച്ഛാരണം ശരിയാക്കാനുള്ള ശ്രമം. അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ പിന്നീട് വരികളുടെ അർഥമറിയുവാനുള്ള വിദ്യാര്‍ഥിനിയിലേക്ക്. ഓരോ പാട്ടു പാടാൻ ഇത്രയധികം സമയമെടുക്കുമ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം പാട്ടു പാടുന്ന ഗായികമാരിലൊളായി തുടരുവാന്‍ ശ്രേയയ്ക്ക് കഴിയുന്നുവെന്നത് മറ്റൊരു കാര്യവും.