മൈക്കൽ ജാക്സൺ ഇല്ലാത്ത 6 വർഷം

പോപ്പ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സൺ വിട പറഞ്ഞിട്ട് ആറ് വർഷം തികയുന്നു. ആരാധക ഹൃദയങ്ങളിൽ സംഗീതത്തിൻറെ ദ്രുതതാളം ബാക്കിയാക്കി ഇന്നും ജീവിക്കുകയാണ് മൈക്കൽ ജാക്സൺ. തൻറെ ആരാധകർക്ക് അവസാനമായി മികച്ച ഒരു സ്റ്റേജ് ഷോ എന്ന ലക്ഷ്യത്തിനായി തയ്യാറെടുക്കവെയാണ് ആറ് വർഷം മുൻപ് ജൂൺ 25ന് പുലർച്ചെ മൈക്കൽ ജാക്സൺ മരിച്ചെന്ന വാർത്ത ആരാധകരിലേക്ക് എത്തുന്നത്.

പതിനൊന്നാമത്തെ വയസ്സിൽ സഹോദരങ്ങളോടൊപ്പമാണ് മൈക്കൽ ജാക്സൺ സംഗീതലോകത്തേക്കെത്തുന്നത്. വംശീയാധിക്ഷേപത്തിൻറെ തടസ്സങ്ങൾ തകർത്തെത്തിയ ജാക്സണായി കാത്തിരുന്നത് പോപ്പ് സംഗീതത്തിൻറെ ലോകമായിരുന്നു. എൺപതുകളിൽ ഈ ആൽബത്തിലൂടെയാണ് മൈക്കൽ ജാക്സൺ ആരാധകരിലേക്കെത്തുന്നത്. പിന്നീടെത്തിയ ഓരോ ആൽബങ്ങളും നിലവിലെ എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞു.

എക്കാലത്തെയും മികച്ച പോപ്പ് താരമായ ജാക്സന്റെ 75 കോടി റിക്കോർഡുകളാണു വിറ്റഴിഞ്ഞത്. മറ്റൊരു ഗായകനും നേടാനാകാത്ത 13 ഗ്രാമി അവാർഡ് റെക്കോർഡുമുണ്ട്. മരണാനന്തരം ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കലാകാരൻ എന്ന പേരും മൈക്കൽ ജാക്സണ് സ്വന്തം. പാട്ടിൻറേയും ഡാൻസിൻറെയും അരങ്ങിൽ മൈക്കൽ ജാക്സൻ ഇന്നും മാതൃകയാണ്. അതുകൊണ്ടാവാം, ജാക്സനെ പോലെ നൃത്തം ചെയ്യാൻ ഇന്നും കുട്ടികൾ കൊതിക്കുന്നതും.